രു കാലത്ത് 90സ് കിണ്ടുകളുടെ വികാരമായ മനുഷ്യൻ തന്നെയായിരുന്നു 'ദി അണ്ടർടേക്കർ'. ആ സമയത്ത് ഡബ്ല്യുഡബ്ല്യുഇ യുടെ ഒരു സുവർണ്ണ കാലഘട്ടം കൂടി തന്നെയായിരുന്നു. അണ്ടർടേക്കറിന്റെ ഒരു മാച്ച് പോലും മുടങ്ങാതെ കാണുന്ന ആരാധകർ വരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ, കടുത്ത ആരാധകനായ ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ഡബ്ല്യുഡബ്ല്യുഇ താരങ്ങളിൽ തനിക്ക് ഏറെ പ്രിയപ്പെട്ട അണ്ടർടേക്കറിൽ നിന്നും സമൂഹ മാധ്യമത്തിൽ അഭിനന്ദനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ കുട്ടി ആരാധകൻ. തന്‍റെ അച്ഛനോടൊപ്പം ഏതാനും ദിവസങ്ങൾക്ക് മുൻപ് കുട്ടി ചെയ്ത ഒരു വീഡിയോയാണ് അണ്ടർടേക്കറിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വീഡിയോ കണ്ട് അദ്ദേഹം അതിന് താഴെ കുറിച്ചത് 'വെൽഡൺ യങ്ങ് മാൻ' എന്നായിരുന്നു.

ജൂലൈ നാലിനാണ് ഈ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയും അവന്‍റെ അച്ഛനുമാണ് വീഡിയോയിലെ താരങ്ങൾ. വീഡിയോയിൽ, അച്ഛൻ പശ്ചാത്തലത്തിൽ ഹാർമോണിയം വായിക്കുമ്പോൾ, അണ്ടർടേക്കറുടെ എൻട്രി കുട്ടി അനുകരിക്കുകയായിരുന്നു. വളരെ വേഗത്തിൽ സമൂഹ മാധ്യമ ശ്രദ്ധ നേടിയ വീഡിയോ ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്യുകയും കമൻറ് ചെയ്യുകയും ചെയ്തു. അങ്ങനെ അത് ഒടുവിൽ സാക്ഷാൽ അണ്ടർടേക്കറുടെ ശ്രദ്ധയിലും പെട്ടു. ഉടൻതന്നെ അദ്ദേഹം തന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നും കുട്ടിയെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതുകയും ചെയ്തു.

വൈറലായ ഈ വീഡിയോ ആദ്യം നവ മാധ്യമത്തില്‍ പങ്കുവച്ചത് @gauravsarwan എന്ന അക്കൗണ്ടിൽ നിന്നാണ്. പിന്നീട് @gharkekalesh എന്ന ജനപ്രിയ സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോയും അണ്ടർടേക്കറിന്‍റെ മറുപടിയും വളരെ വേഗത്തിൽ സമൂഹ മാധ്യമത്തില്‍ ചർച്ചയായി. സാക്ഷാൽ അണ്ടർടേക്കർ തന്നെയാണോ മറുപടി നൽകിയതെന്നും ഇത് വിശ്വസിക്കാൻ ആകുന്നില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

അണ്ടർടേക്കറിനും വീഡിയോ കണ്ട മറ്റെല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് കുട്ടിയും അച്ഛനും ഇപ്പോൾ മറ്റൊരു വീഡിയോയും നവ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്.