- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഏനാത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്; പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു വാഹനങ്ങളിലുള്ളവര്‍ തയാറായില്ല; ഒടുവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് കണ്ടെയ്നര്‍ ലോറിയുടെ ക്യാബിനില്‍ കിടത്തി
അടൂര്‍: എംസി റോഡില്‍ ഏനാത്ത് കെ എസ് ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കുണ്ടായി. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു വാഹനങ്ങളിലുള്ളവര്‍ തയാറായില്ല. ഒടുവില്‍ െകഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മണിലാല്‍, കൊട്ടാരക്കര സ്വകാര്യ കോളേജിലെ അധ്യാപകന്‍ കൊടുമണ്‍ ഐക്കാട് എസ്.എസ് ഭവനില്‍ എസ്.സുനീഷ് എന്നിവര്‍ ചേര്‍ന്ന് ഒരു കണ്ടെയ്നര്‍ ലോറിയുടെ ക്യാബിനില്‍ കയറ്റിയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
കൊല്ലം കടവൂര്‍ സ്വദേശി മഹാദേവനാണ് ഗുരുതരമായി പരുക്കേറ്റത്. കൊട്ടാരക്കര പിഡബ്ലുഡി റസ്റ്റ്ഹൗസിലെ ഭക്ഷണശാല നടത്തുകയാണ് ഇദ്ദേഹം. കാറില്‍ ഇദ്ദേഹം തനിയെ ആയിരുന്നു. ശനിയാഴ്ച വൈകീട്ട് ആറിന് ഏനാത്ത് എംജി ജംങ്ഷനു സമീപം വച്ചാണ് സംഭവം. പരുക്കേറ്റു കിടന്ന മഹാദേവനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ കൈകാണിച്ചിട്ടും ലഭിച്ചില്ല.
വാഹനങ്ങളുടെ കുരുക്കും രൂപം കൊണ്ടു. ഈ കുരുക്കില്‍പ്പെട്ടു കിടക്കുകയായിരുന്നു സുനീഷിന്റെ കാറും. ഏറെ നേരം കഴിഞ്ഞിട്ടും ആരും പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ വന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയ സുനീഷ് മഹാദേവനെ അവിടെയുണ്ടായിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ക്യാബിനിലേക്ക് കയറ്റി. ഒപ്പം കെഎസ്ആര്‍ടിസി ഡ്രൈവറും കയറി. ഇരുവരുടെയും മടിയില്‍ കിടത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.