വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ഒടുവിലായി രണ്ടു മേജർ വിമാനദുരന്തങ്ങളാണ് നടന്നത്. രണ്ടും ലോകത്തെ തന്നെ നടുക്കിയ ഫ്ലൈറ്റ് ക്രഷ് ആയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു വിമാനദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. സംഭവം നടന്നത് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

എൻജിനുകളിൽ ഒന്നിന് തീപിടിച്ചതിന് പിന്നാലെ അമേരിക്കയിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തി. കഴിഞ്ഞ ഞായറാഴ്ച ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാനഡയിലെ എഡ്മൺടണിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം നടന്നത്. ടേക്ക്-ഓഫിന് മുമ്പ് ഒരു മുയൽ എൻജിനിൽ കുടുങ്ങിയതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറയുന്നു. പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ വലത് എൻജിനിൽ തീ ശ്രദ്ധയിൽപ്പെട്ട പിന്നാലെ പൈലറ്റ് ഡെൻവറിൽ തന്നെ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. 153 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ ഏകദേശം മുന്നോറോളം യാത്രക്കാരുമായി പറന്ന് ഉയരാൻ തുടങ്ങുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചു. ഓസ്ട്രേലിയയിലെ മെൽബണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഇ വൈ 461 വിമാനം ടേക്ക് ഓഫ് ചെയ്‌ത നിമിഷങ്ങളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

അഗ്നിശമന വാഹനങ്ങളാൽ ചുറ്റപ്പെട്ട ടാർമാക്കിൽ വിമാനം നിൽക്കുന്നതായി ദൃശ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നു. ടേക്ക് ഓഫിനിടെ വിമാനം അടിയന്തരമായി നിര്‍ത്തുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ വ്യക്തമാക്കി. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 289 യാത്രക്കാർ പുറത്തിറങ്ങുകയും ടെര്‍മിനലിലേക്ക് മടങ്ങുകയും ചെയ്തു.

ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചതായുള്ള വിമാനത്തില്‍ നിന്നുള്ള വിവരം ലഭിച്ചതോടെ ഏവിയേഷൻ റെസ്‌ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് സർവീസ് ഉടൻ ഇടപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എന്നാല്‍, വിമാനത്തിന്‍റെ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, അത് റൺവേയിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇത് മെൽബണ്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.