- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂല്യനിര്‍ണയം കുട്ടികളെ അറിയാനും പിന്തുണയൊരുക്കാനും അധ്യാപക മെന്റര്‍; കുട്ടി പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ കാര്യമെന്താണെന്ന് വിലയിരുത്തി ആവശ്യമായ പരിഗണന നല്‍കും; കൗണ്‍സലിങ് വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകളും; 20 വിദ്യാര്‍ഥികള്‍ക്ക് ഒരു മെന്റര്‍; അക്കാദമിക മാസ്റ്റര്‍ പ്ലാനും റെഡ്ഡി
തിരുവനന്തപുരം: സൂബാ ഡാന്‍സിനൊപ്പം മറ്റൊരു പരിഷ്കാരവും. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം പോലെയുള്ളവ വിലയിരുത്തി പിന്തുണ നല്കാന് സ്കൂളുകളില്‍ മെന്റര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍. 20 വിദ്യാര്‍ഥികള്‍ക്ക് ഒരു മെന്റര്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. വിദ്യാഭാസ്യത്തില് അടിമുടി മാറ്റങ്ങള്‍ കേരളം കടക്കുന്നതിന്റെ സൂചനയാണ് ഇത്. അധ്യാപകരാകും മെന്റര്‍മാരുടെ റോളില്‍ എത്തുക.
മൂല്യനിര്‍ണയം കുട്ടികളെ അറിയാനും പിന്തുണയൊരുക്കാനുമുള്ള സൂചകമാകണം. കുട്ടി പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ കാര്യമെന്താണെന്ന് വിലയിരുത്തി ആവശ്യമായ പരിഗണന ലഭ്യമാക്കണം. സ്കൂള്‍തലത്തില്‍ കൗണ്‍സലിങ് വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നുമുള്ള വിവിധ നിര്‍ദേശങ്ങളോടെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 15 നകം പൂര്‍ത്തികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കയിരുന്നു.
വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസ്സിലാക്കി, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കു വ്യക്തിഗത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ഭിന്നശേഷിക്കാരെ പരിഗണിച്ചുള്ള പ്രത്യേക പരിശീലനമുറികള്, പഠനോപകരണങ്ങള്‍ എന്നിവയ്ക്കൊപ്പം നവീന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയ പരിശീലനവും ആസൂത്രണം ചെയ്യും. ഇവര്‍ക്ക് തൊഴില്‍പരിശീലനത്തിനും അവസരമൊരുക്കണം.
ക്ലാസ്റൂം പഠനം ആസ്വാദ്യകരമാക്കാനും വിഭവലഭ്യത ഉറപ്പാക്കാനും ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടര്‍ ലാബ്, കൈറ്റ് തുടങ്ങിയ ആധുനിക പഠനപിന്തുണാ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും മാസ്റ്റര്‍പ്ലാനില്‍ പദ്ധതികളുണ്ട്. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ഭാഷകളിലെല്ലാം ആശയവിനിമയ ശേഷി ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കും. അധ്യയന വര്‍ഷത്തിലെ ഓരോ മാസവും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കലണ്ടറും തയ്യാറാക്കി. പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ സ്കൂള്‍തല മോണിറ്ററിങ് സമിതി രൂപീകരിച്ച് പ്രതിമാസ അവലോകന യോഗങ്ങള്‍ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തും.
സ്കൂള്‍ തുറക്കുന്നതുമായിബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗത്തില്‍ മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ആ യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു, തദ്ദേശ ഭരണ മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ മന്ത്രി ജി ആര് അനില്‍, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് അതിവേഗം ഇറങ്ങിയത്.