കൊച്ചി: മാസപ്പടി കേസില്‍ ഇഡിക്ക് അനുബന്ധ രേഖകള്‍ ഉടന്‍ ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയില്‍ പകര്‍പ്പെടുക്കാന്‍ അസൗകര്യമുണ്ടെന്ന് വിചാരണ കോടതി അറിയിച്ചു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയുടേതാണ് തീരുമാനം. നേരത്തെ കുറ്റപത്രത്തിന്റെ പകര്‍പ്പ് വിചാരണ കോടതി ഇഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അനുബന്ധ രേഖകള്‍ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കിട്ടാന്‍ വൈകുമ്പോള്‍ ഇഡിയ്ക്ക് കേസെടുക്കാനും കഴിയില്ല. ഫലത്തില്‍ മുഖ്യമന്ത്രി മകള്‍ വീണാ വിജയനെതിരെ ഇഡി നടപടികള്‍ ഇത് വൈകിപ്പിക്കും. നിലവില്‍ എസ് എഫ് ഐ ഒ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കും നിയമ നടപടികള്‍ തുടരാന്‍ കഴിയുന്നില്ല. ഹൈക്കോടതിയുടെ അവധി കഴിഞ്ഞ ശേഷമേ എസ് എഫ് ഐ ഒ കേസില്‍ ഹൈക്കോടതി വാദം തുടങ്ങൂ.

25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ്എഫ്‌ഐഒ സമര്‍പ്പിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ പകര്‍പ്പെടുക്കാന്‍ കോടതിയില്‍ സൗകര്യമില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ പകര്‍പ്പെടുക്കുന്നതിനായി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ അടക്കം കൊണ്ടുവരാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കാന്‍ വിചാരണ കോടതി തയാറായില്ല. അത്തരം തീരുമാനങ്ങളെടുക്കാന്‍ ഹൈക്കോടതിക്കേ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലം മനസ്സിലാക്കിയാണ് ഈ നടപടി. അനുബന്ധ രേഖകള്‍ വാങ്ങി എത്രയും വേഗം കേസെടുക്കാനായിരുന്നു ഇഡി ആലോചന. എസ് എഫ് ഐ ഒ കേസിനുള്ള സ്റ്റേ ഇഡിയ്ക്ക് ബാധകമാകില്ലെന്നും വിലയിരുത്തലെത്തി. എന്നാല്‍ അനുബന്ധ രേഖകള്‍ കിട്ടാന്‍ വൈകുന്നത് ഇഡിയ്ക്ക് അന്വേഷണവുമായി മുമ്പോട്ട് പോകാന്‍ തടസ്സമായി മാറും.

മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണ വിജയന്റെ വിശദീകരണം തെറ്റാണെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. എസ് എഫ് ഐ ഒ റിപ്പോര്‍ട്ടില്‍ വ്യക്തമായി വീണ സേവനം നല്‍കിയിട്ടില്ലെന്ന് പറയുന്നു. വീണമാത്രമല്ല എക്‌സാലോജിക്കിലെ ഉദ്യോഗസ്ഥരും സിഎംആര്‍എല്‍ ഐടി ഹെഡും സേവനം ഒന്നും നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്. എംപവര്‍ ഇന്ത്യ എന്ന കര്‍ത്തയുടെ കമ്പനിയില്‍ നിന്നും വീണ 1 കോടി കൈപ്പറ്റി. 12% പലിശക്കും വീണ ഇതേകമ്പനിയില്‍ നിന്നും വായ്പയെടുത്തു. ഒരുരൂപപോലും തിരിച്ചടക്കാതിരുന്നപ്പോള്‍ വീണ്ടും പണം നല്‍കി. ഒരു മെയില്‍ കമ്യൂണിക്കേഷന്‍ പോലും നടന്നിട്ടില്ല. 25ലക്ഷം ആദ്യവും വീണ്ടും 25 ലക്ഷവും വാങ്ങി. 5ലക്ഷം മാത്രമാണ് തിരിച്ചടച്ചത്. ഇകാര്യം ഇഡി അന്വേഷിക്കേണ്ടതാണ്. തോട്ടപ്പള്ളിയില്‍ നിന്നും ധാതുമണല്‍ മോഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ പണം നല്‍കിയത്.ഇതൊരു കോര്‍പ്പറേറ്റ് ഫ്രോഡ് ആണെന്നും ഷോണ്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി നടത്തിയ കൊള്ള എന്തെന്ന് കേരളം അറിയണം. അതിന് നിയമപോരാട്ടം തുടരും. 3 ഹൈക്കോടതികളില്‍ 5 കേസുണ്ട്. ഇവയെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. 13.32 കോടിരൂപ വിദേശത്തേക്ക് കര്‍ത്തയുടെ മകന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഈ പണം എവിടെപോയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഷോണ്‍ പറഞ്ഞു. വീണയുടെയും മുന്‍ ബന്ധൂവിന്റേയും പേരില്‍ അബുദാബി ബാങ്കില്‍ അക്കൗണ്ടുണ്ട്. താന്‍ ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് തനിക്കെതിരെ കേസുകൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ വിറ്റു തുലച്ചവര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടു ഇത്തരം നീക്കങ്ങള്‍ ഷോണ്‍ നടത്തുമ്പോഴാണ് ഇഡിയും കേസിലെ ഫയലുകള്‍ സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയത്. എന്നാല്‍ ഇതിന് തിരിച്ചടിയാണുണ്ടായത്.

സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്നു 2.7 കോടി രൂപ കൈപ്പറ്റിയതു യാതൊരു സേവനവും നല്‍കാതെയാണെന്നു മുഖ്യമന്ത്രിയുടെ മകളും എക്സാലോജിക് സൊല്യൂഷന്‍സ് ഉടമയുമായ ടി. വീണ സമ്മതിച്ചെന്ന് എസ്.എഫ്.ഐ.ഒ. കുറ്റപത്രം പറയുന്നുണ്ട്. സി.എം.ആര്‍.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്തിമകുറ്റപത്രത്തിലാണ് വീണയുടെ മൊഴി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി.എം.ആര്‍.എലിന് എക്സാലോജിക് സാങ്കേതികസേവനം നല്‍കിയതിനാണ് മാസംതോറും വീണ തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിക്കു പ്രതിരോധം തീര്‍ത്ത സി.പി.എമ്മിന്റെ വാദം.

എന്നാല്‍, അതിനു വിരുദ്ധമായി വീണയുടെ മൊഴിതന്നെ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും പാര്‍ട്ടിയും വെട്ടിലായി. സി.എം.ആര്‍.എല്‍-എക്സാലോജിക് കേസിന്റെ വിവരങ്ങള്‍ മറ്റ് കേന്ദ്രാന്വേഷണ ഏജന്‍സികളായ ദേശീയ സാമ്പത്തിക റിപ്പോര്‍ട്ടിങ് അതോറിട്ടി, ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ എന്നിവയ്ക്കും എസ്.എഫ്.ഐ.ഒ. കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മൊഴി വീണ പരസ്യമായി നിഷേധിച്ചത്.