കൊച്ചി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് പോലീസ്. പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ എവിടെയാണ് ഗുല്‍ പഠിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം. പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയില്‍ കന്റോണ്‍മെന്റ് ടൗണില്‍ ലഷ്‌കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇയാളുടെ ഒളിവ് കേന്ദ്രവും ഇന്ത്യ സേന ആക്രമിക്കാന്‍ സാധ്യത ഏറെയാണ്. ഗുല്ലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎയില്‍ നിന്നും കേരളാ പോലീസ് തേടും.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ ജമ്മു കശ്മീരില്‍ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ രീയിയായിരുന്നു. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന്‍ ഇന്ത്യ അന്താരാഷ്ട്ര സമ്മര്‍ദ്ദം അടക്കം ചെലുത്തും. പഠനകാലത്താണ് ഗുല്‍ കേരളത്തിലെത്തുന്നത്. ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠിച്ചത്. ശേഷം കേരളത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ ഗുല്‍ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ബോംബ് നിര്‍മ്മാണ വൈദഗ്ധ്യത്തിന് വേണ്ടിയാണ് ലാബ് ടെക്‌ന്യീഷ്യന്‍ കോഴ്‌സ് പഠിച്ചതെന്നും സൂചനയുണ്ട്. ഗുല്ലിന്റെ സഹോദരന്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. പിന്നീട് ഭീകരവാദത്തിലേക്ക് കടന്നു ഇയാള്‍. 1990കളില്‍ സൗദി അറേബ്യയിലേക്കും പാക്കിസ്ഥാനിലേക്കും താമസം മാറി. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പലായനം ചെയ്തവരില്‍ നിന്നും ഭീകരവാദത്തിന് ധനസഹായം സമാഹരിക്കുന്നതാണ് ഇയാളുടെ ഉത്തരവാദിത്തം. ചേട്ടനേക്കാള്‍ വളര്‍ന്ന് ഗുല്‍ ലഷ്‌കറിന്റെ വിശ്വസ്തനായി. അങ്ങനെ ടി ആര്‍ എഫിന്റെ തലവനുമായി. ഇയാള്‍ കേരളത്തില്‍ അടുപ്പക്കാരുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

2023 ല്‍ സെന്‍ട്രല്‍ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്‌നാഗിലെ ബിജ്‌ബെഹ്രയില്‍ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടര്‍ബലിലെ ഇസഡ്-മോര്‍ ടണല്‍ ആക്രമണം എന്നിവ ഗുല്ലിന്റെ ആസൂത്രണത്തില്‍ നടന്നവയാണ്. 2022 ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പത്ത് ലക്ഷ്ം ഇനാമും പ്രഖ്യാപിച്ചു. പഹല്‍ഗാം ഭീകരാക്രമണം അന്വേഷണത്തില്‍ ഗുല്ലിലേക്ക് എത്തുന്ന ബന്ധങ്ങളും ചില ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. 2002 ല്‍ ഭീകരസംഘടനകളുടെ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി ജോലി ചെയ്യുന്നതിനിടെ നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് അഞ്ച് കിലോ ആര്‍ഡിഎക്‌സുമായി ഗുല്ലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനമായിരുന്നു ഗുല്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2003 ഓഗസ്റ്റ് 7 ന് 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഗുല്‍ 2017 ലാണ് ജയില്‍ മോചിതനായത്.

പുറത്തിറങ്ങിയ ശേഷം പാക്കിസ്ഥാനിലേക്ക് പോയ ഗുല്ലിനെ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ടിഡിഎഫിന്റെ നേതാവാക്കിയത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ലഷ്‌കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതും സംരക്ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന് രാജ്യാന്തരതലത്തില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനുള്ള ഐഎസ്‌ഐയുടെ തന്ത്രമായിരുന്നു ടിആര്‍എഫിന്റെ പിറവിക്ക് പിന്നില്‍. കേരളത്തിലെ പഠനത്തിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ മെഡിക്കല്‍ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു. ഐ എസ് ഐയുടെ അതിവിശ്വസ്തനാണ് ഗു്ല്‍.

ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെയാണ് 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്‍ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്ഐ നടപ്പിലാക്കിയത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു തന്ത്രം അവരെടുത്തത്. പുല്‍വാമയ്ക്ക് പിന്നാലെ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ പാക്കിസ്ഥാനെതിരെ വരികയും ചെയ്തിരുന്നു. ഭാവിയില്‍ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്‍.എഫിലൂടെ ഐഎസ്ഐ ലക്ഷ്യമിട്ടത്.