ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മിരില്‍ നടത്തിയ വ്യാപക പരിശോധനയില്‍ രണ്ട് പ്രാദേശിക ഭീകരര്‍ പിടിയില്‍. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്പോയിന്റിന് അടുത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ഭീകരരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.


ഒരു പിസ്റ്റള്‍, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയൊരു ശേഖരം ഇവരില്‍ നിന്ന് കണ്ടെടുത്തയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക അന്വേഷണത്തില്‍ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗല്‍- കുലാര്‍ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ബിഎസ്എഫും പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

അതേ സമയം പഞ്ചാബില്‍ നടത്തിയ വ്യാപക പരിശോധനയില്‍ വന്‍ ആയുധശേഖരം പിടികൂടി. ഷഹീദ് ഭഗത് സിംഗ് നഗര്‍ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാര്‍ഡ്വെയറും വെടിക്കോപ്പുകളുമൊക്കെ പിടികൂടിയത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പൊലീസും സുരക്ഷാ സേനയുമൊക്കെ രാജ്യത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ (എസ്എസ്ഒസി) കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ (ആര്‍പിജി), ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കള്‍ (ഐഇഡി), അഞ്ച് പി 86 ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് ഡിജിപി ട്വീറ്റ് ചെയ്തു.

ഇന്നലെ ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തിരുന്നു. പൂഞ്ചില്‍ സുരന്‍കോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കൂടാതെ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. കണ്ടെടുത്ത സ്ഫോടക വസ്തുക്കളില്‍ മൂന്നെണ്ണം ടിഫിന്‍ ബോക്‌സുകളിലും രണ്ടെണ്ണം സ്റ്റീല്‍ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഇതുകൂടാതെ രണ്ട് റേഡിയോ സെറ്റുകളും ബൈനോക്കുലറുകളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഏപ്രില്‍ 22 ന് അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിലാണ് ഭീകരാക്രമണം നടന്നത്. മലയാളിയടക്കം ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്.

സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.