- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സോഷ്യല്‍ മീഡിയയിലെ പരിചയം സൗഹൃദമായി; കൂട്ടുകാരിയ്ക്ക് ദുബായില്‍ ജോലി വാങ്ങി കൊടുത്തതും ആണ്‍സുഹൃത്ത്; ലക്ഷ്യമിട്ടത് ജീവിത പങ്കാളിയാക്കല്‍; ആനിമോളുടെ വിവാഹം നിശ്ചയിച്ചുവെന്ന തെറ്റിധാരണയിലെ ആക്രമണമോ? അനിമോളുടെ കൊലയില്‍ ദുരൂഹത തുടരുന്നു; കുറ്റസമ്മതം നടത്തി അബിന്‍; ഒന്നും വിശദീകരിക്കാതെ ദുബായ് പോലീസ്
ദുബായ്: തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനിയെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയിലായെങ്കിലും ദുരൂഹത മാറുന്നില്ല. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലയത് എന്നാണ് സൂചന. ഗില്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ലാല്‍ മോഹന്‍ലാല്‍ (28) ആണ് അറസ്റ്റിലായത്.
ദുബായ് കരാമയില്‍ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിന്‍ലാല്‍ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു.
തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും അബിന്‍ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു. അപ്പോഴും പ്രകോപന കാരണം വ്യക്തമല്ല.
നെയ്യാറ്റിന്‍കരയില്‍ താമസിക്കുന്ന അമ്മ ഗില്‍ഡയുമായി ആനിമോളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബന്ധം വേര്‍പ്പെടുത്തിയതാണ്. ദുബായിലെ ഒരു സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്ന ആനി മോളെ ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് അബിന്‍ലാല്‍ തന്നെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിന്‍ലാലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അബിനും ആനിമോളും സോഷ്യല്‍ മീഡിയിയലൂടെയാണ് പരിചയപ്പെട്ടതും സൗഹൃദത്തിലായതും.
എന്നാല്‍ ആനിമോളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നുവെന്നും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പറയുന്നു. ഇതേ തുടര്‍ന്നുള്ള വാക്കു തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം. എന്നാല്‍ ആനിമോളുടെ വീട്ടുകാര്‍ ഇത് നിഷേധിക്കുകയാണ്. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് മരിച്ച ആനിമോള്‍ ഗില്‍ഡ.
കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. ആനിമോളുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ കൊലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണമൊന്നും ദുബായ് പോലീസ് പുറത്തിറക്കിയിട്ടില്ല.