പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി അഗ്‌നിരക്ഷാ സേന നെട്ടോട്ടത്തില്‍. കാലവര്‍ഷത്തില്‍ മരങ്ങള്‍ വീണ് റോഡ് ബ്ലോക്ക് നീക്കിയതിന് പുറമേ വാഹനം ഇടിച്ച് റോഡിന് നടുവിലേക്കിട്ട കൂറ്റന്‍ പരസ്യ ബോര്‍ഡും പോസ്റ്റില്‍ ഇടിച്ച് പുകഞ്ഞ കാറും അഗ്‌നിരക്ഷാസേന കൈകാര്യം ചെയ്തു.

തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ ഇലന്തൂരിലാണ് അജ്ഞാത വാഹനം ഇടിച്ച് പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്ന കൂറ്റന്‍ തൂണ്‍ സഹിതം റോഡിന് നടുവില്‍ വീണത്. പത്തനംതിട്ട ഫയര്‍ഫോഴ്സ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റി വാഹന ഗതാഗതം പു:നസ്ഥാപിച്ചു. പുലര്‍ച്ചെ 5.45 ന് ആണ് സംഭവം.

എം.സി റോഡില്‍ കുമ്പാല അമൃത സ്‌കൂളിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു കാര്‍ പുകഞ്ഞത് അടൂര്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി പരിശോധിച്ചു അപകടം ഇല്ല എന്ന് ഉറപ്പു വരുത്തി. യാത്രക്കാര്‍ക്ക് പരുക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. രാവിലെ 8 മണിയോടെ ആണ് സംഭവം. അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍യൂസഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സന്തോഷ്, ദിപിന്‍, അനീഷ് വര്‍ഗീസ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.

കുമ്പഴ കോന്നി റൂട്ടില്‍ പോക്കറ്റ് റോഡില്‍ പ്ലാവ് മരം വീണു ഗതാഗത തടസം ഉണ്ടായത് സേന എത്തി മരം മുറിച്ചുമാറ്റി. മാഞ്ഞാലി മണ്ണടി റോഡില്‍

കൂരിമുക്ക് ഭാഗത്ത് തേക്ക് മരം ഒടിഞ്ഞ് ലൈനിന് മുകളിലൂടെ വീണു പോസ്റ്റ് ഒടിഞ്ഞു റോഡില്‍ വീണു. ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വടക്കടത്തു കാവ് പരുത്തിപ്പാറയില്‍ റോഡിന് കുറുകെ മരം വീണു. വടക്കടത്തുകാവ് ഐടിഐ ജംഗ്ഷന്‍ കോട്ടമുകള്‍ റോഡില്‍ മരം ലൈനിന്റെ മുകളിലൂടെ വീണു ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ റോഡില്‍ വീണു. മരം മുറിച്ചുമാറ്റി. ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.