ന്യൂഡല്‍ഹി: പഹല്‍ഗാമിനെ രക്ഷക്കളമാക്കി 29 നിരപരാധികളെ കൊന്നൊടുക്കിയ കൊടുംഭീകരരുടെ ചിത്രം ആക്രമണം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടത്. നാല് ഭീകരരും ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്.

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനില്‍ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരില്‍ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തില്‍ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്‌സരണ്‍ വനമേഖലയില്‍ നാല് ഹെലികോപ്റ്ററുകളില്‍ സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.

അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്ര യില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്. നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മണിയോടെ ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അതിനിടെ, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷന്‍ ടിക്ക' എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം. എന്നാല്‍, മരണസംഖ്യ 29 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.