അടൂര്‍: സിപിഎമ്മിന്റെ കുട്ടികളുടെ പോഷക സംഘടനയായ ബാലസംഘത്തിന്റെ ഏകദിന ക്യാമ്പ് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ നടത്തണമെന്ന് ഏരിയ നേതാവിന്റെ പിടിവാശി വിജയിച്ചു. തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രഥമാധ്യാപിക വാക്കാല്‍ ക്യാമ്പിന് അനുമതി നല്‍കി. ചട്ടം ലംഘിച്ച് നടത്തുന്ന ക്യാമ്പിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തയാറെടുത്തു. വന്നാല്‍ കൈകാര്യംചെയ്യുമെന്ന് ഏരിയ നേതാവ്. എച്ച്.എമ്മിന് വേണ്ടി സഭാ നേതൃത്വം ഇടപെടുകയും വിവരമറിഞ്ഞ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ക്യാമ്പ് മാറ്റുകയും ചെയ്തു.

എല്‍പി സ്‌കൂളുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എന്തെങ്കിലും പരിപാടി നടത്തുന്നതിന് കര്‍ശന വിലക്കുണ്ട്. അങ്ങനെ ഇരിക്കേയാണ് സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുണ്ടപ്പള്ളി ഗവ.എല്‍പിഎസ് ബാലസംഘത്തിന്റെ ക്യാമ്പ് നടത്താന്‍ തെരഞ്ഞെടുത്തത്. ശിശുക്ഷേമ സമിതിയുടെ പരിപാടിയാണെന്നാണ് പ്രഥമാധ്യാപികയെ അറിയിച്ചത്. ഇതോടെ എച്ച്.എം വാക്കാല്‍ അനുമതി നല്‍കി. എന്നാല്‍, വിവരം അറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാര്‍ സ്‌കൂള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് കൊടുത്തതിനെതിരേ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു. എന്നാല്‍ നമുക്കൊരു കൈ നോക്കാമെന്ന വെല്ലുവിളിയാണ് ഏരിയാ നേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായത്.

ഇതിനിടെ സ്‌കൂളില്‍ ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയതിലൂടെ തന്റെ പണി പോകുമെന്ന് ഹെഡ്മിസ്ട്രസിന് മനസിലായി. എന്നാല്‍, സിപിഎം നേതാക്കളെ എതിര്‍ക്കാന്‍ പേടിയുമാണ്. എച്ച്എം കാലു പിടിച്ച് പറഞ്ഞിട്ടും ഏരിയാ നേതാവ് ക്യാമ്പ് മാറ്റിയില്ല. വിവരമറിഞ്ഞ സഭാ നേതൃത്വം എച്ച്.എമ്മിന് വേണ്ടി ഇടപെട്ടു. സിപിഎം ജില്ലാ നേതൃത്വത്തെ വിവരം അറിയിച്ചു. ജില്ലാ നേതൃത്വം ഇടപെട്ട് നടന്നു കൊണ്ടിരുന്ന പരിപാടി മാറ്റുകയായിരുന്നു. ഏരിയാ നേതാവിന് ഇത് വലിയ ക്ഷീണമായി. തനിക്ക് പറ്റിയ നാണക്കേട് മറയ്ക്കാന്‍ പുതിയ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കോണ്‍ഗ്രസ്, പോലീസ്, എച്ച്.എം കൂട്ടുകെട്ടാണ് പരിപാടി പൊളിച്ചതെന്നും ഇതിനെതിരേ എഇഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാനുമാണ് നീക്കമെന്നാണ് അറിയുന്നത്.