- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്....; എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും; പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'; ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രാധാകൃഷ്ണന്റെ ജീവനെടുത്ത സന്തോഷ്; കൊലയ്ക്ക് ശേഷവും പ്രതിയുമായി ഫോണില്‍ സംസാരിച്ച് മിനി; എല്ലാം തകര്‍ത്തത് നഷ്ടപ്രണയം വീണ്ടെടുത്ത ആ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
റീയൂണിയന് സൗഹൃദം വിലക്കി ഭര്‍ത്താവ്, ജീവനെടുത്ത് കാമുകന്
കണ്ണൂര്‍: മാതമംഗലം കൈതപ്രം പുനിയങ്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ വടക്കേടത്ത് വീട്ടില്‍ കെ കെ രാധാകൃഷ്ണനെ (55) വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മിനി നമ്പ്യാരെ കുടുക്കിയത് കൊലയ്ക്ക് മുന്‍പും ശേഷവും പ്രതിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍. രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയ എന്‍.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. മിനി നമ്പ്യാരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാധാകൃഷ്ണനെ വധിക്കാന്‍ ഒന്നാം പ്രതി പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷിന് (41) പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി കേസെടുത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മിനിയെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പരിയാരം ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പടെയുള്ള സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിലുള്ള നിര്‍മാണത്തിലുള്ള പുതിയ വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. രാത്രി ഏഴുമണിയോടെ രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു സംഭവം. വയറിന് വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതിയായ സന്തോഷിനെ പോലീസ് അന്നുതന്നെ പിടികൂടുകയുംചെയ്തു. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസും പിന്നീട് അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് കൊലപാതകത്തിന് ഒത്താശചെയ്തതിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും അറസ്റ്റിലായത്.
വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നതായും ഇതിന്റെ പേരില്‍ രാധാകൃഷ്ണന്‍ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു അക്രമം നടത്താന്‍ കാരണമെന്നും സന്തോഷ് പൊലീസിനോട് പറഞ്ഞത്. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. സന്തോഷ് അവിവാഹിതനാണ്. ആറുമാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടുന്നത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം.
നഷ്ടപ്രണയം വീണ്ടെടുത്തു, ഒടുവില്‍
രാധാകൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലെ കാരണം ഭാര്യ മിനി നമ്പ്യാരും സന്തോഷും തമ്മിലുള്ള സൗഹൃദമാണെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. പ്രതി കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തത് മിനി നമ്പ്യാരുടെ വാടകവീടിന്റെ പിറകില്‍നിന്നായിരുന്നു. വെടിയുണ്ട സൂക്ഷിച്ചിരുന്ന കവര്‍ സമീപത്തെ വാഴത്തോട്ടത്തില്‍നിന്നും കണ്ടെടുത്തു. ഇതിനുപിന്നാലെ കേസില്‍ മിനി നമ്പ്യാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പിന്നീട് സന്തോഷിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ക്കും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് ഒത്താശചെയ്തതിന് മിനി നമ്പ്യാരെയും പോലീസ് പിടികൂടിയത്.
അറസ്റ്റിലായ മിനി നമ്പ്യാരും ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിന്റെ നിരവധി ചിത്രങ്ങളും നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായും മിനി നമ്പ്യാര്‍ മത്സരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനിലാണ് മിനി നമ്പ്യാര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല
കൊലപാതകം നടന്നദിവസം പ്രതി സന്തോഷ് ഭീഷണിസ്വഭാവമുള്ള കുറിപ്പുകള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സംഭവദിവസം രാവിലെയാണ് ഇതില്‍ ആദ്യത്തെ കുറിപ്പ് പങ്കുവെച്ചത്. 'ചില തീരുമാനം ചിലപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും. നമ്മള്‍ അത് മനസിലാക്കാന്‍ വൈകി പോകും. അവസാന ഘട്ടത്തില്‍ പോലും മനസിലാകാതെ വന്നാല്‍ കൈവിട്ടു പോകും. നമ്മുടെ നില നമ്മള്‍ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിര്‍ത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തില്‍ ആര്‍ക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവര്‍ക്ക് മുന്നില്‍ പോകരുത് അവര്‍ നമ്മളെ ഒരിക്കലും കാണരുത്', എന്നായിരുന്നു സംഭവദിവസം രാവിലെ പത്തുമണിയോടെ ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പിന്നീട് വൈകീട്ട് നാലരയോടെ തോക്കേന്തിയുള്ള ചിത്രം സഹിതം മറ്റൊരു കുറിപ്പും പങ്കുവെച്ചു. 'കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്', എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള വാക്കുകള്‍. പിന്നീട് രാത്രി ഏഴരയോടെ മറ്റൊരു കുറിപ്പും പ്രതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും. പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല', എന്നായിരുന്നു അന്നേദിവസം സന്തോഷിന്റെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനുപിന്നാലെയാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നവിവരം പുറത്തറിഞ്ഞത്.
നാടിനെ നടുക്കിയ കൊലപാതകം
പുതുതായി പണിയുന്ന വീടിന്റെ മുറ്റത്തുവെച്ച് രാധാകൃഷ്ണന്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കൈതപ്രം ഗ്രാമം കേട്ടത്. സംഭവമറിഞ്ഞതിന് പിന്നാലെ നാട്ടുകാര്‍ സ്ഥലത്തേക്ക് പാഞ്ഞെത്തി. സംഭവദിവസം വൈകീട്ടുവരെ കൈതപ്രം ബസ് സ്റ്റോപ്പില്‍ പലരോടും കുശലംപറഞ്ഞിരുന്നു രാധാകൃഷ്ണന്‍. തന്റെ ഓട്ടോയില്‍ പലവീടുകളിലേക്കും പലചരക്ക് സാധനങ്ങള്‍ എത്തിക്കുകയുംചെയ്തു.
ബിജെപി പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ നാട്ടിലെ ക്ഷേത്രോത്സവങ്ങളിലും സജീവമായിരുന്നു. 20 വര്‍ഷം മുമ്പ് ഇരിക്കൂര്‍ കല്യാട്ടുനിന്ന് കൈതപ്രത്ത് എത്തി താമസമാക്കിയതാണ് രാധാകൃഷ്ണന്‍. അടുത്തിടെയാണ് ഇവിടെ പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ നാട്ടിലെ പല കുടുംബങ്ങള്‍ക്കുവേണ്ടിയും കാര്‍ ഡ്രൈവറായും ജോലിചെയ്തിരുന്നു. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും പ്രതി സന്തോഷും തമ്മിലുള്ള സൗഹൃദമാണ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പുതുതായി പണിയുന്ന വീടിന്റെ നിര്‍മാണജോലികളും സുഹൃത്തെന്നനിലയില്‍ സന്തോഷാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നാല്‍, മിനി നമ്പ്യാരുമായുള്ള സൗഹൃദം വിലക്കിയതോടെ സന്തോഷിന് രാധാകൃഷ്ണനോട് പകയായി. തുടര്‍ന്നാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.