- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദ്ദാം ഹുസൈനെ പേടിച്ച് യുകെയില്‍ അഭയം തേടി; 16 വയസ്സുകാരി മകള്‍ ലെബനീസ് ക്രിസ്ത്യന്‍ യുവാവിനെ പ്രേമിച്ചപ്പോള്‍ കഴുത്തറുത്ത് കൊന്ന് കോടതിയില്‍ വധശിക്ഷ യാചിച്ചു; 14 വര്‍ഷത്തെ തടവിന് ശേഷം ഇറാഖിലേക്ക് നാട് കടത്തി ബ്രിട്ടന്
ലണ്ടന്‍: ദുരഭിമാന കൊലപാതകമെന്ന് ബ്രിട്ടനില്‍ ആദ്യമായി, ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കൊലപാതക കേസിലെ പ്രതിയെ സ്വദേശമായ ഇറാഖിലേക്ക് നാടുകടത്തി. സ്വന്തം മകളെ കഴുത്തറുത്ത് കൊന്ന അബ്ഡല്ല യോനെസ് എന്ന 69 കാരനെയാണ് നാട് കടത്തിയത്. പതിനാറുകാരിയായ മകള്‍ ഹെഷുവിനെ കൊന്നതിനു ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ തനിക്ക് വധശിക്ഷ നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു ഇയാള്‍.
കടുത്ത, യാഥാസ്ഥിക ഇസ്ലാമത വിശ്വാസിയായ ഇയാള്‍ മകള്‍ പാശ്ചാത്യ സംസ്‌കാരത്തിലേക്ക് മാറുന്നു എന്ന സംശയത്തിലായിരുന്നു പടിഞ്ഞാറന്‍ ലണ്ടനിലെ ആക്റ്റണിലുള്ള അവരുടെ വീട്ടില്‍ വെച്ച് 2002 ഒക്ടോബര്‍ 12 ന് മകളെ കൊലപ്പെടുത്തിയത്. അന്ന് 16 വയസ്സുണ്ടായിരുന്ന മകള്‍ ഹെഷു, ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തിലുള്ളതായിരുന്നു. 18 വയസ്സുള്ള ഒരു ലെബനീസ് ക്രിസ്ത്യന്‍ യുവാവുമൊത്ത് ഒളിച്ചോടാന്‍ തയ്യാറെടുക്കുകയായിരുന്നു ഹെഷു. ഇത് അറിഞ്ഞപ്പോഴായിരുന്നു പിതാവ് പുത്രിയെ കൊന്നത്.
കൊലപാതക കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് 2003 ല്‍ ഓള്‍ഡ് ബെയ്ലി കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ചുരുങ്ങിയത് 14 വര്‍ഷമെങ്കിലും ജയിലില്‍ തന്നെ കഴിയണം എന്നതായിരുന്നു ശിക്ഷ. ഈ ചുരുങ്ങിയ ശിക്ഷാ കാലാവധി കഴിഞ്ഞതോടെ ഇയാളെ ഇറാനിലേക്ക് നാടുകടത്തിയതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഗള്‍ഫ് യുദ്ധ സമയത്ത് സദ്ദാം ഹുസ്സൈന്‍ ഭരണകൂടത്തിന്റെ പീഢനങ്ങള്‍ സഹിക്കാതെ യു കെയില്‍ അഭയം തേടി എത്തിയ വ്യക്തിയാണിയാള്‍. ഇയാള്‍ക്ക് അഭയം നല്‍കുകയും ചെയ്തിരുന്നു.
അബ്ദല്ല യോനെസിനെ നാടുകടത്താനുള്ള ഉത്തരവ് ഹോം ഓഫീസ് ആണ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇയാളെ 2017 ല്‍ ജയിലില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇയാളുടെ കുടുംബം, പ്രത്യേകിച്ച് മകള്‍ ഹെഷുവിനെ പോലെ ഇയാള്‍ ഒരിക്കലും യു കെയിലെ ജീവിതവുമായി താദാത്മ്യം പ്രാപിച്ചിരുന്നില്ല എന്ന് കോടതി വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഫുള്‍ഹാമിലെ വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ഹെഷു., അവിടെ വെച്ചായിരുന്നു സഹപാഠിയുമായി പ്രണയം മൊട്ടിട്ടത്.
കൊലപാതകത്തിനു മുന്‍പ് ഹെഷുവിനെ വീട്ടില്‍ നിരന്തരം പീഢനം ഏല്‍ക്കേണ്ടി വന്നതായും പോലീസ് കോടതിയില്‍ പറഞ്ഞു. കാമുകനോടൊപ്പം പോകാന്‍ ഉദ്ദേശിച്ചതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഹെഷു മാതാപിതാക്കള്‍ക്ക് എഴുതിയ ഒരു കത്തും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. താന്‍ ഒരുപാട് ശല്യം ചെയ്തതിന് മാപ്പ് തരണമെന്നായിരുന്നു ആ കത്തില്‍ പറഞ്ഞിരുന്നത്. പിതാവിന് തന്നെ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും, പിതാവ് ആഗ്രഹിച്ചതുപോലെ ആകാന്‍ തനിക്ക് കഴിയില്ലെന്നും ഹെഷു ആ കത്തില്‍ വ്യക്തമാക്കിയിരുന്നു.