ധര്‍മസ്ഥല: ധര്‍മസ്ഥലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിടാന്‍ സഹായിച്ചെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പോലീസ് നടപടികള്‍ എടുക്കാത്തത് ദുരൂഹമായി തുടരുന്നു. അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വേണമെന്ന സമ്മര്‍ദം ശക്തമാണ്. കോളിളക്കമുണ്ടായിട്ടും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. ഇത് ദുരൂഹമാണ്. അതിനിടെ മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നാണ് പരാതി. നിഷ്പക്ഷവും കര്‍ശനവുമായ അന്വേഷണം വേണം. സമഗ്ര ഫോറന്‍സിക് പരിശോധന, അതിന്റെ വീഡിയോ ചിത്രീകരണം തുടങ്ങിയവ വേണമെന്നും ആവശ്യപ്പെട്ടു.

താന്‍ കുഴിച്ചെടുത്തത് എന്നവകാശപ്പെട്ട് എല്ലുകളുമായി പരാതിക്കാരന്‍ കഴിഞ്ഞ 11ന് ബള്‍ത്തങ്ങാടി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്ഥലത്ത് കുഴിച്ച് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയായിട്ടും നടപടി തുടങ്ങിയിട്ടില്ലെന്നതാണ് വിവാദമായി മാറുന്നത്. പരിസര വാസികളും പോലീസ് നീക്കങ്ങളില്‍ ദുരൂഹത കാണുന്നുണ്ട്. ക്ഷേത്രത്തില്‍ 1995-2014 കാലത്ത് ജോലിചെയ്തയാളുടേതാണ് ഭയപ്പെടുത്തുന്ന വെളിപ്പെടുത്തല്‍. 'സ്ത്രീകളുടെ മൃതദേഹങ്ങളില്‍ പലതിലും വസ്ത്രമോ അടിവസ്ത്രമോ ഇല്ലായിരുന്നു. ചിലതില്‍ ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണമുണ്ടായിരുന്നു. വിദ്യാര്‍ഥിനികളടക്കം നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും കുഴിച്ചിടുകയും ചെയ്തു' ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ നല്‍കിയ മൊഴി ഇങ്ങനെയാണ്. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ ഇയാള്‍ ധര്‍മസ്ഥലയില്‍നിന്ന് ഒളിച്ചോടി. അയല്‍സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷം തിരിച്ചെത്തിയായിരുന്നു വെളിപ്പെടുത്തല്‍. പരാതിക്കൊപ്പം ആധാര്‍ കാര്‍ഡും പഴയ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുമടക്കം പൊലീസില്‍ നല്‍കിയിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം, മകളുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാര്‍ഥി അനന്യ ഭട്ടിന്റെ അമ്മ വീണ്ടും രംഗത്തുവന്നു. 2003-ല്‍ ധര്‍മസ്ഥലയിലെ കോളേജിലേക്കുള്ള യാത്രക്കിടെയാണ് അനന്യയെ കാണാതായത്. സിബിഐയിലെ മുന്‍ സ്റ്റെനോഗ്രാഫറായ അമ്മ സുജാത 11നാണ് പരാതി നല്‍കിയത്. 2012-ല്‍ ധര്‍മസ്ഥലയില്‍ 17കാരിയായ സൗജന്യ എന്ന വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് കര്‍ണാടകത്തെ ഞെട്ടിച്ചിരുന്നു. സിബിഐ അന്വേഷണം നടന്നെങ്കിലും ആരെയും ശിക്ഷിക്കാനായില്ല. ഈ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. സമാന സ്ഥിതിയാണ് ഇപ്പോഴുമുള്ളത്.

കുറ്റകൃത്യം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി മജിസ്‌ട്രേറ്റിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അയാള്‍ തന്നെയാണ് ഇരകളെ കുഴിച്ചുമൂടിയതും. ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതിന് പിന്നാലെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടും കേസ് അന്വേഷണം കൃത്യമായി നടക്കുന്നില്ല. വളരെ ഗൗരവമുള്ള ആരോപണങ്ങളായിട്ടുകൂടി കേസ് അന്വേഷിക്കുന്നത് ഡെപ്യൂട്ടി എസ്പിക്ക് കീഴിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ഏറെ ഗൗരവമുള്ളതാണ്. കൂട്ട ബലാത്സംഗം, കൊലപാതകം, നിയമവിരുദ്ധമായ ശവ സംസ്‌കാരം തുടങ്ങിയ കുറ്റങ്ങളാണ് ഉയര്‍ന്ന രാഷ്ട്രീയ സാമൂഹിക സ്വാധീനമുള്ള വ്യക്തികള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രാദേശികമായി നടത്തുന്ന അന്വേഷണത്തിന്റെ നിഷ്പക്ഷതയും കൃത്യതയും സംശയകരമാണെന്നും അഭിഭാഷകര്‍ പറയുന്നു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കോടതിയുടെ മേല്‍നോട്ടത്തോടെ പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. അന്വേഷണത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തണം, ക്രൈം നടന്ന സ്ഥലം വിശദമായി പരിശോധിക്കണം, കുറ്റം ചെയ്തതായി സംശയിക്കുന്നവരെ സ്ഥാനമാനങ്ങള്‍ കണക്കിലെടുക്കാതെ ഉടനടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് അഭിഭാഷക സംഘം ഉന്നയിക്കുന്നത്.

അനന്യ ഭട്ടിന് സംഭവിച്ചത് എന്ത്?

2003ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മസ്ഥല ക്ഷേത്രദര്‍ശനത്തിനു പോയ മകള്‍ അനന്യ ഭട്ടിനെ കാണാതായെന്ന പരാതിയുമായി അമ്മ സുജാത ഭട്ടാണ് ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. അരുണിന് പരാതി നല്‍കിയത്. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന അനന്യ 2003-ല്‍ സഹപാഠികളോടൊപ്പം ധര്‍മസ്ഥലയിലേക്ക് യാത്രപോയി. ക്ഷേത്രത്തില്‍ വെച്ച് അനന്യയെ കാണാതായതായി സഹപാഠിയായ രശ്മി അറിയിച്ചു. തുടര്‍ന്ന് മകളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അനന്യ താമസിച്ച ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍ ദിവസങ്ങളായി മകളെ കാണാനില്ലെന്ന വിവരമാണ് കിട്ടിയത് -സുജാത ഭട്ട് പറയുന്നു. കൊല്‍ക്കത്തയില്‍ സിബിഐയില്‍ സ്റ്റെനോഗ്രാഫറായിരുന്ന സുജാത ഭട്ട് ജോലി രാജിവെച്ച് മകളെ അന്വേഷിച്ച് ധര്‍മസ്ഥലയിലെത്തി. ധര്‍മസ്ഥല പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.

ധര്‍മസ്ഥലയിലെ ഒരു ശുചീകരണത്തൊഴിലാളി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും കോടതിയില്‍ ഒരു തലയോട്ടി കൈമാറിയതായും അറിഞ്ഞാണ് ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായതെന്ന് സുജാതയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'മകളുടെ അസ്ഥി ധര്‍മസ്ഥലയില്‍ എവിടെയെങ്കിലുമുണ്ടാകാം. അത് കിട്ടിയാല്‍ മതാചാരപ്രകാരം എനിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാനാകും. മകളുടെ ആത്മാവിന് ശാന്തി ലഭിക്കും -സുജാത പറഞ്ഞു. പരാതി ഫയലില്‍ സ്വീകരിക്കുന്നതായും കേസെടുത്ത് അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.