ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ പാക് അല്‍ ഖ്വയ്ദ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആക്രമണം എന്ന തലക്കെട്ടില്‍ അല്‍ഖ്വയ്ദ ഇന്‍ ദ സബ്കോണ്ടിനെന്റ് ആണ് ഭീഷണി പുറത്തിറക്കിയിക്കുന്നത്. പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ പറയുന്നു. ഇതിനായി പാകിസ്ഥാന് പിന്നില്‍ അണിചേരാന്‍ സംഘടന ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അല്‍ഖ്വയ്ദ കേന്ദ്രങ്ങളും ഇന്ത്യ ഇനി ലക്ഷ്യമിട്ടേക്കും. പാക്കിസ്ഥാനില്‍ മാത്രമാണ് നിലവില്‍ അല്‍ഖ്വയ്ദ അല്‍പ്പെങ്കിലും സജീവമായിട്ടുള്ളത്.

ഇന്ത്യയെ വ്യാജ ആരോപണങ്ങളിലൂടെ ആക്ഷേപിക്കുകയാണ് അല്‍ഖ്വയ്ദ. ഇന്ത്യയിലെ ഹിന്ദുത്വ-ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വര്‍ഗരാജ്യം പൂകി. ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം. ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹല്‍ഗാം ആക്രമണത്തിന് ശേഷം ആരംഭിച്ചതല്ല, അത് പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലാണ് നേരിടുന്നത്. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഉപഭൂഖണ്ഡത്തില്‍ നിന്നും മുസ്ലിങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി സൈനികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ പരിശ്രമത്തിലാണെന്ന് അല്‍ഖ്വയ്ദ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാംപുകളാണ് തകര്‍ത്തത്. ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയവയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് അല്‍ഖ്വയ്ദയുടെ ഭീഷണി. നേരത്തെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ ഇന്ത്യയില്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനും ഗുരുതരമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഭീകരസംഘത്തിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചിരുന്നു. നിരവധി അല്‍ഖ്വയ്ദക്കാരെ വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു

അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനില്‍ ജീവിച്ചിരിപ്പുണ്ടെന്നും ഒളിവിലിരുന്ന് അല്‍ ഖ്വയ്ദയെ നയിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി മിറര്‍ കുറച്ചു മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹംസ തന്റെ സഹോദരനായ അബ്ദുല്ല ബിന്‍ ലാദനൊപ്പം അഫ്ഗാനിസ്ഥാനില്‍ പുതിയ പരിശീലന ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആക്രമണത്തിന് ഒരുങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാന്‍ വിരുദ്ധ സൈനിക സഖ്യമായ നാഷണല്‍ മൊബിലൈസേഷന്‍ ഫ്രണ്ട് (എന്‍എംഎഫ്) ഹംസയുടെയും കൂട്ടാളികളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ഭീകരവാദത്തിന്റെ കിരീടാവകാശി' എന്ന് വിളിക്കപ്പെടുന്ന ഹംസ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ 450 സ്‌നൈപ്പര്‍മാരുടെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് എന്‍എംഎഫ് പറയുന്നത്. 2021ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം അഫ്ഗാനിസ്ഥാനില്‍ വിവിധ ഭീകരവാദ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമായി മാറിയെന്നും ഹംസ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ഖ്വയ്ദ വീണ്ടും സംഘടിക്കുകയും ഭാവി ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നുമായിരുന്നു എന്‍എംഎഫ് റിപ്പോര്‍ട്ട്.


2019 ലെ യുഎസ് വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്ന വാദത്തിന് വിരുദ്ധമായാണ് എന്‍എംഎഫ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ബിന്‍ ലാദന്റെ കൊലപാതകത്തിന് ശേഷം അല്‍ ഖ്വയ്ദയുടെ കാര്യങ്ങള്‍ ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയുമായി ഹംസയ്ക്ക് അടുത്ത ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ പയുന്നു. ഹംസയുടെ പിതാവ് ഒസാമ ബിന്‍ ലാദനെ 2011ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ചാണ് അമേരിക്കയുടെ പ്രത്യേക സേന വധിച്ചത്. 2001 സെപ്റ്റംബര്‍ 11 ന് ഭീകരാക്രമണത്തിലൂടെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന്റെ പ്രതികാരമായാണ് 2011 മെയ് രണ്ടിന് അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചത്.