- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര്‍ എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള സര്‍വകലാശാല വൈസ് ചാന്‍സലറും തുറന്ന പോരിലേക്ക്. വിസിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു ഇന്നലെ തുറന്നടിച്ചു. ഇതോടെ കേരളാ സര്‍വ്വകലാശാലാ നേതൃത്വവും സര്‍ക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലിന് നീങ്ങുകയാണ്.
വൈസ് ചാന്‍സലര്‍ ആര്‍എസ്എസ് അനുഭാവം പലവട്ടം സ്വീകരിച്ചതാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരേ സ്വീകരിച്ച നടപടിയെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരേ വൈസ് ചാന്‍സലര്‍ രാജ്ഭവനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലുമായുള്ള പോര് രൂക്ഷമായത്. രജിസ്ട്രാര്‍ക്കെതിരെ വിസി നടപടി എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് സര്‍വ്വകലാശാലാ ചാന്‍സലര്‍. അതുകൊണ്ട് രജിസ്ട്രാറിറിയില്‍ നിന്നും രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയേക്കും.
സെനറ്റ് ഹാളില്‍ നടന്ന സംഭവത്തില്‍ പരാതി കിട്ടിയപ്പോള്‍ നടപടി എടുത്ത രജിസ്ട്രാര്‍ക്കെതിരേയാണ് വിസി നിലകൊണ്ടതെന്ന ആരോപണമാണ് സര്‍ക്കാരിന്റേത്. ഇതോടെ വേിസിയും ഗവര്‍ണറും ഒരു വശത്തും ഉന്നത വിദ്യാഭ്യാസമന്ത്രിയും രജിസ്ട്രാറും മറുവശത്തും നിന്നുള്ള ഏറ്റുമുട്ടലുകളിലേക്കാണ് നീങ്ങുന്നത്. രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് വിസി കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. രജിസ്ട്രാര്‍ക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് വിസി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കൈമാറിയത്. വിസിയുടെ ആര്‍എസ്എസ് ആഭിമുഖ്യമാണ് ഇതിന് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതാണ് മന്ത്രി ബിന്ദു പ്രതിഫലിപ്പിക്കുന്നത്.
ചടങ്ങ് അട്ടിമറിക്കാന്‍ ചില സിന്‍ഡിക്കറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം മാത്രം പോരാ, ബാഹ്യമായ അന്വേഷണവും ആവശ്യമാണെന്ന് വിസി രാജ്ഭവന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. മന്ത്രി നേരിട്ട് വിസിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നതോടെ വരും ദിവസങ്ങളില്‍ കേരള സര്‍വ്വകലാശാലയിലെ ഭാരതാംബ ചിത്രവിവാദം കൂടുതല്‍ പ്രതിസന്ധികളിലേക്ക് കടക്കും.
ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങില്‍ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ സ്വഭാവമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിഷയമാണ്. രജിസ്ട്രാര്‍ക്ക് കൃത്യമായ ഉത്തരവാദിത്ത ബോധമുണ്ടായില്ല ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചത്. സെക്യൂരിറ്റി ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നിവര്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. വേദിയിലെത്തിയിട്ടും രജിസ്ട്രാര്‍ക്ക് താന്‍ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് സാക്ഷ്യപ്പെടുത്താനും സാധിച്ചില്ല. ദേശീയഗാനം ആലപിക്കുമ്പോഴും ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോഴും ഹാളില്‍ ചടങ്ങിന് അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ധിക്കാരപരമായിരുന്നു-ഇതാണ് വിസിയുടെ റിപ്പോര്‍ട്ട്.
ഭാരതാംബയുടെ ചിത്രം മാലയിട്ട് പ്രദര്‍ശിപ്പിച്ചതിനാല്‍ ചടങ്ങ് അട്ടിമറിക്കാന്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചെന്ന സംഘാടകരായ ശ്രീപദ്മമനാഭ സേവാ സമിതിയുടെ പരാതിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനുമതി റദ്ദാക്കിയതിനു വ്യക്തമായ കാരണങ്ങളില്ല. ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നിയമപ്രകാരം സെക്യൂരിറ്റി ഓഫീസറുടെയും പി.ആര്‍.ഒ സെക്ഷന്റെയും റിപ്പോര്‍ട്ട് ലഭിച്ചതിനെയും, പൊലീസ് അഭ്യര്‍ത്ഥിച്ചതിനെയും തുടര്‍ന്നാണ് ചടങ്ങിനുള്ള അനുമതി റദ്ദാക്കിയതെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ പ്രതികരിച്ചു.