വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിൽ വേദനിച്ചിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ നിരവധി ധീരമായ നിലപാടുകൾ എടുത്ത വ്യക്തി കൂടിയാണ് മാർപാപ്പ. അഗതികൾക്കും അടിച്ചമര്‍ത്തവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും എല്ലാം ഇടയിൽ ഒരു കാവൽ മാലാഖയെ പോലെ അദ്ദേഹം പറന്നിറങ്ങുകയായിരുന്നു. ഇപ്പോൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അദ്ദേഹത്തിന്റെ വിടവാങ്ങൽ ചടങ്ങ് പുരോഗമിക്കുകയാണ്.ഇപ്പോഴിതാ, ബസിലിക്കയിലെ മറ്റൊരു കാഴ്ചയാണ് ഏവരെയും നൊമ്പരപ്പെടുത്തിയിരിക്കുന്നത്.

ഒരു കന്യാസ്ത്രീ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തിയതാണ് സംഭവം. ഇവർ തമ്മിൽ ഏകദേശം നാല് വർഷത്തിലേറെ പരിചയം ഉണ്ടായിരുന്നു. വിട്ടുപിരിയാനാകാത്ത വിധം സൗഹൃദമായിരുന്നു. പാപ്പയുടെ ഭൗതിക ശരീരം കണ്ട് അവർ പൊട്ടിക്കരഞ്ഞു. അതും പരമ്പരാഗതമായ പ്രോട്ടോകോൾ ലംഘിച്ചാണ് ഓൾഡ് ഫ്രണ്ടിനെ കാണാൻ അവർ എത്തിയത്. കർദ്ദിനാൾമാർക്കും, ബിഷപ്പുമാർക്കും, പുരോഹിതന്മാർക്കും മാത്രമായി നീക്കിവെച്ചിരുന്ന സ്ഥാനത്തു കൂടിയാണ് അവർ ഒട്ടും പതറാതെ പ്രാർത്ഥനാപൂർവ്വം എത്തിയത്. ഇതോടെ ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ചയായി.




ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ അടക്കം പറഞ്ഞു. അപൂർവ നിമിഷത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച്-അർജന്റീനിയൻ കന്യാസ്ത്രീ സിസ്റ്റർ ജെനീവീവ് ജീനിംഗ്രോസാണ് സുഹൃത്തിനെ ഒരു നോക്ക് കാണാൻ എത്തിയത്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. ശവമഞ്ചിരത്തിന് ചുറ്റുമുള്ള ചുവന്ന കയറിലേക്ക് ഒരാൾ കാലെടുത്തുവയ്ക്കുന്നതും. അയാൾ കന്യസ്ത്രീയെ മുന്നോട്ട് നയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നീല ശിരോവസ്ത്രം ധരിച്ചെത്തിയ സിസ്റ്റർ കുറച്ച് നേരം പ്രാർത്ഥിച്ചു കൊണ്ട് നിശബ്ദമായി നിൽക്കുന്നതും ഇടയ്ക്ക് കരയുന്നതും കാണാം.വികാരഭരിതമായി അവർ പൊട്ടിക്കരഞ്ഞു. ശേഷം ഒരു ടിഷ്യു എടുത്ത് അവർ കണ്ണുകൾ തുടയ്ക്കുന്നതും വിഡിയോയിൽ വ്യക്തം.

പരമ്പരാഗതമായി പ്രോട്ടോക്കോൾ ലംഘിച്ചിട്ടും സുഹൃത്തായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിടവാങ്ങലിൽ സംബന്ധിക്കാൻ അവർക്കായി. അതേസമയം, ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം നടത്താൻ കർദ്ദിനാൾമാരുടെ യോഗം തീരുമാനിച്ചു. വത്തിക്കാൻ പ്രദേശിക സമയം 10 മണിക്കാണ് കബറടക്കം. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കർദിനാൾമാരുടെ യോഗം 12 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിൽ പങ്കെടുക്കാനും മറ്റ് ചടങ്ങുകൾക്കുമായി കേരളത്തിൽ നിന്ന് ക്ലിമിസ് കതോലിക്കാ ബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു.



മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. വത്തിക്കാനിലെ പ്രാദേശിക സമയം ഒൻപത് മണിക്കാണ് പൊതുദർശനം. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ നടക്കുക സെന്‍റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പുറത്ത് വെച്ചായിരിക്കും. ഇതിന് ശേഷം ഭൗതികശരീരം സെൻ്റ് മരിയ മജോറയിലേയ്ക്ക കൊണ്ടുപോകും. ഡീന്‍ ഓഫ് കര്‍ദിനാള്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശക്തമായ നിലപാടുകളായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പയെ വ്യത്യസ്തനാക്കിയിരുന്നത്. എൽജിബിടി സമൂഹത്തെ അംഗീകരിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത മാർപാപ്പയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർ വഴിപിഴച്ചവരെന്ന് വിധിക്കാൻ താനാരാണെന്നായിരുന്നു പോപ്പിന്‍റെ ചോദ്യം.

കഴിഞ്ഞ ക്രിസ്മസിന് വത്തിക്കാനിൽ ഉണ്ണിയേശു ഫലസ്തീൻ പ്രതീകമായി കഫിയ്യയിൽ കിടക്കുന്ന തിരുപ്പിറവി പ്രദർശനം ഒരുക്കിയിരുന്നു. ഇതിന്‍റെ ഉദ്ഘാടകനായി എത്തിയത് മാർപാപ്പ ആയിരുന്നു. മാർപാപ്പ ജൂതവിരുദ്ധരുടെ കെണിയിൽ പെടുന്നു എന്നായിരുന്നു ഇസ്രായേലിന്‍റെ പ്രതികരണം. യുദ്ധവും ആഗോള ചൂഷണവും മൂലം കുടിയേറ്റജീവിതം നയിക്കേണ്ടി വരുന്നവർക്കായി മാർപാപ്പ നിരന്തരം സ്വരമുയർത്തി.

ഏറ്റവും ഒടുവിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ പോലും മാർപാപ്പ തുറന്നടിച്ചു. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്‍റെ നയം മോശമായി അവസാനിക്കുമെന്നു മാർപാപ്പ മുന്നറിയിപ്പ് നൽകി. 'മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം' എന്നായിരുന്നു മെക്സിക്കോ അതിർത്തിയിൽ മതിലുപണിയാനുള്ള നയത്തിനെതിരെ മാർപാപ്പയുടെ നിലപാട്.