ഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് വിടവാങ്ങിയ വിശുദ്ധ തെരേസയുടെ ഭൗതികദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊതുദര്‍ശനത്തിനായി വെയ്ക്കുന്നു. 1914 ലാണ് അവസാനമായി വിശുദ്ധ തെരേസയുടെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ചിരുന്നത്. ആവിലയിലെ വിശുദ്ധ തെരേസ എന്നും അറിയപ്പെടുന്ന വിശുദ്ധ തെരേസ 440 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1582 ലാണ് അന്തരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ സ്പെയിനിലെ ഒരു പള്ളിയില്‍ നിന്ന് അവരുടെ ഭൗതികദേഹം പുറത്തെടുത്തു. അവരുടെ ശരീരം എത്രത്തോളം സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന കാര്യം വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പീഠത്തില്‍ വെളളിയില്‍ തീര്‍ത്ത ഒരു പേടകത്തിനുള്ളിലാണ് വിശുദ്ധ തെരേസയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നത്. അവരുടെ മുഖം ഇപ്പോഴും

വ്യക്തമായി തന്നെ കാണാം. അവരുടെ അവയവങ്ങള്‍ എല്ലാം തന്നെ കേട് കൂടാതെയാണ് ഇരിക്കുന്നത്.

സ്പെയിനിലെ സലാമാങ്കയിലെ ആല്‍ബ ഡി ടോര്‍മെസിലെ മൗണ്ട് കാര്‍മല്‍ മാതാവിന്റെ അനൗണ്‍സിയേഷന്‍ ബസിലിക്കയില്‍ ഭൗതികദേഹം കാണാന്‍ നിരവധി വിശ്വാസികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം വിശുദ്ധയുടെ കല്ലറ ഭൗതികദേഹം സൂക്ഷിച്ചിട്ടുള്ള പേടകം തുറന്നപ്പോള്‍ എല്ലാവരും അത് ദൈവത്തിന്റെ അത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് വാഴ്ത്തിയത്.

ജീവിച്ചിരുന്ന കാലത്ത് അവരെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പോലും ഇപ്പോള്‍ പരിശോധിച്ച വിദഗ്ധര്‍മാര്‍ക്ക് കഴിഞ്ഞു എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓഗസ്റ്റ് 28 ന് സ്പെയിനിലെ അവില രൂപതയില്‍ വച്ച്, ജനറല്‍ പോസ്റ്റുലേറ്റര്‍ ഓഫ് ദി ഓര്‍ഡര്‍ മാര്‍ക്കോ ചീസയാണ് വിശുദ്ധ തെരേസയുടെ മൃതദേഹം പുറത്തെടുത്തത്. അന്ന് സമൂഹ മാധ്യമങ്ങളില്‍ ഇത് വലിയൊരു വാര്‍ത്തയായിരുന്നു.

അവരുടെ ശരീരത്തിന് യാതൊരു കേടുപാടും പറ്റിയിട്ടില്ല എന്ന കാര്യം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ശവകുടീരം തുറന്നപ്പോള്‍, 1914 ല്‍ വിശുദ്ധ തെരേസയുടെ മുഖത്തിന്റെയും കാലിന്റെയും ചിത്രങ്ങള്‍ എടുത്തത് ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്തിരുന്നു. എന്നാല്‍ 1914 ല്‍ എടുത്ത ചിത്രങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതിനാല്‍ താരതമ്യം എളുപ്പമല്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. 1914 ല്‍ എടുത്ത ചിത്രങ്ങള്‍ ഒരിക്കലും പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവിടാന്‍ തീരുമാനിച്ചതായും പറയപ്പെടുന്നു.

അവരുടെ ചര്‍മ്മം മമ്മിഫൈ ചെയ്തിരിക്കുന്നതിനാല്‍ അതിന് പ്രത്യേകം നിറമില്ല. എന്നാല്‍ മുഖത്തിന്റ മധ്യഭാഗം വ്യക്തമായി കാണാന്‍ കഴിയും. വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് വിശുദ്ധ തെരേസയുടെ മുഖം വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നാണ് ഫാദര്‍ മാര്‍ക്കോ ചീസ എന്ന വൈദികന്‍ വിശദീകരിക്കുന്നത്.

ചെസ്സ് കളിക്കാര്‍, ലെയ്സ് നിര്‍മ്മാതാക്കള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, കൃപ ആവശ്യമുള്ള ആളുകള്‍,ഭക്തിയുടെ പേരില്‍ പരിഹസിക്കപ്പെട്ടവര്‍, രോഗികള്‍ എന്നിവരുടെ രക്ഷകയാണ് വിശുദ്ധ തെരേസ. ഒരു സ്പാനിഷ് കന്യാസ്ത്രീയായിരുന്നു വിശുദ്ധ തെരേസ. 1970-ല്‍ സഭാ ഡോക്ടറായി ഉയര്‍ത്തപ്പെട്ട ആദ്യത്തെ വനിതയാണ് അവര്‍.

സഭാ സിദ്ധാന്തത്തിന് നല്‍കിയ സംഭാവനകള്‍ക്ക് മരിച്ചുപോയ വിശുദ്ധര്‍ക്ക് നല്‍കുന്ന ഒരു ബഹുമതിയാണ് ഇത്. 1622 മാര്‍ച്ചില്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അതേ സമയം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരിച്ചു പോയ അവരുടെ ഭൗതികദേഹം ഇപ്പോഴും കേടു കൂടാതെയിരിക്കുന്നത് എങ്ങനെ എന്ന കാര്യം വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്.

വിശുദ്ധ തെരേസയുടെ ഭൗതിക ദേഹം സംരക്ഷിക്കുന്നതിന് ആവശ്യമായ കര്‍ശന നടപടികളാണ് സഭ സ്വീകരിച്ചിരിക്കുന്നത്. ഭൗതികദേഹം സൂക്ഷിച്ചിട്ടുള്ള മുറിയിലേക്ക് കടക്കാന്‍ പത്ത് താക്കോലുകളാണ് ഉള്ളത്. മൂന്ന് താക്കോലുകള്‍ ആല്‍ബ ഡ്യൂക്കിന്റെ കൈവശമാണ്. മറ്റ് മൂന്നെണ്ണം ആല്‍ബ ഡി ടോര്‍ംസ് നഗരത്തിന്റെ കൈവശമാണ്.

കൂടാതെ റോമിലെ ഡിസ്‌കാല്‍ഡ് കര്‍മ്മലൈറ്റ് ഫാദര്‍ ജനറലിന്റെ കൈവശം മൂന്നെണ്ണം കൂടിയുണ്ട്. പത്താമത് ഇനി ഒരു താക്കോല്‍ കൂടി ബാക്കിയുണ്ട്. വിശുദ്ധ തെരേസ ജീവിച്ചിരുന്ന സമയത്ത് അവര്‍ക്ക് ഹൃദയാഘാതം, വയറ്റിലെ പ്രശ്നങ്ങള്‍, തലകറക്കം, ബോധം നഷ്ടപ്പെടല്‍ എന്നിവ അനുഭവപ്പെട്ടിരുന്നതായി വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.