- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലുകളുടെ ബലക്ഷയം കാരണം നടക്കാന്‍ കഴിയാത്ത കുട്ടി; 89-ാം വയസ്സില്‍ ആദ്യ ദീര്‍ഘദൂര ഓട്ടം; 100 വയസ്സിന് ശേഷവും ആവേശം നിറച്ച വ്യക്തിത്വം; ഫൗജ സിംഗിനുള്ളത് നിരവധി റെക്കോര്‍ഡുകള്‍; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന് ജന്മനാട്ടില് കാറിടിച്ച് മരിച്ചു; അപകടമുണ്ടായത് റോഡ് മുറിച്ച് കടക്കുമ്പോള്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിംഗ് ഇന്ത്യയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ മരണമടഞ്ഞു. 114 വയസ്സായിരുന്നു. ഈ ബ്രിട്ടീഷ് കായികതാരത്തെ റോഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു കാര്‍ ഇടിക്കുകയായിരുന്നു. പഞ്ചാബിലെ ബിയാസ് പിന്‍ഡ് എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന് സ്വന്തം ഗ്രാമത്തില്‍ വെച്ചു തന്നെയായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെ തുടര്‍ന്നായിരുന്നു മരണം.
ഇന്ത്യന്‍ വംശജനായ അദ്ദേഹം ലണ്ടന്‍ ആസ്ഥാനമായി സിഖ്‌സ് ഇന്‍ ദി സിറ്റി എന്ന ക്ലബ്ബും ചാരിറ്റിയും നടത്തി വരികയായിരുന്നു. ഫൗജ സിംഗിന്റെ മരണം ഈ ക്ലബ്ബും സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ നടക്കാനിരിക്കുന്ന ക്ലബ്ബിന്റെ പരിപാടി അദ്ദേഹത്തിന്റെ ജീവിതത്തേയും നേട്ടങ്ങളേയും സ്മരിക്കുന്ന ഒന്നായിരിക്കുമെന്നും ക്ലബ്ബ് വക്താവ് അറിയിച്ചു. 2026 മാര്‍ച്ച് 29 ന് നടക്കുന്ന ഫൗജ സിംഗ് ബര്‍ത്ത്‌ഡെ ചലഞ്ച് വരെയുള്ള ക്ലബ്ബിന്റെ പരിപാടികള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെയും നേട്ടങ്ങളെയും ആഘോഷിക്കുവാനായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു.
അദ്ദേഹം പരിശീലനം നടത്തിയിരുന്ന വഴിയില്‍ ഫൗജ സിംഗ് ക്ലബ്ബ്ഹൗസ് നിര്‍മ്മിക്കാന്‍ ക്ലബ്ബ് ഉദ്ദേശിക്കുന്നുണ്ട്. പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിനു പകരമായി അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ക്ലബ്ബ്ഹൗസ് നിര്‍മ്മാണത്തിലേക്ക് പണം സംഭാവനയായി നല്‍കണമെന്നും ക്ലബ്ബ് ഭാരവാാഹികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലോക ജനതയുടെ തന്നെ ആരോഗ്യം പരിപോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായിരിക്കും അതെന്നും അവര്‍ പറയുന്നു.
1992 മുതല്‍ യുകെയിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഫൗജ സിംഗ് മാരത്തണുമായി ബന്ധപ്പെട്ട് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ വ്യക്തിയാണ്. 100 വയസ്സിനു ശേഷവും മാരത്തണില്‍ വിജയകരമായി പങ്കെടുത്ത് യുവ തലമുറയ്ക്ക് ആവേശമായി മാറിയ വ്യക്തികൂടിയാണ് അദ്ദേഹം. ബാല്യകാലത്ത്, കാലുകളുടെ ബലക്ഷയം കാരണം നടക്കാന്‍ കഴിയാത്ത ഒരു ബാലനായിരുന്നു അദ്ദേഹം എന്നതാണ് കൗതുകകരമായ കാര്യം. 89 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി മാരത്തണില്‍ പങ്കെടുക്കുന്നത്.