തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണ് അപകടം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയില്‍വേ പാലത്തിന് താഴെയാണ് അപകടം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്.

ജാം നഗര്‍- തിരുനെല്ലി എക്‌സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മരം പൂര്‍ണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള മഴയും കാറ്റും രൂപപ്പെട്ടിരുന്നു.

ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പെടന്നുവീണ മരത്തിന്റെ ചില്ലകളാണ് ട്രെയിനിന് മുകളില്‍ വീണത്. ഇതും വലിയ അപകടം ഒഴിവാക്കി.

ജാം നഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകള്‍ കാറ്റില്‍ മുറിഞ്ഞ് വീണത്. ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ടിആര്‍ഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു.

ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും സുരക്ഷിതരാണ്. അപകടമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്നതിന് വേണ്ടി ഒരുമണിക്കൂര്‍ സമയം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. മരം മുറിച്ച് മാറ്റി വൈദ്യുതലൈനില്‍ നിന്ന് ചില്ലകള്‍ മാറ്റിയതിന് ശേഷം 11 മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

അതേ സമയം വയനാട്ടിലും മഴ ശക്തമാണ്. ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തില്‍ സുരേഷിന്റെ മകള്‍ നമിതക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ സുല്‍ത്താന്‍ബത്തേരി എടത്തറ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടമുണ്ടായത്.

ഗിത്താര്‍ പഠിക്കുന്നതിനായി എത്തിയ നമിത വാഹനമിറങ്ങി നടന്നുപോകുന്നതിനിടെ പാതയോരത്ത് നിന്നിരുന്ന പൂമരത്തിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ നമിതയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തങ്ങയില്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് റോഡിന് കുറുകെ മരം വീണു. വീണു കിടക്കുന്ന മരത്തിനടിയിലൂടെ കെഎസ്ആര്‍ടിസി ബസ് സാഹസികമായി കടന്നുപോകുന്നതിനിടെ കുടുങ്ങി. പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് കടന്നുപോയത്. മരം പിന്നീട് മുറിച്ചുമാറ്റി.

പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാര്‍ റോഡിലും മരങ്ങള്‍ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡില്‍ മരം കാറിനു മുകളില്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പമ്പ, അച്ചനകോലില്‍ ആറുകളില്‍ ചെറിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലയിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ഗവി അടക്കം വിനോദസഞ്ചാരമേഖലയിലേക്കും യാത്രാവിലക്കുണ്ട്.