- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ആശങ്കള്‍ക്കിടെ മുതലെടുപ്പിന് വിമാന കമ്പനികള്‍; ശ്രീനഗര്‍ വിമാനത്താവളം യാത്രക്കാരെക്കൊണ്ട് നിറഞ്ഞതോടെ ശ്രീനഗര്‍-ഡല്‍ഹി വിമാനയാത്രാനിരക്ക് കൂടിയത് നാലിരട്ടിയോളം; നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശംനല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം; അധിക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ആശങ്കള്‍ക്കിടെ മുതലെടുപ്പിന് വിമാന കമ്പനികള്‍
ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. ശ്രീനഗര്‍ വിമാനത്താവളം യാത്രക്കാരെക്കൊണ്ട് നിറഞ്ഞതോടെയാണ് വിമാന കമ്പനികള്‍ മുതലെടുപ്പിന് ശ്രമിച്ചത്. നിരക്കില്‍ വന്‍ വര്‍ധന വന്നതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശംനല്‍കുകയായിരുന്നു. ടിക്കറ്റ് നിരക്ക് 65,000 രൂപവരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
യാത്രാനിരക്ക് സാധാരണ ഗതിയില്‍ത്തന്നെ നിലനിര്‍ത്തണമെന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നിരക്ക് ഏതാണ്ട് 14,000 രൂപയിലേക്ക് താഴ്ന്നു. ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ രണ്ട് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീനഗറില്‍നിന്ന് തിരിച്ചുപോകുന്നവരുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചത്. ഹൈവേകളില്‍ വാഹനക്കുരുക്ക് രൂക്ഷമാകുകയും വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികളേക്കൊണ്ട് നിറയുകയും ചെയ്തു. ഡല്‍ഹിയിലേക്കുള്ള ആളുകളുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. ഉയര്‍ന്ന നിരക്കുള്ള ടിക്കറ്റുകളുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ പലരും പങ്കുവെച്ചതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ധന വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
വ്യോമയാന മന്ത്രാലയം ഇടപെട്ടതോടെ ഡല്‍ഹിയിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ കൂടി ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ശ്രീനഗര്‍- ഡല്‍ഹി ടിക്കറ്റിന് 36,000 രൂപയായി പെട്ടെന്ന് ഉയരുകയായിരുന്നു. പിന്നീട് 65,000 രൂപവരെ ഉയര്‍ന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റുകള്‍ കിട്ടാതായി. എല്ലാ സര്‍വീസുകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയി. ശ്രീനഗറില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുവാന്‍ കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയിരുന്നു.
അതേ സമയം ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ക്ക് SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.
നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
രാജ്യത്തെ നടുക്കിയ കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികള്‍ അടക്കം നാല് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് വിവരം. ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. എന്നാല്‍, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര സഹകരണം അവസാനിപ്പിക്കുന്നതടക്കം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവിന്റെ അസം സന്ദര്‍ശനം മാറ്റിവെച്ചു. ഈയാഴ്ച അവസാനം നടക്കാനിരുന്ന സന്ദര്‍ശനമാണ് മാറ്റിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുപി കാണ്‍പൂര്‍ സന്ദര്‍ശനം റദ്ദാക്കി. നാളെയാണ് 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കാണ്‍പൂരിലെത്തേണ്ടിയിരുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവികള്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ തീരുമാനങ്ങള്‍ ക്യാബിനറ്റ് യോഗത്തില്‍ ഉണ്ടാകും. പോരാട്ടത്തിന് തയാറായിരിക്കാനും ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കാനും സായുധസേനകള്‍ക്ക് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. പ്രതിരോധമന്ത്രി വിളിച്ച യോഗത്തില്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും പങ്കെടുത്തു.