കാസര്‍കോട്: ഗുരുപൂര്‍ണിമയുടെ ഭാഗമായി കാസര്‍കോട്ടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസിനോടും കമ്മിഷന്‍ വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പിനോടും വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. വിഷയം അടിയന്തര സ്വഭാവത്തില്‍ അന്വേഷിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. പാദപൂജ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ നഗ്‌നമായ ലംഘനമാണെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വ.ബി മോഹന്‍ കുമാര്‍ പറഞ്ഞു.

'പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കുട്ടികളെ അന്ധവിശ്വാസങ്ങളിലേയ്ക്കും അനാചാരങ്ങളിലേയ്ക്കും വഴിതിരിച്ചുവിടുന്ന പ്രവൃത്തിയാണിത്. വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കും. കുട്ടികള്‍ക്കും ആത്മാഭിമാനമുണ്ട്, എന്നിട്ടാണ് അദ്ധ്യാപകരുടെ കാല്‍ച്ചുവട്ടില്‍ ഇരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടണം. മത നിലപാട് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതാത് വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകര്‍ക്കെതിരെ കേസെടുക്കും'- മോഹന്‍ കുമാര്‍ വ്യക്തമാക്കി.

കുട്ടികളെക്കൊണ്ട് കാല്‍ കഴുകിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ലെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചിരുന്നു. കാസര്‍കോട്ടെ ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പൂര്‍വാദ്ധ്യാപകരുടെ കാല്‍ കഴുകിച്ചതാണ് വിവാദമായത്. സ്‌കൂളില്‍ നിന്നും വിരമിച്ചു പോയ 30 ഓളം അദ്ധ്യാപകരുടെ കാല്‍ കഴുകിച്ച് പൂക്കളിട്ട് പൂജിപ്പിച്ചുവെന്നാണ് ആക്ഷേപം. കണ്ണൂര്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലും സമാന സംഭവങ്ങളുണ്ടായതായി പരാതി ഉയര്‍ന്നു.

അതേ സമയം വിവാദ നടപടിയെ ന്യായികരിച്ച് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി നേതാവ് കെ കെ അനൂപ് രംഗത്ത് വന്നു. കുട്ടികള്‍ ബഹുമാനം കൊണ്ട് ചെയ്യുന്നതാണെന്നും അതിനെ പാദ പൂജ എന്ന് വിളിക്കരുതെന്നും അനൂപ് പറഞ്ഞു. അക്രമം നടത്തുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെപോലെയാകരുത് വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ അല്ലെങ്കിലും താന്‍ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ പോകാറുണ്ടെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബഹുമാനിച്ചത് എന്നും അനൂപ് പറഞ്ഞു. മാവേലിക്കര വിവേകാനന്ദ വിദ്യപീഠം സ്‌കൂളിലായിരുന്നു പാദ പൂജയെന്ന പേരില്‍ ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിച്ചത്.

ഗുരുപൂര്‍ണിമ ചടങ്ങുകളുടെ ഭാഗമെന്ന് അവകാശപ്പെട്ട് മാവേലിക്കര വിവേകാനനന്ദ വിദ്യാപീഠം സ്‌കൂളിലായിരുന്നു അധ്യാപകര്‍ക്ക് പുറമെ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാലും വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിച്ചത്. അനധ്യാപകനായ അനൂപ് മാനേജ്മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.