- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോസ്റ്റാറിക്കയില്‍ തീരത്ത് നീന്തുന്നതിനിടെ മുങ്ങിമരണം; കോസ്ബി ഷോയിലൂടെ ശ്രദ്ധേയനായ മാല്‍ക്കം ജമാല്‍ വാര്‍ണറിന് ദാരുണാന്ത്യം
കോസ്ബി ഷോയിലൂടെ ശ്രദ്ധേയനായ മാല്‍ക്കം ജമാല്‍ വാര്‍ണറിന് ദാരുണാന്ത്യം. 54 വയസായിരുന്നു. കോസ്റ്റാറിക്കയില്‍ തീരത്ത് നീന്തുന്നതിനിടെ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ലിമോണ്‍ പ്രവിശ്യയിലെ കോക്കിള്‍സ് ബീച്ചിന് സമീപമാണ് വാര്‍ണറുടെ മൃതദേഹം കണ്ടെത്തിയതെന്ന് കോസ്റ്റാറിക്കന്‍ നാഷണല്‍ പോലീസ് അറിയിച്ചു. ശക്തമായ ഒഴുക്കില്‍ പെട്ടാണ് വാര്‍ണര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് അദ്ദേഹം മരിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
എന്നാല്‍ വാര്‍ണറുടെ കുടുംബം ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. കോസ്റ്റാറിക്കയിലെ ചില ബീച്ചുകള്‍ ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില മേഖലകള്‍ നീന്തലിന് സുരക്ഷിതമാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളും അപകട മേഖലകളാണ് എന്നതാണ് വാസ്തവം. എന്‍.ബി.സി സിറ്റ്കോം ദി കോസ്ബി ഷോയിലെ ക്ലിഫ് ഹക്സ്റ്റബിളിന്റെ ഏക മകനായ തിയോഡോര്‍ ഹക്സ്റ്റബിള്‍ എന്ന കഥാപാത്രത്തിലൂടെയാണ് വാര്‍ണര്‍ കൂടുതല്‍ ശ്രദ്ധേയനായത്.
1984 മുതല്‍ 1992 വരെയുള്ള എട്ട് സീസണുകളിലും അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തിരുന്നു. വന്‍ അംഗീകാരം നേടാനും ജനപ്രീതി ആര്‍ജ്ജിക്കാനും ഈ പരിപാടിയാണ് ഏറെ സഹായകരമായത്. എങ്ങനെയാണ് അദ്ദേഹം മുങ്ങിമരിക്കാന്‍ ഇടയായത് എന്ന കാര്യം വ്യക്തമല്ലെങ്കിലും അപകട സാധ്യത തന്നെയാണ് ഇ്പ്പോള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. വാര്‍ണര്‍ കൗമാരപ്രായത്തിലാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1986 ലെ പ്രൈംടൈം എമ്മി അവാര്‍ഡുകളില്‍ മികച്ച സഹനടനുള്ള നോമിനേഷന്‍ ഉള്‍പ്പെടെ വാര്‍ണറിന് ലഭിച്ചിരുന്നു. വാര്‍ണര്‍ക്ക് ഭാര്യയും ഒരു മകളുമാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ കുടുംബജീവിതത്തിന്റെ ചില ദൃശ്യങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും, അവരുടെ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. അവരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല.
സണ്‍സ് ഓഫ് അനാര്‍ക്കി, ജെറമിയ, ദി ഫ്രഷ് പ്രിന്‍സ് ഓഫ് ബെല്‍-എയര്‍, കമ്മ്യൂണിറ്റി തുടങ്ങിയ ഷോകളിലെ ആവര്‍ത്തിച്ചുള്ള വേഷങ്ങളും അതിഥി വേഷങ്ങളും വാര്‍ണറിന് ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. കുട്ടികളുടെ പരമ്പരയായ ദി മാജിക് സ്‌കൂള്‍ ബസിലെ പ്രൊഡ്യൂസര്‍ കഥാപാത്രത്തിനും വാര്‍ണര്‍ ശബ്ദം നല്‍കിയിരുന്നു. 2023 ല്‍ താനും ദി കോസ്ബി ഷോയിലെ മറ്റ് അഭിനേതാക്കളും അവരുടെ ഹിറ്റ് പരമ്പരയെക്കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു എന്ന് വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ണറുടെ പെട്ടെന്നുള്ള മരണവാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.