കൊച്ചി: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ മരണത്തില്‍ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് പോലീസിന് മുന്നില്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സുകാന്ത് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുകാന്തിന്റെ കീഴടങ്ങല്‍. ഇതോടെ കേരളാ പോലീസ് അരിച്ചു പെറുക്കിയ പ്രതി കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അറസ്റ്റ് ഒഴിവാക്കി കീഴടങ്ങലിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ശ്രദ്ധേയം.

സുകാന്ത് രാജ്യം വിട്ടുവെന്ന് വരെ പ്രചരണമുണ്ടായിരുന്നു. സംസ്ഥാനം വിട്ട പ്രതിയെ എങ്ങനെ കണ്ടെത്തുമെന്നും ചോദ്യങ്ങള്‍ പോലീസില്‍ നിന്നുയര്‍ന്നു. അത്തരത്തിലൊരു പ്രതിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇതോടെ പോലീസിന്റെ മൂക്കിന് താഴെ തന്നെ സുകാന്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തം. കേരളാ പോലീസിന് നാണക്കേടായി മാറുകയാണ് ഈ കീഴടങ്ങല്‍.

സുകാന്തിന്റെ കുഞ്ഞമ്മയുടെ മകന്‍ കൊച്ചിയിലാണ് താമസിച്ചിരുന്നത്. ഈ ബന്ധുവിന്റെ അടുത്ത് സുകാന്ത് ഉണ്ടാകുമെന്ന് മറുനാടന്‍ അടക്കം വാര്‍ത്ത നല്‍കി. പക്ഷേ ഇതൊന്നും മുഖവിലയ്ക്കെടുത്തുള്ള അന്വേഷണം പോലീസിന്റെ ഭാഗത്തുണ്ടായില്ല. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും വരെ സുകാന്തിന് ഒളിവില്‍ താമസിക്കാന്‍ അവസരമൊരുക്കിയെന്നാണ് ഉയരുന്ന സംശയം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ സുകാന്തിന് മുന്നില്‍ മറ്റൊരു സാധ്യതയില്ലാതെയായി. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍. ഇതോടെ സുകാന്ത് ജയിലിലാകുമെന്നും ഉറപ്പായി.

സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് കൊച്ചിയില്‍ പ്രതി കീഴടങ്ങിയത്. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി തള്ളിയത്. പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞശേഷമാണ് സുകാന്തിന്റെ നാടകീയ കീഴടങ്ങല്‍.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്. യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതിനെ എതിര്‍ത്ത വീട്ടുകാരുടെ സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു വാദം. എന്നാല്‍ കേസ് അന്വേഷണത്തില്‍ തെളിയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് കോടതി പറഞ്ഞു. ഒന്നിലേറെ ബന്ധങ്ങളുമായാണു പ്രതി മുന്നോട്ടു പോയത്. മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചു കൊടുത്തിരുന്നു. എല്ലാ വിധത്തിലും യുവതിക്കു മേല്‍ പ്രതി ആധിപത്യം സ്ഥാപിച്ചിരുന്നു.

യുവതിയെ മരിക്കുന്നതിനു പ്രേരിപ്പിക്കുന്നതായ കാര്യങ്ങള്‍ കൂടി പ്രതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആത്മഹത്യാ പ്രേരണാകുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് ഡയറിയിലെ വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുവതിയും സുകാന്തുമായുള്ള ടെലഗ്രാമിലെ ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'നീ എന്നു മരിക്കും' തുടങ്ങിയ കാര്യങ്ങളായിരുന്നു സുകാന്തിന്റെ ചാറ്റിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ മെയ് 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതുവരെ സുകാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് അന്വേഷണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. മരണം ഉണ്ടായി രണ്ടു മാസമായിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തില്‍ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണെന്നും പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു.

അതേസമയം, ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.