- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലേബര്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ നിലപാട് മൂലം യുകെയിലെ കോടീശ്വരന്മാര്ക്കെല്ലാം വരുമാനം കുറഞ്ഞു; രണ്ടു ബില്യന്‍ കുറഞ്ഞിട്ടും യുകെയിലെ ഏറ്റവും വലിയ സമ്പന്നന് ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരങ്ങള്‍ തന്നെ; എട്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തല്‍; അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കി കോടീശ്വരനായി ഗ്രഹാം കിംഗും; ബ്രിട്ടണിലെ സമ്പന്നരുടെ കഥ
ലണ്ടന്‍: നോം ഡോം സ്റ്റാറ്റസ് ഉള്ളവര്‍ക്കും ബ്രിട്ടീഷ് വ്യവസായികള്‍ക്കും മേല്‍ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് നടത്തിയ ടാക്സ് റെയ്ഡിന്റെ ഫലമായി ബ്രിട്ടനില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍. യു കെയിലെ അതി സമ്പന്നരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ 35.3 ബില്യന്‍ പൗണ്ടിന്റെ ആസ്തിയുമായി ഇന്ത്യന്‍ വംശജനായ ഗോപി ഹിന്ദുജയും അദ്ദേഹത്തിന്റെ കുടുംബവും തന്നെയാണ് ഒന്നാം സ്ഥാനത്ത്.കഴിഞ്ഞവര്‍ഷം ഇവരുടെ ആസ്തി 37.2 ബില്യന്‍ പൗണ്ടായിരുന്നു. ഏകദേശം 2 ബില്യന്‍ ആസ്തിയുടെ ഇടിവാണ് ഇവര്‍ക്കുണ്ടായിരിക്കുന്നത്. സണ്‍ഡെ ടൈംസിന്റെ റിച്ച് ലിസ്റ്റിലാണ് ഈ കണക്കുള്ളത്.
2024 ല്‍ 165 ശതകോടീശ്വരന്മാരായിരുന്നു യു കെയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 156 ആയി കുറഞ്ഞിട്ടുണ്ട്. സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് പുറത്തിറക്കാന്‍ തുടങ്ങിയ കഴിഞ്ഞ 37 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇതുപോലൊരു ഇടിവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതില്‍ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് ഇനിയോസ് സ്ഥാപകനായ ജിം റാറ്റ്ക്ലിഫിനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹ ഉടമയായ അദ്ദേഹത്തിന്റെ ആസ്തിയില്‍ 6.4 ബില്യന്‍പൗണ്ടിന്റെ ഇടിവാണ് ഉണ്ടായത്.
തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യത്തില്‍ ഇടിവുണ്ടാകുന്നത്. യുക്രെയിനില്‍ ജനിച്ച, ബ്രിട്ടീഷ് അമേരിക്കന്‍ വ്യവസായിയായ സര്‍ ലിയോനാര്‍ഡ് ബ്ലാവറ്റ്‌നിക്കിന്റെ ആസ്തിയില്‍ 3.5 ബില്യന്‍ പൗണ്ടിന്റെ കുറവുണ്ടായപ്പോള്‍, മോസ്‌കോയില്‍ ജനിച്ച്, ഗണിതശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച് വ്യാപാര രംഗത്തേക്ക് മാറിയ അലക്സ് ജെര്‍ക്കോയുടെ ആസ്തിയില്‍ 3.3 ബില്യന്‍ പൗണ്ടിന്റെ കുറവുണ്ടായി. ഫാര്‍മ മേഖലയിലെ പ്രമുഖരായ സര്‍ ഡെന്നിസിനും ലേഡി ഗില്ലിംഗിസിനും 2.5 ബില്യന്‍ പൗണ്ട് നഷ്ടമായപ്പോള്‍, കെമിക്കല്‍ കമ്പനിയായ ഇനിയോസിന്റെ ഡയറക്ടര്‍ ആന്‍ഡി ക്യൂറിക്ക് നഷ്ടപ്പെട്ടത് 1.9 ബില്യന്‍ പൗണ്ടാണ്.
ബ്രിട്ടീഷ് പൗരന്മാര്‍ അല്ലാത്തവര്‍ക്ക്, ബ്രിട്ടന് പുറത്ത് വ്യവസായം വഴിയോ, തൊഴില്‍ എടുത്തോ നേടുന്ന വരുമാനത്തിന് ബ്രിട്ടനില്‍ നികുതി നല്‍കേണ്ടതില്ലാത്ത നോണ്‍ ഡോം ടാക്സ് സ്റ്റാറ്റസ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ലേബര്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. അതിനു പുറമെ വിവാദമായ പല ഭേദഗതികളും കഴിഞ്ഞ ശരത്ക്കാല ബജറ്റില്‍, നികുതി ഘടനയില്‍ കൊണ്ടുവന്നിരുന്നു.ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സിലും ഇന്‍ഗെരിറ്റന്‍സ് ടാക്സിലും ഉള്‍പ്പടെ നിയമ ഭേദഗതികള്‍ ശരത്ക്കാല ബജറ്റില്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്നിരുന്നു.
യു കെയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് മാത്രമല്ല, അവര്‍ക്കെല്ലാം കൂടിയുള്ള മൊത്തം ആസ്തിയും കുറഞ്ഞു വരികയാണെന്ന് പട്ടിക തയ്യാറാക്കിയ റോബര്‍ട്ട്‌സ് വാട്ട്‌സ് പറയുന്നു. മാത്രമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കാനെത്തുന്ന അതിസമ്പന്നരുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഇതിനായി സംസാരിക്കുന്നതിനിടയില്‍, അതിസമ്പന്നരില്‍ നിന്ന് റേയ്ച്ചല്‍ റീവ്‌സിന്റെ നികുതി നയത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായും അദ്ദേഹം പറയുന്നു.
ഏറെ കൗതുകകരമായ കാര്യം, അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കാന്‍വി ദ്വീപിലെ ഒരു കാബ് സ്ഥാപന ഉടമ ഇത്തവണ ശതമോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു എന്നതാണ്. കഴിഞ്ഞ വര്‍ഷം 750 മില്യന്‍ പൗണ്ടായിരുന്നു ഇയാളുടെ ആസ്തി. ഈവര്‍ഷം അത് 1.015 ബില്യന്‍ ആയി ഉയര്‍ന്നു. അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നതിലൂടെയാണ് ഇയാളുടെ ആസ്തിയില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായത്. ഇയാളുടെ ക്ലിയേഴ്സ്പ്രിംഗ് റെഡി ഹോംസ് എന്ന സ്ഥാപനത്തിന്, അഭയാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രതിദിനം 4.8 മില്യന്‍ പൗണ്ടാണ് ഹോം ഓഫീസ് നല്‍കുന്നത്.