ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസം പിന്നിട്ടപ്പോള്‍ 2.34 കോടി യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ദുബായിലേക്ക് യാത്രക്കാര്‍ കൂടുതലും എത്തിയത് ഇന്ത്യയില്‍ നിന്നാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ മാത്രമായി 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയില്‍നിന്നും ദുബായിലെത്തിയത്. ജനുവരിയില്‍ മാത്രമായി 85 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് പുതിയ റെക്കോഡ് സൃഷ്ടിച്ചു.

ദുബായ് ലോകത്തിലെ മുന്‍നിര അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ പ്രശസ്തി അനുദിനം വര്‍ധിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ദുബായ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയില്‍ നിന്നും 30 ലക്ഷം പേര്‍ ദുബായിലേക്ക് യാത്ര ചെയ്തപ്പോള്‍ തൊട്ടു പിന്നില്‍ സൗദി അറേബ്യയാണ്. സൗദി അറേബ്യ (19 ലക്ഷം), യു.കെ. (15 ലക്ഷം), പാകിസ്താന്‍ (10 ലക്ഷം), അമേരിക്ക (80,4000), ജര്‍മനി (73,8000) എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്. എമിറേറ്റിലെ ശൈത്യകാല ആകര്‍ഷണങ്ങള്‍, ഈദ് അവധി, സ്‌കൂള്‍ അവധി എന്നിവയെല്ലാം യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച സംഭാവനകള്‍ നല്‍കി. മൂന്ന് മാസങ്ങളിലായി 5,17,000 ടണ്‍ കാര്‍ഗോയും 2.1 കോടിയിലേറെ ലഗേജുകളും വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഈ കാലയളവില്‍ 1,11,000 വിമാനസര്‍വീസുകളും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 9.23 കോടി ആളുകളാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 6.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. വിവിധ സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് മികച്ച നേട്ടങ്ങള്‍ സാധ്യമായത്. യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത യാത്രാനുഭവങ്ങള്‍ നല്‍കുന്നതിന് ഒട്ടേറെ സംരംഭങ്ങളും പദ്ധതികളും വിമാനത്താവളത്തില്‍ നടപ്പാക്കുന്നുണ്ട്.

ഒന്നാംപാദത്തിലെ മികച്ചപ്രകടനം വര്‍ഷത്തിലുടനീളം തുടരുമെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. തത്സമയ നിരീക്ഷണ, സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതില്‍ നിര്‍ണായകമായി. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കായി പ്രത്യേക സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. നിലവില്‍ 106 രാജ്യങ്ങളിലെ 269 നഗരങ്ങളിലേക്ക് 101 അന്താരാഷ്ട്ര വിമാന കമ്പനികള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു സര്‍വീസ് നടത്തുന്നുണ്ട്.