ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി പതിനായിരക്കണക്കിന് വിശ്വാസികളും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും എത്തുമ്പോള്‍ വത്തിക്കാന്റെ ചരിത്ത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുദ്ധവിമാനങ്ങളും മിസൈലുകളും അടക്കം സര്‍വ്വസന്നാഹങ്ങളും ഒരുക്കി തയ്യാറെടുത്തിരിക്കുകയാണ് റോം. വത്തിക്കാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണവും രഹസ്യവുമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപും വില്യം രാജകുമാരനും ഉള്‍പ്പെടെ 170 ഓളം വി.വി.ഐ.പികളാണ് ശനിയാഴ്ച നടക്കുന്ന സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തുന്നത്. രണ്ട് ലക്ഷത്തിലധികം വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അത് കൊണ്ട് തന്നെ സുരക്ഷാ ചുമതലയുള്ളവര്‍ വിവിധ തലങ്ങളിലായി വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഡ്രോണുകളെ നേരിടുന്നതിനായി ഭൂമിയിലും ആകാശത്തും വന്‍ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രോണുകളുടെ സഞ്ചാരപഥം ജാം ചെയ്യുന്നതിനും ഇറ്റാലിയന്‍ സൈന്യം ജാകരൂകരാണ്. നാറ്റോ സഖ്യത്തിന്റെ പോര്‍ വിമാനങ്ങള്‍ ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുവാദം ഇല്ലാത്ത നോ ഫ്ളൈ സോണിന്റെ ചുമതലയും ഇവര്‍ക്കായിരിക്കും.

ഇവിടെയുള്ള എല്ലാ കെട്ടിടങ്ങളുടേയും മുകളില്‍ തോക്കുധാരികളായ സൈനികര്‍ കാവല്‍ നില്‍ക്കുകയാണ്. സെന്റ് പീറ്റേഴ്സ് ബസ്ലിക്കയിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് ജനങ്ങളെ നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകള്‍ ഒരുക്കിയിട്ടുണ്ട്. വത്തിക്കാനില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കായി എണ്ണായിരത്തോളം പേരെ നിയോഗിച്ചതായി റോമിലെ പോലീസ് മേധാവി മാര്‍സെല്ലോ ഫുള്‍വി വ്യക്തമാക്കി. ഇതില്‍ രണ്ടായിരത്തോളം പേര്‍ യൂണിഫോം ധരിച്ചവരും മറ്റുള്ളവര്‍ മഫ്തിയിലും ആയിരിക്കും. വ്യോമാക്രമണ ഭീഷണി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയിട്ടുണ്ട്.

യാത്രാ വിമാനങ്ങള്‍ മുതല്‍ ഡ്രോണുകള്‍ക്ക് വരെ ഈ വിലക്ക് ബാധകമാണ്. നേരത്തേ അന്തരിച്ച മാര്‍പ്പാപ്പമാരെ സംസ്്ക്കരിച്ചിരുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസ്ലിക്കയിലാണ്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജീവിച്ചിരുന്ന സമയത്ത് നിര്‍ദ്ദേശിച്ചത് അനുസരിച്ച് അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുങ്ങുന്നത് വത്തിക്കാനിലെ സെന്റ് മേരി മേജര്‍ ബസ്ലിക്കയിലാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് ഇതിലൂടെ മാറ്റി മറിക്കുന്നത്. വത്തിക്കാന്റെ മതിലുകള്‍ക്ക് അപ്പുറത്ത് നടക്കുന്ന സംസ്‌ക്കാര ചടങ്ങിന് ഇപ്പോള്‍ വന്‍തോതിലുള്ള സുരക്ഷയാണ് ഒരുക്കേണ്ടി വന്നിരിക്കുന്നത്.

ഇക്കാര്യം ഇറ്റലിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വലിയ വെല്ലുവിളിയായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതല്‍ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രഹസ്യ വിഭാഗങ്ങളിലെ ഉള്‍പ്പെടെ ആയിരക്കണക്കിന് സുരക്ഷാ ഭടന്‍മാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് തുല്യമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ മാത്രം മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇരുപതിനായിരത്തോളം പേരാണ് എട്ടു മണിക്കൂറോളം ക്യൂ നിന്നത്.