തിരുവനന്തപുരം: ആര്‍ക്കും കണക്കുകൂട്ടാന്‍ കഴിഞ്ഞിരുന്നില്ല കാത്തിരിക്കുന്ന ജനതയുടെ മനസ്. 102 വയസ്സു വരെ ജീവിച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍ അടുത്ത തലമുറയ്ക്ക് ഇനിയും ആവേശമാകും. പ്രായം മറന്നും ഈ നേതാവിനെ അവസാനമായി നെഞ്ചിലേറ്റാന്‍ മലയാളികള്‍ ഓടിയെത്തി. എംഎല്‍എയായി തിരുവനന്തപുരത്ത് എത്തിയ വിഎസ് അഞ്ചു പതിറ്റാണ്ട് നിറഞ്ഞത് തിരുവനന്തപുരത്താണ്. ചങ്കിലെ റോസാ പൂവായി വിഎസ് മാറിയത് ഈ കര്‍മ്മ മണ്ഡലത്തിലെ നിലപാട് വിശദീകരണത്തിലൂടെയാണ്. ഇടയ്ക്കിടെ മഴ പെയ്‌തെങ്കിലും വിഎസിന്റെ അന്ത്യ യാത്രയില്‍ തിരുവനന്തപുരം ദുഖം കടിച്ചമര്‍ത്തി. ശാന്തമായ പ്രകൃതി വിഎസിനെ തിരുവനന്തപുരത്ത് നിന്നും യാത്രയാക്കി. ഉള്ളൂരില്‍ കണ്ട ആയിരങ്ങള്‍ കഴക്കൂട്ടത്ത് എത്തിയപ്പോള്‍ ജനക്കൂട്ടമായി മാറി. ആറ്റിങ്ങലും കല്ലമ്പലത്തും അടക്കം വിഎസിനെ കാത്ത് മണിക്കൂറുകള്‍ അനുയായികള്‍ കാത്തിരുന്നു. അവരെല്ലാം വിഎസിനെ നേരെ കണ്ടില്ല. കണ്ടെന്ന് വരുത്തി വിപ്ലവ മുദ്രാവാക്യം വിളിച്ച് അവര്‍ വീട്ടിലേക്ക് പോയി. തൊഴിലാളി പോരാട്ടങ്ങളുടെ മണ്ണായിരുന്നു കൊല്ലം. ആലപ്പുഴക്കാരന്റെ യുവ സമരവീര്യം അടുത്തറിഞ്ഞ മണ്ണ്. കശുവണ്ടി തൊഴിലാളികളുടെ ആശകള്‍ക്ക് വേണ്ടി പോരാട്ടം നയിച്ച നേതാവ്. കൊല്ലത്ത് പ്രകൃതിയ്ക്കും വേദന കടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. ആ ദുഖം മഴയായി പെയ്തിറങ്ങി. അപ്പോഴും ജനം വഴിയോരത്ത് കാത്തു നിന്നു. സഖാവിനെ കണ്ട് മുഷ്ടി ചുരുച്ചി മുദ്രാവാക്യം വിളിച്ചു. ഇനി ആലപ്പുഴയാണ്. സഖാവിനെ ലോകത്തിന് നല്‍കിയ മണ്ണ്. കരഞ്ഞു തളര്‍ന്നാണ് അവര്‍ വിഎസിനെ ഏറ്റു വാങ്ങാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞ് ആലപ്പുഴയിലേക്ക് വിഎസ് കടക്കുമ്പോള്‍ തെളിയുന്ന ആ നേതാവിന്റെ ജനപിന്തുണയാണ്. എന്തുകൊണ്ട് വിഎസിനെ ആര്‍ക്കും മൂലയ്‌ക്കൊതുക്കാന്‍ കഴിഞ്ഞില്ലെന്ന വസ്തുത.

അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 16 മണിക്കൂര്‍ പിന്നിടുമ്പോളും കൊല്ലം ജില്ലയില്‍ തുടരുന്നുവെന്ന യാഥാര്‍ത്ഥ്യം സിപിഎമ്മിനും അമ്പരപ്പായി. ആറരയ്ക്ക് കരുനാഗപ്പള്ളിയിലാണ് വിലാപയാത്ര എത്തിയത്. പുലര്‍ച്ചെ ആറ് മണിക്കും കൊല്ലം ജില്ല കടക്കാന്‍ വിലാപയാത്രയ്ക്ക് സാധിച്ചില്ല. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആള്‍ക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നല്‍കാന്‍ എത്തുന്നത്. കൊല്ലം ജില്ലയിലുടനീളം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികില്‍ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ഓച്ചിറയില്‍ കൂടി പൊതുദര്‍ശനത്തിന് അവസരമൊരുക്കി വിലാപയാത്ര വിഎസിന്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലേക്ക് കടക്കുമ്പോള്‍ വേദന അണപൊട്ടി. ചൊവ്വാഴ്ച രണ്ട് മണിക്ക് ശേഷമാണ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. നേരം പുലര്‍ന്നിട്ടും വിലാപയാത്രയ്ക്ക് ആലപ്പുഴ ജില്ലയിലേക്ക് കടക്കാനായില്ല. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുണ്ടായത്.

കനത്ത മഴയായിരുന്നു രാത്രിയില്‍. അതിനെ അവഗണിച്ചും ആബാലവൃദ്ധം ജനങ്ങള്‍ അവസാനമായി ഒരുനോക്കുകാണാനായി വഴിനിറയെ കാത്തുനിന്നു. വിലാപയാത്ര 16 മണിക്കൂറില്‍ പിന്നിട്ടത് 92 കിലോമീറ്റര്‍. രാത്രി 9 മണിയോടെ പുന്നപ്രയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വി.എസിനോട് വൈകാരികമായി ബന്ധമുള്ള ജനം അതെല്ലാം അട്ടിമറിച്ചു. രാവിലെ 9 മണിക്ക് എത്തുമെന്നായി പിന്നെയുള്ള കണക്കു കൂട്ടല്‍. അതും തെറ്റി. പുന്നപ്രയിലെ വീട്ടില്‍ നിന്ന് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. ഈ സമയ ക്രമത്തെ എല്ലാം ഞെട്ടിക്കുന്നതാണ് വിഎസിന് വഴി നീളെ കിട്ടിയ അംഗീകാരം.

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട പ്രയാണം കഴക്കൂട്ടം വരെയുള്ള 14 കിലോമീറ്റര്‍ താണ്ടാനെടുത്തത് അഞ്ചുമണിക്കൂര്‍. ആറ്റിങ്ങല്‍ എത്തിയതോടെ ചിത്രമാകെ മാറി. പതിരാവിന്റെ മയക്കവും മറന്ന് ജനം തിളച്ചുമറിഞ്ഞു. വി.എസിനു ജനങ്ങള്‍ നല്‍കിയ സ്നേഹാദരങ്ങളുടെ നേര്‍ക്കാഴ്ചയായി ആലപ്പുഴയിലേക്കു പുറപ്പെട്ട വിലാപയാത്ര.പാതയോരത്തും ഫ്‌ളൈഓവറിനു മുകളിലുമൊക്കെയായി വിപ്‌ളവസൂര്യനെ ഒരുനോക്കു കാണാന്‍ രൂപപ്പെട്ട മനുഷ്യക്കോട്ട നീണ്ടുനീണ്ടുപോയി. രാത്രി വൈകിയും ഓരോ പോയിന്റിലും കാത്തുനിന്നത് വന്‍ ജനക്കൂട്ടം. തലസ്ഥാന ജില്ലയും വിട്ട് കൊല്ലം അതിര്‍ത്തി കടന്നതോടെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധമായിരുന്നു ജനപ്രവാഹം. കണ്ണും കരളുമായ വി.എസിന്റെ വിലാപയാത്രയെ കാല്‍നടയായി അനുഗമിക്കാന്‍ അണിനിരന്നതും ആയിരങ്ങള്‍. വിഎസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടില്‍ എത്തിക്കും.