- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന്‍ മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നു; ഇവരുടെ എല്ലാ പ്രസ്താവനകളും പാക്ക് ടിവിയില്‍; രാഹുലിനും ഖാര്‍ഗെയ്ക്കും നിയന്ത്രിക്കാനാകുന്നില്ലേ? ഇത് ലജ്ജാകരമെന്ന് രവി ശങ്കര്‍ പ്രസാദ്
രാഹുലിനും ഖാര്‍ഗെയ്ക്കും നിയന്ത്രിക്കാനാകുന്നില്ലേ? ഇത് ലജ്ജാകരമെന്ന് രവി ശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ദേശവിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ വിമര്‍ശനം കടുപ്പിച്ച് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ്. രാജ്യം ഒരേസ്വരത്തില്‍ പ്രതികരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചില പ്രസ്താവനകള്‍ പാക്കിസ്ഥാനിലെ ടിവികള്‍ ആയുധമാക്കിയെന്നും രാജ്യത്തെ എതിരാളികള്‍ക്ക് മുന്നില്‍ അപമാനിക്കുകയാണെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കാനാകുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചത്.
'രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പാര്‍ട്ടിയെ നിയന്ത്രിക്കാനാകുന്നില്ലേ? ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതുപോലെ സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഇവരുടെ എല്ലാ പ്രസ്താവനകളും പാകിസ്താനില്‍ ദുരുപയോഗം ചെയ്യുകയാണ്. രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനുമുന്നില്‍ രാജ്യത്തെ അപമാനിക്കുകയാണ്', രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
'ഇത്തരം പ്രസ്താവനകള്‍കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നത് എന്താണ്? യുദ്ധം അനിവാര്യമല്ലെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. പാകിസ്താനില്‍ ഈ പ്രതികരണങ്ങള്‍ ടിവിയില്‍ കാണിക്കുകയാണ്. ഭീകരവാദികള്‍ വെടിവെക്കുന്നതിന് മുമ്പ് ആളുകളുടെ മതം ചോദിച്ചിട്ടില്ലെന്നാണ് കര്‍ണാടക മന്ത്രി ആര്‍.ബി. തിമ്മപുര്‍ പറഞ്ഞത്. ഇത് ലജ്ജാകരമാണ്', രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
സിദ്ധരാമയ്യയെ കൂടാതെ, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേറ്റിവാര്‍, കര്‍ണാടക മന്ത്രി ആര്‍.ബി. തിമ്മാപുര്‍, വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര തുടങ്ങിയവരും പഹല്‍ഗാമുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പാക്കിസ്ഥാനുമായി യുദ്ധം ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇതിനെതിരേ ബിജെപി വന്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. യുദ്ധം പൂര്‍ണമായി വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമാണെങ്കില്‍ യുദ്ധംവേണമെന്നാണ് ഉദ്ദേശിച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു.
അതേ സമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങള്‍ വ്യക്തിപരമാണെന്നും അവ പ്രതിഫലിപ്പിക്കുന്നത് പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ലെന്നും പാര്‍ട്ടി വക്താവ് ജയ്റാം രമേശ്. പഹല്‍ഗാമുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേത് ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ച പശ്ചാത്തലത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം.
ഏപ്രില്‍ 24-ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുകയും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷനും ലോക്സഭയിലെ പ്രതിപക്ഷ നേതാവും പങ്കെടുക്കുകയും പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോടു സംസാരിക്കുന്നുണ്ട്. അവര്‍ പങ്കുവെക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്, അല്ലാതെ പാര്‍ട്ടിയുടേതല്ല, ജയ്റാം രമേശ് സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി.
അതേ സമയം പഹല്‍ഗാം വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ ബിലാവല്‍ ഭൂട്ടോയുടെ ഭീഷണി പ്രസ്താവനയില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണത്തിനാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.
തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണോ അതോ ബിജെപിയിലാണോ? എന്ന് സംശയം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് അദ്ദേഹം ഒരു സൂപ്പര്‍-ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ചോദിച്ചു. ബിജെപി തരൂരിനെ അവരുടെ വക്താവായി നിയമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഉദിത് എപ്പോഴാണ് സര്‍ക്കാര്‍ പാക്ക് അധീന കശ്മീര്‍ (POK) പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം ബിജെപിയോട് ചോദിക്കണമെന്നും ആവശ്യപ്പെട്ടു.
പഹല്‍ഗാം ആക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബിലാവല്‍ ഭൂട്ടോ നടത്തിയ ഭീഷണി പ്രസ്താവനയില്‍ തരൂര്‍ നടത്തിയ പ്രതികരണമാണ് ഉദിതിനെ ചൊടിപ്പിച്ചത്. സിന്ധു നദിയിലെ ജലം ഒഴുകിയില്ലെങ്കില്‍ ഇന്ത്യയുടെ രക്തം ചിന്തും എന്ന് ഭൂട്ടോ ഭീഷണിപ്പെടുത്തിയിരുന്നു.
ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന വാചോടാപമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ യാതൊരു ലക്ഷ്യങ്ങളുമില്ല. എന്നാല്‍ അവര്‍ എന്തെങ്കിലും ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന് കരുതിയിരിക്കണം. രക്തം ഒഴുകുകയാണെങ്കില്‍ നമ്മുടേതിനേക്കാള്‍ കൂടുതല്‍ അവരുടെ ഭാഗത്തായിരിക്കും ഒഴുകുക. തരൂര്‍ എഎന്‍ഐയോട് പ്രതികരിച്ചിരുന്നു. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയം തുടരുമെന്നും എന്നാല്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കാനുള്ള അവകാശം നിലനിര്‍ത്തുമെന്നും തരൂര്‍ ഊന്നിപ്പറഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യത്തിലല്ല ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു തരൂരിന്റെ പക്ഷം. വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയില്‍ കോണ്‍ഗ്രസിന്റേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ഭാഗത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.