- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒടുവില്‍ പ്രതീക്ഷ! നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍; യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായുള്ള പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക്; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ മലയാളി നഴ്സിന്റെ കുടുംബം
ഒടുവില്‍ പ്രതീക്ഷ! നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു
സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.
ഈ മാസം പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് വധശിക്ഷ മാറ്റിവച്ചുവെന്നാണ്. പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത് എന്നാണ് വിവരം. യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. തലാലിന്റെ സഹോദരനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമര്‍ വിഷയത്തില്‍ ഇടപെട്ടത്.
നിമിഷ പ്രിയയുടെ മോചനത്തിനായി അതിവേഗ നീക്കമാണ് നിലവില്‍ നടക്കുന്നതെന്ന് മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നേരത്ത ചര്‍ച്ച നടത്താന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്കോ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിനോ സാധിച്ചിരുന്നില്ല.
യെമനിലെ പ്രത്യേക സഹചര്യങ്ങളും രാഷ്ട്രീയ പ്രതിസന്ധികളുമായിരുന്നു ഇതിന് കാരണം. നിമിഷ പ്രിയ കഴിയുന്ന സന പ്രദേശം ഭരിക്കുന്ന ഹൂതി പിന്തുണയുള്ള ഭരണകൂടവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമില്ലാത്തതും തടസ്സമായി. യെമനിലേക്ക് ചര്‍ച്ചക്കായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നേരിട്ട് പോകാനുള്ള പ്രയാസങ്ങളും നിലനിന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ ഗ്രാമ മുഖ്യന്‍മാര്‍ വഴി മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. ഇതിനെ മറികടക്കാന്‍ നിരവധി കടമ്പകളുണ്ടായിരുന്നു. നേരത്തെ ഈ വഴിയുള്ള ചര്‍ച്ചകള്‍ക്കായി ഏറെ ശ്രമം നടന്നെങ്കിലും അതും പൂര്‍ണമായി വിജയിച്ചില്ല. നിരവധി പ്രതിസന്ധികള്‍ക്കിടയിലും മോചന ശ്രമം നടക്കുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് വീണ്ടും അറിയിപ്പുണ്ടായത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചര്‍ച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിര്‍ണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മര്‍ക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ അംഗീകരിച്ചാണ് കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തത്. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.