- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജിസ്മോള്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനങ്ങള്‍; നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കുത്തുവാക്കുകള്‍; ആ ക്രൂരതകള്‍ പുറംലോകം അറിയണം; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം; അഭിഭാഷകയും മക്കളും മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്‍
അഭിഭാഷകയും മക്കളും മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്‍
കോട്ടയം: നീറിക്കാട് മക്കളുമായി അഭിഭാഷകയായ യുവതി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്യുന്നു. നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. ചൊവ്വാഴ്ച കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മരിച്ച ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അറസ്റ്റ് സംബന്ധിച്ച തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് (34), മക്കളായ നോഹ(5), നോറ(2) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം. വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
യുവതിയും മക്കളും ഭര്‍തൃവീട്ടില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി ജിസ്‌മോളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതില്‍ കുടംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്‌മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. യുവതിയെ ഭര്‍തൃവീട്ടില്‍ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്. വിവാഹ ശേഷം നിരന്തരമായി യുവതി മാനസിക പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. മകളെ ജിമ്മി നേരത്തെ ഉപദ്രവിച്ചിട്ടുള്ളതായി ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞിരുന്നു. ജിസ്‌മോള്‍ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് വീട്ടില്‍ സംസാരിച്ചിട്ടുണ്ട്. നീതിക്കായി നിയമപരമായി പോരാടുമെന്നും ജിസ്‌മോളുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.
ശാരീരികമായും മാനസികമായും ജിസ്‌മോളെ ഭര്‍ത്താവ് ജിമ്മിയും സഹോദരിയും അമ്മായിയമ്മയും ഉപദ്രവിക്കുമായിരുന്നെന്ന് സഹോദരന്‍ ജിറ്റു പറയുന്നു. കിട്ടിയ സ്ത്രീധനം പോരെന്നും എന്റെ പെണ്‍മക്കളെ വലിയ സ്ത്രീധനം നല്‍കിയാണ് കെട്ടിച്ചയച്ചതെന്നും അമ്മായിയമ്മ പറയുമായിരുന്നു. ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്‌മോളെ പലതരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കുടുംബം ഇല്ലാതാവാതിരിക്കാന്‍ എല്ലാം സഹിച്ച് ആ വീട്ടില്‍ തുടരുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
ജിസ്‌മോള്‍ കറുത്തിട്ടാണെന്നും പറഞ്ഞും ഇവര്‍ ജിസ്‌മോളെ ഉപദ്രവിച്ചു. വിവാഹ ജീവിതത്തിലെ പ്രതിസന്ധി സംബന്ധിച്ച് ജിസ്‌മോള്‍ 2020ല്‍ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റും നേരത്തെ ചര്‍ച്ചയായിരുന്നു. 'പെണ്‍ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്‌നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണ്. 2020 സെപ്റ്റംബര്‍ 25 ന് അഡ്വ ജിസ്‌മോള്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ല്‍ ആയിരുന്നു ജിസ്മോളുടെ വിവാഹം. വിവാഹത്തിന്റെ തുടക്കകാലം മുതല്‍ തന്നെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളിലൂടെയാണ് ജിസ്മോള്‍ കടന്നുപോയതെന്ന കുടുംബത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള കുത്തുവാക്കുകളായിരുന്നു ഏറെയും. ഇതിനിടെ ജിസ് മോളെ പലവട്ടം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതായും സഹോദരന്‍ ജിറ്റു പറഞ്ഞിരുന്നു.