- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാണാതായ വയോധികയെ കണ്ടെത്തിയത് വനമേഖലയോട് ചേര്‍ന്ന്; ദുര്‍ഘടമായ പാതയിലുടെ അമ്മയെ കുഞ്ഞിനെയെന്ന പോലെ എടുത്തു ഇന്‍സ്പെക്ടര്‍ റോഡില്‍ എത്തിച്ചു; ഇത് മലയാലപ്പുഴ എസ്എച്ച്ഓ ശ്രീജിത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
ഇത് മലയാലപ്പുഴ എസ്എച്ച്ഓ ശ്രീജിത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
പത്തനംതിട്ട: കാണാതായ വയോധികയെ കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. ദുര്‍ഘടമായ പാതയിലൂടെ ചുമന്ന് റോഡില്‍ കൊണ്ടു വന്ന് പോലീസ് ഇന്‍സ്പെക്ടര്‍. മലയാലപ്പുഴ വടക്കുപുറം നല്ലൂര്‍ തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതി( 77) എന്ന വൃദ്ധമാതാവിനെയാണ് മലയാലപ്പുഴ എസ്എച്ച്ഓ ബി.എസ്. ശ്രീജിത്ത് ഒരു കുഞ്ഞിനെയെന്ന വണ്ണം ചുമന്ന് കൊണ്ടു വന്നത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് 77 വയസുള്ള അമ്മയെ കാണുന്നില്ല എന്ന പരാതിയുമായി മകന്‍ ബിജു മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തിയത്. ബിജുവിന്റെ കൂടെ വന്ന മകനോടൊപ്പം പോലീസ് സംഘവുമായി ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി അന്വേഷിച്ചു. വളരെ ദുര്‍ഘടമായ സ്ഥലമായിരുന്നു അത്. പാറക്വാറിയും പാറക്കുളവുമൊക്കെയുള്ള സ്ഥലം. അമ്മ പതിവുപോലെ രാവിലെ അമ്പലത്തില്‍ പോയതാണ്. പിന്നെ കാണാതായി. വിശാലമായ റബ്ബര്‍ തോട്ടവും തുടര്‍ന്ന് കാടും. എല്ലായിടവും പോലീസ് സംഘം തിരഞ്ഞു. ഒടുവില്‍ കാടിനോട് ചേര്‍ന്ന് ഏറെ അവശയായ നിലയില്‍ വൃദ്ധയെ കണ്ടെത്തി. അവിടെ നിന്നും റോഡിലേക്ക് പാറക്കല്ലുകള്‍ നിറഞ്ഞ കുത്തിറക്കവും കയറ്റവും ഉണ്ടായിരുന്നു. കാഴ്ചക്കുറവിന്റെ പ്രയാസവും അലട്ടുന്ന അവര്‍ രണ്ടു പേരുടെ കയ്യില്‍ പിടിച്ചെങ്കിലും വേച്ചുവീണുപോകുന്ന അവസ്ഥയിലായിരുന്നു. ഇതേ പ്രായത്തിലുള്ള സ്വന്തം അമ്മയെ കുറിച്ച് ഓര്‍ത്ത ഇന്‍സ്പെക്ടര്‍ വൃദ്ധയെ കൈകളില്‍ കോരിയെടുത്ത് കല്ലുകള്‍ തീര്‍ത്ത തടസ്സവും ഇറക്കവും കയറ്റവും ശ്രദ്ധിക്കാതെ മുക്കാല്‍ കിലോമീറ്ററോളം ദൂരം അതിവേഗം താണ്ടി തോളിലേറ്റി റോഡിലെത്തിച്ചു, തുടര്‍ന്ന് ആശുപത്രിയിലും. പ്രഥമശുശ്രൂഷക്ക് ശേഷം മകന്‍ ബിജുവിനൊപ്പം കൂട്ടിയയക്കുകയും ചെയ്തു.
ജീവന്‍ അപകടത്തില്പെടാവുന്ന സാഹചര്യത്തില്‍ രക്ഷയുടെ കരങ്ങള്‍ നീട്ടി അദ്ദേഹം കോരിയെടുത്തത് പ്രമേഹവും രക്തസമ്മര്‍ദ്ദവും തുടങ്ങി നിരവധി അസുഖങ്ങളുള്ള, പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സരസ്വതി താമസിക്കുന്ന വീട് റോഡില്‍ നിന്നും കുറെ ഉള്ളിലുള്ള ഉപ്പിടും പാറ എന്നയിടത്താണ്, തനിച്ചാണ് താമസം. വീടിന്റെ താഴ്ഭാഗം കാടുപിടിച്ച് കിടക്കുകയാണ്. രണ്ടു മക്കളുള്ള ഇവരുടെ ഭര്‍ത്താവ് ഗോപാലന്‍ ആചാരി നേരത്തെ മരണപ്പെട്ടു. കുറച്ച് താഴെയുള്ള വീട്ടില്‍ മകളും കുടുംബവും. മകന്‍ ഇലക്കുളത്താണ് താമസിക്കുന്നത്. ഇവര്‍ മകളുടെ പരിചരണത്തിലാണുള്ളത്. ദിവസവും രാവിലെ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ പോകും, ഇന്നലെയും പതിവുപോലെ പോയതാണ്, പിന്നെയാണ് കാണാതായത്. പലയിടത്തും തിരഞ്ഞിട്ടും കാണാതെയാണ് മകന്‍ വൈകിട്ടോടെ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്നാണ് എസ് എച്ച് ഓയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി വൈകിട്ട് 6.30 ഓടെ വടക്കുപുറം മീന്‍മുട്ടിക്കല്‍ വെള്ളചാട്ടത്തിന് സമീപം കാടിനോട് ചേര്‍ന്ന് കണ്ടെത്തിയത്.
ഏത് അനിവാര്യ ഘട്ടങ്ങളിലും സന്ദര്‍ഭങ്ങളിലും ഉറവവറ്റാത്ത ആര്‍ദ്രതയുടെ മുഖവുമായി, കരുതലിന്റെ കരുത്തുള്ള കരങ്ങളുമായി കേരള പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇത്തരം ഹൃദയസ്പര്‍ശിയായ അനുഭവങ്ങളിലൂടെ. എസ് സി പി ഓ അജിത് പ്രസാദ്, സി പി ഓമാരായ അനില്‍, അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത് .