വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ ലോകം വത്തിക്കാനില്‍. സംസ്‌കാര ചടങ്ങിന്റെ ഭാഗമായുള്ള ഗാന ശുശ്രൂഷ പൂര്‍ത്തിയായി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള ദിവ്യ കാരുണ്യ വിതരണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വൈദികര്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനം പിടിച്ചു. ചത്വരത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്.

അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകള്‍ക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് സംസ്‌കരിക്കും. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അര്‍ധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്.

മാര്‍പ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ പരിഷ്‌കരിച്ച് കൂടുതല്‍ ലളിതമാക്കിയിരുന്നു. അതിനാല്‍ സാധാരണ പാപ്പമാരുടെ സംസ്‌കാര ചടങ്ങിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോവുക.

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്‍പര്യമെടുത്ത് പരിഷ്‌കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ സഹകാര്‍മികരാകും.

പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍കസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കും.