മുംബൈ: ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളാ എന്ന ചിത്രത്തിന് ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ മറ്റൊരു നടപടിയും വിവാദത്തിലേക്ക്. ഒരു കുട്ടികളുടെ സിനിമയിലെ ചുംബന രംഗങ്ങള്‍ കട്ട് ചെയ്തില്ലെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന ബോര്‍ഡിന്റെ ഉത്തരവാണ് ലോകം മുഴവന്‍ ചര്‍ച്ചയാകുന്നത്.

പാശ്ചാത്യ മാധ്യമങ്ങള്‍ ഇക്കാര്യം വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്തയാക്കുന്നത്. പുതിയ സൂപ്പര്‍മാന്‍ സിനിമയിലെ ഒരു രംഗമാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ഈ ചിത്രം പൂര്‍ണ രൂപത്തില്‍ തന്നെയാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് തവണയാണ് സൂപ്പര്‍മാന്‍ ചുംബിക്കുന്നത്.

ജെയിംസ് ഗണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൂപ്പര്‍മാനും ലോയിസ് ലെയ്നും തമ്മിലുള്ള 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ചുബനരംഗമാണ് ഉളളത്. ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സെന്‍സര് ബോര്‍ഡിന് മുമ്പാകെ പ്രദര്‍ശിപ്പിച്ചപ്പോഴാണ് പ്രശ്നം ഉയര്‍ന്നത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രംഗം ലൈംഗികത ഉള്ളതാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് കാണുന്നതിനായി നല്‍കുന്ന യു.എ സര്‍ട്ടിഫിക്കറ്റും നല്‍കാനാകില്ലെന്ന് ബോര്‍ഡ് നിര്‍ബന്ധം പിടിക്കുകയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിലപാടിനോട് പ്രേക്ഷകര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബോര്‍ഡിന്റേ്ത് പിന്തിരിപ്പന്‍ നയമാണ് എന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. സമ്മതത്തോടെയുള്ള ചുംബനം നീക്കം ചെയ്ത സെന്‍സര്‍ ബോര്‍ഡ് അക്രമത്തെ മഹത്വവത്ക്കരിക്കുന്ന സിനിമകള്‍ക്ക് അനുമതി നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സെന്‍സര്‍ ബോര്‍ഡ് സിനിമാ മേഖലക്ക് തന്നെ അപമാനമാണ് എന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. 2015 ല്‍ ജെയിംസ് ബോണ്ട് ചിത്രമായ 'സ്‌പെക്ട്ര'യിലെ ചുംബന രംഗങ്ങള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് 50% കുറയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉത്തരവിട്ടത്് പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രധാന അഭിനേതാക്കളായ ഡാനിയേല്‍ ക്രെയ്ഗും മോണിക്ക ബെല്ലൂച്ചിയും തമ്മിലുള്ള രണ്ട് ചുംബന രംഗങ്ങള്‍ ഉള്‍പ്പെടെ നാല് രംഗങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അന്ന് നിര്‍ദ്ദേശം നല്‍കിയത്.