പാലക്കാട്: നാലാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമ പരാതിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. പാലക്കാട്ടെ ഒരു സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്കും, ക്ലാസ് അധ്യാപികയ്ക്കുമെതിരെയാണ് പരാതി. കസബ പോലീസിലാണ് വിദ്യാര്‍ത്ഥിനിയുടെ അമ്മ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസെടുത്തിട്ടില്ല.

വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള അക്രമം പല തവണ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷനില്‍ കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് കമ്മീഷന്‍ കത്ത് അയച്ചിരുന്നു. 7 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഏപ്രില്‍ 9ന് കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നത്. ഇരയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ എടുക്കാനും, കുറ്റാരോപിതനെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ടെന്നാണ് മാതാവ് ആരോപിക്കുന്നത്. ഇതിനാല്‍ മാതാവ് വീണ്ടും എസ്പി ഓഫിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാണ് മാതാവിന്റെ ആവശ്യം. കുട്ടിയെ പീഡിപ്പിച്ചതും പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഇതെല്ലാം പോലീസിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. പേന കൊണ്ട് കുത്തി, കണ്ണിടിച്ചു, മുടി പിടിച്ചു വലിച്ചു, സ്വകാര്യ ഭാഗത്തില്‍ ഇടിച്ചുവെന്നല്ലെമാണ് ആരോപണം.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള ആറു മാസ കാലയളവില്‍ നിരവധി തവണ സഹപാഠികള്‍ കുട്ടിയെ അക്രമിച്ചതായാണ് പരാതി. ക്ലാസ് മുറിയിലും, ലൈബ്രറിയിലും വെച്ചാണ് കൂടുതല്‍ തവണയും അക്രമമുണ്ടായത്. ഇവിടെ സിസിടിവി ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ നിന്നും കുട്ടിക്കെതിരെ അക്രമമുണ്ടായതായി പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചിരുന്നതായാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ കുട്ടിക്കെതിരെ അക്രമമുണ്ടായതിന് തെളിവില്ലായിരുന്നു എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃശ്യങ്ങള്‍ പരിശോധിക്കാതെയാണ് പോലീസിന്റെ റിപ്പോര്‍ട്ടെന്നാണ് മാതാവിന്റെ പരാതി.

വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ അതിക്രമിക്കുന്നെന്ന് പല തവണ പരാതി നല്‍കിയിട്ടും ക്ലാസ് അധ്യാപികയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്‌കൂള്‍ അധികൃതരെയും, അധ്യാപികയെയും സംരക്ഷിക്കുന്ന നടപടിയാണ് പോലീസും സ്വീകരിക്കുന്നതെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.