കൊച്ചി: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പരാമര്‍ശത്തിലെ നടന്‍ നിവിന്‍ പോളിയാണെന്ന് സംശയം ഉയരുമ്പോള്‍ സിനിമാ മേഖലയാകെ ഞെട്ടലില്‍. ലിസ്റ്റിന്‍ സ്റ്റീഫന്റെ സെറ്റില്‍ നിന്നും അടുത്ത കാലത്ത് കഞ്ചാവ് പിടിച്ചിരുന്നു. ഇതിനൊടൊന്നും പ്രതികരിക്കാത്ത നിര്‍മ്മാതാവാണ് നടനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നത്. ഇത് സിനിമാക്കാര്‍ക്കിടയിലും ഞെട്ടലായിട്ടുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ സെറ്റിലെ കഞ്ചാവ് കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടാതുമില്ല. ഇതും ദുരൂഹമായി മാറിയിട്ടുണ്ട്. ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളില്‍ നിവിന്‍ ആയിരുന്നു നായകന്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ നിവിനെ ലിസ്റ്റിനും ബേബി ഗേളിന്റെ സംവിധായകനും സമൂഹമാധ്യമത്തില്‍ നിന്ന് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതാണ് സംശയത്തിന് കാരണമായത്. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയില്ല. അതിനിടെ നിര്‍മാതാവ് സാന്ദ്രാ തോമസ് ലിസ്റ്റിന്‍ സ്റ്റീഫനെതിരെ രംഗത്തെത്തി. ലിസ്റ്റിന്റെ പരാമര്‍ശം മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്നാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. അതിനാല്‍ ലിസ്റ്റിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണമെന്നാണ് സാന്ദ്രാ തോമസിന്റെ ആവശ്യം.

മാസങ്ങള്‍ക്ക് മുമ്പ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷനില്‍ വിലയ വിവാദമായി എമ്പുരാന്‍ വിഷയം മാറിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഒരു പ്രശ്‌നവുമില്ലെന്നും നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരും ജി.സുരേഷ് കുമാറും സംഘടനയ്ക്ക് വളരെ വേണ്ടപ്പെട്ടവരാണെന്നും സംഘടനയുടെ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ അന്ന് പറഞ്ഞിരുന്നു. ഒരു സിനിമാ സമരം ഉണ്ടായാല്‍ ആന്റണി പെരുമ്പാവൂര്‍ അതിന്റെ മുന്നില്‍ത്തന്നെ ഉണ്ടാവുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ലിസ്റ്റിന്‍ പറഞ്ഞു. സിനിമ സമരം പ്രഖ്യാപിക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിന്റെ പേരില്‍ വിവാദം കനക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ലിസ്റ്റിന്റെ അഭിപ്രായ പ്രകടനം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന വൈകാതെ യോഗം ചേരും. അതില്‍ ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും ഉള്‍പ്പെടെ പങ്കെടുക്കും. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഫലം കുറയ്ക്കണം എന്നു തന്നെയാണ് അഭിപ്രായം. സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് നിര്‍മാതാക്കളുടെ സംഘടനയും മറ്റു സംഘടനകളും ചേര്‍ന്നുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്. എന്നാല്‍ അതില്‍ തന്റെ സിനിമയെക്കുറിച്ചു സുരേഷ് കുമാര്‍ പറഞ്ഞതാണ് ആന്റണി പെരുമ്പാവൂരിനെ ബുദ്ധിമുട്ടിച്ചതെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു. അതായത് സുരേഷ് കുമാര്‍ പരസ്യമായി അങ്ങനെ പറയരുതായിരുന്നുവെന്ന് പരോക്ഷമായി സൂചിപ്പിച്ച വ്യക്തി. ആ സിനിമാക്കാരനാണ് പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന പരസ്യ പ്രസ്താവനയുമായി പ്രതികാരത്തിന് എത്തിയത്. പ്രശ്‌നമുണ്ടെങ്കില്‍ അത് സംഘടനകള്‍ വഴി പരിഹരിക്കണമെന്ന തത്വം ലിസ്റ്റിന്‍ സ്റ്റീഫന്‍ ഓര്‍ക്കുന്നില്ല ഇപ്പോള്‍.

മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന തുടര്‍ പരാജയങ്ങള്‍ അലട്ടുന്ന പ്രമുഖ നടനാണ് ലിസ്റ്റിന്‍ നിര്‍മിക്കുന്ന പുതിയ പടത്തിലെ നായകന്‍. ലിസ്റ്റിനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് നടന്‍ ഈ സിനിമ ഏറ്റെടുത്തതെന്നാണ് വിവരം. എന്നാല്‍ ചിത്രീകരണം തുടരവേ ഒരാഴ്ച ലീവ് വേണമെന്ന് നടന്‍ ആവശ്യപ്പെട്ടുവെങ്കിലും ലിസ്റ്റിന്‍ വഴങ്ങിയില്ല. തുടര്‍ന്ന് സിനിമ സെറ്റില്‍ എത്താതിരുന്ന നടന്‍ മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടനെതിരെ ലിസ്റ്റിന്‍ പരസ്യമായി രംഗത്തെത്തിയത്. നടനെതിരെ ലിസ്റ്റിന്‍ ഫിലിം ചേംബറിലും നിര്‍മാതാക്കളുടെ സംഘടനയിലും പരാതി നല്‍കുമെന്നാണ് സൂചന. അതിനിടെ ബേബി ഗേളില്‍ കഞ്ചാവ് പിടിച്ചതോടെ മനംമടുത്താണ് നടന്‍ പോയതെന്നും സൂചനകളുണ്ട്. നിവില്‍ പോളി കഴിഞ്ഞ ദിവസം അഖില്‍ സത്യന്റെ സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു. ഇതെല്ലാം ബന്ധപ്പെടുത്തിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ലക്ഷ്യമിട്ടത് നിവിന്‍ പോളിയെയാണെന്ന സൂചനകള്‍ പുറത്തു വരുന്നത്. പല നടന്മാരും സിനിമാ സെറ്റില്‍ നിന്നും പിണങ്ങി പോവാറുണ്ട്. ഇതെല്ലാം സംഘടനകള്‍ക്ക് മുന്നില്‍ വച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കുകയാണ് രീതി. എന്നാല്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടനെ ഭീഷണിപ്പെടുത്തും വിധം ഏകപക്ഷീയമായി പത്ര സമ്മേളനത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്തുകൊണ്ട് ഈ നിലപാട് തന്റെ സെറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചപ്പോള്‍ ലിസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും വാദമുയരുന്നു.

ഇതിനിടെ റെഡിറ്റില്‍ നിവിന്‍ പോളിയുടെ അടുത്ത വൃത്തങ്ങളുടെ പ്രതികരണമെന്ന് പറഞ്ഞ് മെസേജ് സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഇതില്‍ പറയുന്നത്. 'ബേബി ഗേള്‍ എന്ന മൂവിയുടെ തിരുവനന്തപുരത്തെ നമ്മുടെ ഷൂട്ട് കഴിഞ്ഞു. ഞങ്ങളില്ലാതെ അവര്‍ക്ക് കുറച്ച് ഷൂട്ട് തീര്‍ക്കാനുണ്ടായിരുന്നു. ബാലന്‍സ് ഷൂട്ട് കൊച്ചിയില്‍ ഈ ആഴ്ച ആയിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് മൂന്ന് ദിവസത്തേക്ക് അഖില്‍ സത്യന്റെ പടത്തില്‍ ജോയിന്‍ ചെയ്തു. ഇപ്പോള്‍ ബേബി ഗേള്‍ അല്ലാതെ നിവിന്‍ പോളിക്ക് വേറെ ഷൂട്ടിംഗില്ല. അല്ലാതെ ഈ പറയുന്ന കഥകളൊക്കെ വെറുതെ ആണ്,' പ്രചരിക്കുന്ന മെസേജിങ്ങനെയാണ്. പക്ഷേ വിവാദത്തിലെ നായകന്‍ നിവിന്‍ പോളിയാണെന്ന വാദം ഉയര്‍ന്നിട്ടും ലിസ്റ്റിന്‍ സ്റ്റീഫന്‍ അത് നിഷേധിച്ച് വന്നിട്ടില്ല. ഇതിനൊപ്പം സ്‌ക്രീന്‍ ഷോട്ട് വൈറലായതോടെ നിരവധി പേര്‍ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു തരത്തിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും ഇതെന്നും അഭിപ്രായങ്ങളുണ്ട്. പ്രശ്‌നമുണ്ടെന്ന് 'എനിക്ക് തോന്നുന്നില്ല. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ ഇത് സാധാരണ സംഭവമായിരിക്കുന്നു. വിന്‍സി, ഷൈന്‍ പ്രശ്‌നത്തില്‍ മാത്രമാണ് പേര് പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ ആദ്യമായാണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍ മാത്രം മണ്ടന്‍മാരല്ല ഞങ്ങള്‍' എന്നും കമന്റുകള്‍ പറയുന്നു.

'ഒരുപാട് തവണ ഷൂട്ടിംഗുകള്‍ വൈകല്‍, പ്രതിഫലം ലഭിക്കാതിരിക്കല്‍, ബോക്‌സ് ഓഫീസ് പരാജയങ്ങള്‍ എന്നിവ മലയാള സിനിമാ രംഗത്തുണ്ടായിട്ടുണ്ട്. പ്രൊമോഷനുകളില്‍ ചെറിയ പ്രസ്താവന നടത്താനുള്ള കോപ്പി പേസ്റ്റ് ടെംപ്ലേറ്റ് പോലെയായി 'കൂടുതല്‍ വിശദീകരിക്കാന്‍ താല്‍പര്യമില്ല, അത് പ്രശ്‌നങ്ങളുണ്ടാക്കും' എന്ന വാചകം മാറിയിരിക്കുന്നു,' റെഡിറ്റില്‍ വന്ന കമന്റില്‍ പറയുന്നതിങ്ങനെ. ലിസ്റ്റിന്‍ സ്റ്റീഫന്‍ വിഷയത്തില്‍ ഇനി വ്യക്തത വരുത്താനിടയുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. നിവിന്‍ പോളിയെ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.

കരിയറില്‍ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ അഭിനേതാക്കളുടെ അമിതപ്രതിഫലത്തിനെതിരെ ലിസ്റ്റിന്‍ സംസാരിച്ചിരുന്നു. ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹം വെച്ച് നിര്‍മാതാക്കളെ താരങ്ങള്‍ മുതലെടുക്കുകയാണെന്നും പലരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

സാന്ദ്ര തോമസിന്റെ കുറിപ്പ്

'ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? സിനിമാ സംഘടനകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനം സിനിമയ്ക്കകത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രമ്യതയില്‍ പരിഹരിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇന്നലെ ഒരു പൊതുവേദിയില്‍ വച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. മലയാളസിനിമയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം. എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി ഞാന്‍ മുന്നോട്ട് പോയപ്പോള്‍ എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച (കോടതിയില്‍ നിലനിന്നില്ല എങ്കില്‍പ്പോലും) പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വം ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂടാതെ ഉന്നത ബോഡി എന്ന നിലയില്‍ കേരള ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'.

പോസ്റ്റിന് താഴെ സാന്ദ്ര നല്‍കിയ ഒരു കമന്റും ശ്രദ്ധ നേടുന്നുണ്ട്. 'ഇതിന്റെ പിന്നില്‍ ഒരു വന്‍ കളിയുണ്ട്. അത് മലയാളി പ്രേക്ഷകരെയും മലയാള സിനിമയെയും ബാധിക്കുന്നതാണ്. അത് മറ നീക്കി പുറത്തേക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് അത്.