ലോകത്തെ ഞെട്ടിച്ച അത്യാഡംബര വിവാഹത്തിന് പിന്നാലെ മധുവിധുവിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസും ഭാര്യ ലോറന്‍ സാഞ്ചസും. വിവാഹം പോലെ തന്നെ ഹണിമൂണും ആഡംബരമാക്കാന്‍ തന്നെയാണ് ദമ്പതികള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന നിലയിലുള്ള ആദ്യ അവധിക്കാലം അടിച്ചുപൊളിക്കാന്‍ തന്നെയാണ് ഇരുവരും ധരണയായിരിക്കുന്നത് എന്നാണ് ഇവരോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ ഹണിമൂണിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ബെസോസിന്റെ 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഡംബര നൗകയായ കൊറുവിലേക്ക് ഒരു ഹെലികോപ്റ്ററിലാണ് ദമ്പതികള്‍ യാത്ര ചെയ്യുന്നത്. ദമ്പതികള്‍ ആദ്യം

സിസിലിയിലെ ടോര്‍മിനയിലേക്ക് പോകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും സിസിലി തീരത്തും അയോലിയന്‍ ദ്വീപുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ മുതല്‍ ബെസോസിന് ഈ സ്ഥലം വളരെയേറെ ഇഷ്ടപ്പെട്ടു പോയി എന്നാണ് പറയപ്പെടുന്നത്.

ഇവരുടെ നൗക ടോര്‍മിനോയില്‍ നങ്കൂരമിടും എന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ ഫോര്‍ സീസണ്‍സ് സാന്‍ ഡൊമെനിക്കോ

പാലസ് എന്ന നക്ഷത്ര ഹോട്ടലിലായിരിക്കും തങ്ങുക. ആഡംബരത്തിന്റെ അവസാന വാക്കായിട്ടാണ് ഈ ഹോട്ടല്‍ അറിയപ്പെടുന്നത്. ഇവിടുത്തെ സ്യൂട്ടിന് ഒരു രാത്രിയിലേക്ക് ഏഴായിരം യൂറോയില്‍ അധികമാണ് നല്‍കേണ്ടത്. സിസിലിയന്‍ കുന്നിന്‍ മുകളിലുള്ള പട്ടണത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അയോണിയന്‍ കടലിനടുത്തും മൗണ്ട് എറ്റ്ന എന്ന സജീവ അഗ്നിപര്‍വ്വതത്തിന് താഴെയുമായി മുന്തിരിത്തോട്ടങ്ങളും പുരാതന ഗ്രീക്ക് തിയേറ്ററും മധ്യകാല ഗ്രാമങ്ങള്‍ കൊണ്ട് അനുഗൃഹിതമാണ് ഈ മേഖല. ഒസ്‌ക്കാര്‍ വൈല്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഒരു കാലത്ത് ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുമായിരുന്നു. 1943 ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മന്‍ സൈനികര്‍ ഇവിടെയാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് സഖ്യ സേന ഈ കെട്ടിടത്തിന് നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കെട്ടിടം പുനരുദ്ധരിച്ച് ഹോട്ടലാക്കി മാറ്റിയത്. 2017 ലെ ജി-സെവന്‍ ഉ്ച്ചകോടിക്കും ആതിഥ്യം

വഹിച്ചത് ഇതേ ഹോട്ടലാണ്. 61 കാരനായ ബെസോസും 55 കാരിയായ ലോറന്‍ സാഞ്ചസും തമ്മിലുള്ള വിവാഹത്തെ ഒരു നൂറ്റാണ്ടിന്റെ വിവാഹം എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുളള 200 ഓളം വി.വി.ഐ.പികളാണ് മൂന്ന് ദിവസം നീണ്ട വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയത്.

മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം ഇന്നലെ വെനീസിലെ അമന്‍ ഹോട്ടലില്‍ നിന്ന് ബോട്ടില്‍ നവദമ്പതികള്‍ ബോട്ടില്‍ ഇരുന്ന് കൈവീശി യാത്ര പറയുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അയഞ്ഞ വെളുത്ത സ്ലീവ്‌ലെസ് വസ്ത്രവും കറുത്ത തൊപ്പിയും ധരിച്ച ലോറന്‍ സാഞ്ചസ് അതീവ സുന്ദരിയായി കാണപ്പെട്ടു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ജെഫ് ബെസോസ് ആകട്ടെ പാന്റും ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.