ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയുള്ള ഇന്ത്യയുടെ സൈനികനീക്കം വിജയമാകുമ്പോള്‍ തെളിയുന്നത് ഇന്ത്യയുടെ സൈനിക കരുത്ത്. ഒറ്റക്കെട്ടോടെ ഇന്ത്യന്‍ സൈന്യത്തെയും ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെയും അഭിമാനത്തോടെ അഭിനന്ദിക്കുകയാണ് രാഷ്ട്രീയ നേതാക്കളും ജനങ്ങളും. തീവ്രവാദത്തോടുള്ള ഇന്ത്യയുടെ പോരാട്ടത്തിനു രാജ്യം ഒറ്റക്കെട്ടായി പിന്തുണ നല്‍കി. ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ഔദ്യോഗിക പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭായോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിനെ ''അഭിമാന നിമിഷം'' എന്ന് വിശേഷിപ്പിച്ചു. സ്തുത്യര്‍ഹമായ ജോലിക്കും ആസൂത്രണം ചെയ്ത പദ്ധതി കുറ്റമറ്റമായി നടപ്പിലാക്കിയതിനും സായുധസേനയെ യോഗത്തില്‍ മോദി പ്രശംസിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദുറിന്റെ രണ്ടാം വെര്‍ഷനും ഇന്ത്യ തയ്യാറാണ്. പാക്കിസ്ഥാന്‍ ഇനിയും ആക്രമണത്തിന് മുതിര്‍ന്നാല്‍ ഏതു സമയവും ഇന്ത്യ തിരിച്ചാക്രമിക്കും.

പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും തീവ്രവാദ ക്യാമ്പുകളില്‍ ഓപ്പറേഷന്‍ സിന്ദൂരിനു കീഴില്‍ ആക്രമണം നടത്തി തക്ക മറുപടി കൊടുത്ത ഇന്ത്യന്‍ സായുധ സേനയില്‍ അഭിമാനമുണ്ടെന്നായിരുന്നു നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ കോണ്‍ഗ്രസ് യോഗത്തിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.നമ്മുടെ സായുധസേനകളില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സേനയ്‌ക്കൊപ്പമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് കാത്തിരുന്ന് കൃത്യമായി മറുപടി നല്‍കിയത് രാജ്യം എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെ ഇന്ത്യ, ഒമ്പത് പാക് ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്രം. 21 പാക് ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യയുടെ പട്ടികയിലുളളത്. അതില്‍ ഒമ്പത് കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് ഇന്ത്യ സ്വാതന്ത്ര്യം നല്‍കിയിരിക്കുകാണ്.

അടിത്തട്ടില്‍ തിളച്ചു മറിയുമ്പോഴും പുറമെ ശാന്തമാണെന്ന സൂചന നല്‍കുന്നതില്‍ നരേന്ദ്ര മോദിയുടെ തന്ത്രജ്ഞത വിജയം കണ്ടു. മോക് ഡ്രില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചപ്പോള്‍ യുദ്ധ സാഹചര്യത്തിന്റെ ബോധവത്കരണം തുടങ്ങിയിട്ടേയുള്ളൂവെന്ന് പാക്കിസ്ഥാന്‍ കരുതി. പക്ഷേ ഇന്ത്യ മോക് ഡ്രില്ലിന് മുമ്പേ ആഞ്ഞടിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് 20 മിനിറ്റ് മുമ്പാണ് തിരിച്ചടിക്ക് തയ്യാര്‍ എന്ന കുറിപ്പ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കരസേന പോസ്റ്റ് ചെയ്യത്. ഏത് നീക്കവും പ്രതിരോധിക്കുമെന്ന് വീരവാദം മുഴക്കിയ പാകിസ്ഥാന് ഈ സന്ദേശം കിട്ടിയിട്ടും ഒന്നും പിടി കിട്ടിയില്ല. പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കത്തെ പ്രതിരോധിക്കാനേ കഴിഞ്ഞില്ല. തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നടപടികളില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അഭിനന്ദനം അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത അഖിലേഷ് തീവ്രവാദത്തിന്റെ വേരറുക്കണമെന്നും ആവശ്യപ്പെട്ടു. ''ജയ് ഹിന്ദ്, ജയ് ഇന്ത്യ'' എന്ന് എക്‌സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്തത്.

സൈന്യത്തോടൊപ്പവും രാജ്യത്തോടൊപ്പവും ദൃഢനിശ്ചയത്തോടെ തമിഴ്‌നാട് നിലകൊള്ളുന്നുവെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയത്. സൈനിക മേഖലയിലും ജനവാസ മേഖലയിലും ആക്രമണം നടത്താതെ തീവ്രവാദ മേഖലയെ മാത്രം ലക്ഷ്യമിട്ടു ഇന്ത്യ നടത്തിയ ആക്രമണമാണ് ഭീകരവാദത്തിനെതിരെയുള്ള ശരിയായ മറുപടിയെന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ഇവരെല്ലാം മോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെല്ലാം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും സിപിഎം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സേനയ്ക്ക് റെഡ് സല്യൂട്ട് നല്‍കിക്കൊണ്ടാണ് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്തത്.

അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ ഒരുമിച്ചു. പാര്‍ലമെന്റില്‍ സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ തിരിച്ചടി പ്രതീക്ഷിച്ച പാക്കിസ്ഥാന്‍ 15 ദിവസവും ആശയക്കുഴപ്പത്തിലായിരുന്നു. തിരിച്ചടിക്കുള്ള മികച്ച ആസൂത്രണം ഇന്ത്യ നടത്തുമ്പോള്‍, മിന്നലാക്രമണം വരുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നില്ല.