എഴുത്തു ഭാഷയില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ മാറി വരുന്നതായി പഠന റിപ്പോര്‍ട്ട്; വിരാമ ചിഹ്നവും അര്‍ദ്ധവിരാമ ചിഹ്നവുമെല്ലാം പുത്തന്‍ തലമുറ ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ സൂചിപ്പിക്കാന്‍; ജെന്‍ സെഡ് പംഗ്‌ച്വേഷന്‍ മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനെന്നറിയാം

ത്യേന ഉപയോഗിക്കുന്ന എഴുത്തുകളിലെ പംഗ്‌ച്വേഷന്‍ മാര്‍ക്കുകളുടെ അര്‍ത്ഥം തികച്ചും വ്യത്യസ്തമായ രീതിയിലാണ് പുതിയ തലമുറ വ്യാഖ്യാനിക്കുന്നതെന്ന് ഭാഷാ വിദഗ്ധനായ നോയല്‍ വോള്‍ഫ് പറയുന്നു. ചാറ്റുകളിലും, സമൂഹമാധ്യമ പോസ്റ്റുകളിലുമൊക്കെ പുത്തന്‍ തലമുറ ഉപയോഗിക്കുന്ന ഫുള്‍ സ്റ്റോപ്പുകള്‍ക്കും, ക്വട്ടേഷന്‍ മാര്‍ക്കുകള്‍ക്കുമൊക്കെ തികച്ചും വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ് അവര്‍ കല്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സെമികോളന്‍ ഏതാണ്ട് മൃതാവസ്ഥയിലായെന്നും പുത്തന്‍ തലമുറ അത് ഉപയോഗിക്കുന്നത് തീരെ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഉദ്‌സാഹരണത്തിന് പുതിയ തലമുറ ഫുള്‍സ്റ്റോപ്പുകള്‍ ഉപയോഗിക്കുന്നത് ഒരു വാചകം പൂര്‍ത്തിയായി എന്ന് സൂചിപ്പിക്കാനല്ല മറിച്ച് ഒരു മൂര്‍ച്ചയില്ലാത്ത വ്യംഗ്യം ആയി മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അതുപോലെ, ഇന്വേര്‍ട്ടഡ് കോമ അല്ലെങ്കില്‍ ക്വട്ടേഷന്‍ മാര്‍ക്ക് എന്നറിയപ്പെടുന്ന ചിഹ്നം ഒരുകാലത്ത് ഉപയോഗിച്ചിരുന്നത്, മറ്റൊരാളുടെ വാചകം ഉദ്ധരിക്കാനോ അല്ലെങ്കില്‍ നേരിട്ടുള്ള ഒരു സംഭാഷണത്തെ സൂചിപ്പിക്കാനോ ആനെങ്കില്‍ ഇന്ന് അത് ഉപയോഗിക്കുന്നത് ഒരു വിരോധാഭാസം ചൂണ്ടിക്കാട്ടാനോ ആക്ഷേപഹാസ്യമെന്ന് സൂചിപ്പിക്കാനോ ആണെന്ന് അദ്ദേഹം പറയുന്നു.

ഉദാഹരണത്തിന്, സുഖമാണ് എന്നത് 'സുഖമാണ് ' എന്നെഴുതിയാല്‍ അത് അര്‍ത്ഥമാക്കുന്നത് അതിന്റെ നേര്‍ വിപരീതമാണെന്നാണ് അദ്ദേഹം പറയുന്നത്. ടിക്ടോക്, ഇന്‍സ്റ്റാഗ്രാം, എക്സ് പോലുള്ള പ്ലാറ്റ് ഫോമുകളിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായി കാണുന്നത്. സാലി റൂണിയെ പോലുള്ള, ആധുനിക കാലത്തെ ചില എഴുത്തുകാരുടെ രചനകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. പരമ്പരാഗത വ്യാകരണത്തെ പുത്തന്‍ തലമുറ നശിപ്പിക്കുന്നതായിട്ടാണ് പലരും കണക്കാക്കുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ അതിന്റെ നേര്‍ വിപരീതമാന് സംഭവിക്കുന്നതെന്ന് നോയല്‍ പറയുന്നു.

വ്യാകരണം നശിപ്പിക്കപ്പെടുകയല്ല, മറിച്ച് അതിന്റെ കൂടുതല്‍ സര്‍ഗാത്മകമായ ഒരു അനുരൂപീകരണമാണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പംഗ്‌ച്വേഷന്‍ മാര്‍ക്കുകള്‍ക്ക് ഇപ്പോഴും മൂല്യമുണ്ട് പക്ഷെ അവ നിര്‍വഹിക്കുന്ന കര്‍മ്മങ്ങള്‍ക്ക് പരിണാമം സംഭവിക്കുകയാണെന്നും നോയല്‍ പറയുന്നു. ഹ്രസ്വ സന്ദേശങ്ങള്‍ വഴിയുള്ള ആശയവിനിമയത്തിന് പ്രസക്തിയേറുന്ന കാലത്ത് പുത്തന്‍ തലമുറ, വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്കപ്പുറമുള്ള സ്വഭാവങ്ങളും, ശൈലീ വൈവിധ്യവും സൂചിപ്പിക്കാനാണ് അവയെ ഉപയോഗിക്കുന്നതെന്നും ലോയല്‍ പറയുന്നു. ഇന്റര്‍നെറ്റിന്റെ വിപുലമായ ഉപയ്യോഗമാണ് ഇത്തരത്തില്‍ ഒരു മാറ്റം കൊണ്ടുവന്നത്.

പുത്തന്‍ തലമുറയുടെ ചില പംഗ്‌ച്വേഷന്‍ മാര്‍ക്കുകളും അവയുടെ പുത്തന്‍ അര്‍ത്ഥങ്ങളും

ക്വട്ടേഷന്‍ മാര്‍ക്ക് - വിപരീതാര്‍ത്ഥം സൂചിപ്പിക്കുന്നത് അല്ലെങ്കില്‍ ആക്ഷേപഹാസ്യ രൂപേണ വാക്ക് ഉപയോഗിക്കുന്നത്. വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിന്നും വൈകാരികമായ അകലം സൂചിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. ഡാഷ് - ഒരു കാര്യം ഊന്നി പറയാനോ അതല്ലെങ്കില്‍, ഭാഷാശൈലിയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം സൂചിപ്പിക്കാനോ ഉപയോഗിക്കുന്നു. കോമ - സംസാര രീതികളെ അനുകരിക്കാന്‍ ഉപയോഗിക്കുന്നു. ആശ്ചര്യ ചിഹ്നം - ഒരു സുഹൃദ്‌സ്പര്‍ശം നല്‍കുന്നതിന് ഉപയോഗിക്കുന്നു. തുടര്‍ച്ചയായ മൂന്ന് വിരാമചിഹ്നങ്ങള്‍ ബ സംശയമോ, വൈകാരിക വൈവിധ്യമോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.