- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വസന്തോല്‍സവം ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്ക് ഇടയിലേക്ക് തുരുതുരാ നിറയൊഴിച്ച് മുഖംമൂടി ധരിച്ച അജ്ഞാതന്‍; നഗരമധ്യത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍; പോലീസ് എത്തും മുമ്പേ അക്രമി ഇലക്ട്രിക്കല്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു; സ്വീഡനെ ഞെട്ടിച്ച് വീണ്ടും നിറയൊഴിക്കല്‍; ഭീകരാക്രമണമെന്ന് സംശയം
സ്റ്റോക്ക്ഹോം: സ്വീഡനിലും ഭീകരാക്രമണ സംശയം. ചൊവ്വാഴ്ച കിഴക്കന്‍ സ്വീഡനില്‍ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഭീകരവാദികളാണെന്നാണ് സംശയം. മരിച്ചവരുടെ അടക്കം വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അക്രമി ഇലക്ട്രിക്കല്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടുവെന്നാണ് നിഗമനം. അഞ്ചു റൗണ്ട് വെടിയാണ് അക്രമി ഉതിര്‍ത്തതെന്നാണ് സൂചനകള്‍. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തായിരുന്നു അക്രമം. വലിയ സുരക്ഷാ വീഴ്ചയായി ഇത് വിലയിരുത്തപ്പെടുന്നു. വിശദ അന്വേഷണത്തിലൂടെ ആക്രമണ കാരണെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്വീഡിഷ് പോലീസ്. നഗര മധ്യത്തിലായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. മുഖമൂടി ധരിച്ചയാളാണ് അക്രമിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെടിയൊച്ച കേട്ട് ആളുകള്‍ പലഭാഗത്തായി ചിതറിയോടി. മാസങ്ങള്‍ക്ക് മുമ്പും സ്വീഡനെ ഞെട്ടിച്ച് വെടിവയ്പ്പ് ആക്രമണം ഉണ്ടായിരുന്നു.
സ്വീഡന്‍ നഗരമായ ഉപ്സാലയില്‍ ആണ് വെടിവെയ്പ്പുണ്ടായത്. പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ യു എന്‍ ടി ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരമധ്യത്തിലെ വക്‌സല സ്‌ക്വയറിനടുത്താണ് കൂട്ട വെടിവയ്പ്പ് നടന്നത്. ബാര്‍ബര്‍ ഷോപ്പിന് അടുത്തായിരുന്നു ആക്രമണം. അഞ്ച് തവണ വെടിയൊച്ചകള്‍ കേട്ടതായും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നതായി കണ്ടു എന്നും ദൃക്‌സാക്ഷികള്‍ ബ്രോഡ്കാസ്റ്റര്‍ എസ്വിടിയോട് പറഞ്ഞു. അക്രമിയെ പിടികൂടാന്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.
വാള്‍പുര്‍ഗിസ് വസന്തോത്സവത്തിന്റെ തലേന്ന് തെരുവുകളിലേക്ക് വലിയ ജനക്കൂട്ടം എത്തുന്ന സമയത്താണ് വെടിവയ്പ്പ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ വലിയൊരു ഭാഗം പൊലീസ് വളഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. ഫെബ്രുവരിയില്‍, സ്വീഡന്‍ ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പിന് സാക്ഷ്യം വഹിച്ചിരുന്നു. ഒറെബ്രോ നഗരത്തിലെ ഒരു സ്‌കൂളില്‍ 35 കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ പത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം സുരക്ഷ കര്‍ശനമാക്കി. തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നയങ്ങളില്‍ അടക്കം മാറ്റം വരുത്തിയിരുന്നു.
2023ല്‍ ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥം കത്തിച്ച് പ്രകോപനം സൃഷ്ടിച്ച യുവാവ് വെടിയേറ്റ് മരിച്ചതും സ്വീഡനെ ഞെട്ടിച്ചിരുന്നു. ഇറാഖ് വംശജനായ സാല്‍വാന്‍ മോമികയാണ് ജനുവരിയില്‍ മരിച്ചത്. സോഡര്‍താല്‍ജെ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ മോമിക കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ താമസിക്കുന്ന വീട്ടിനുള്ളിലാണ് വെടിവയ്പ്പ് നടന്നത്. പോലീസ് എത്തിയപ്പോള്‍ വെടിയേറ്റ നിലയിലായിരുന്നു മോമിക. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. വിശുദ്ധഗ്രന്ഥം കത്തിച്ച് വംശീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മോമിക കുറ്റക്കാരനാണോ എന്ന സ്റ്റോക്ക്ഹോം കോടതി വിധി വരാനിരിക്കെയായിരുന്നു മരണം.