- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുകെയില്‍ കെയറായി ജോലി ചെയ്ത വിദേശങ്ങളില്‍ പഠിച്ച 5316 നഴ്സുമാര്‍ കഴിഞ്ഞവര്‍ഷം ഐഇഎല്‍ടിഎസോ ഓഇടിയോ ഇല്ലാതെ പിന് നമ്പര്‍ നേടി; ഈ ആനുകൂല്യം നേടി നഴ്സുമാരായവരില് 63 ശതമാനവും ഇന്ത്യക്കാര്‍; രണ്ടാമത് ഫിലിപ്പിനോകള്‍
വിദേശ രാജ്യങ്ങളില്‍ പഠിച്ച്, പരിശീലനം നേടിയ 5000 ല്‍ ഏറെ നഴ്സുമാരും മിഡ്വൈഫുമാരും കഴിഞ്ഞ വര്‍ഷം നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലില്‍ (എന്‍ എം സി) ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിന് സഹായകമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലുടമകളില്‍ നിന്നുള്ള സാക്ഷ്യപത്രം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള തെളിവായി സ്വീകരിക്കുന്ന സപ്പോര്‍ട്ടിംഗ് ഇന്‍ഫര്‍മേഷന്‍ ഫ്രം എംപ്ലോയീസ് (എസ് ഐ എഫ് ഇ) പദ്ധതി വഴി ആയിരക്കണക്കിന് വിദേശ നഴ്സുമാരും മിഡ്വൈഫുമാരും റെജിസ്റ്റര്‍ ചെയ്തതായി എന്‍ എം സി അറിയിച്ചു.
നഴ്സുമാര്‍ മാസങ്ങളോളം നടത്തിയ പ്രചാരണത്തിനും, വ്യാപകമായി നടത്തിയ കണ്‍സള്‍ട്ടേഷനും ഒടുവില്‍ 2023 ഫെബ്രുവരി 8 ന് ആയിരുന്നു എന്‍ എം സി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. ഈ മാറ്റം അനുസരിച്ച്, ഇംഗ്ലീഷ്, ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷയല്ലാത്ത രാജ്യത്ത്, ഇംഗ്ലീഷ് മീഡിയത്തില്‍ നഴ്സിംഗ് പഠനം നടത്തിയവര്‍ അവരുടെ ബ്രിട്ടനിലെ തൊഴിലുടമയില്‍ നിന്നും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കിയാല്‍, അത് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന തെളിവായി സ്വീകരിക്കും. അതിനായി പ്രത്യേക പരീക്ഷ എഴുതേണ്ടതില്ല.
മാത്രമല്ല, ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ ചെറിയ വ്യത്യാസത്തിന് പരാജയപ്പെടുന്നവര്‍ക്ക്, ഭാഷാ പരിജ്ഞാനത്തിനുള്ള അധിക തെളിവായി തൊഴിലുടമയുടെ സാക്ഷ്യപത്രം ഹാജരാക്കാന്‍ സാധിക്കും. നാല് ഭാഷാ പരീക്ഷകളില്‍ അര പോയിന്റിനോ ഗ്രേഡിനോ വിജയിക്കാന്‍ കഴിയാത്തവര്‍ക്കാണ് ഇത് സാധ്യമാവുക. ഇക്കഴിഞ്ഞ ജൂലായ് 17 ന് എന്‍ എം സി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കൗണ്‍സില്‍ പേപ്പറില്‍ പറയുന്നത്, 2024 ഏപ്രിലിനും 2025 മാര്‍ച്ചിനും ഇടയിലായി 5,316 വിദേശ നഴ്സുമാരും മിഡ്വൈഫുമാരും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനായി എസ് ഐ എഫ് ഇ ഉപയോഗിച്ചു എന്നാണ്.
ഇക്കാലയളവില്‍, എന്‍ എം സിയില്‍ റെജിസ്റ്റര്‍ ചെയ്ത മൊത്തം വിദേശ നഴ്സുമാരുടെ 25.7 ശതമാനം വരും ഇത്. 2023 ഫെബ്രുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലത്ത് 2,706 പേരാണ് എസ് ഐ എഫ് ഇ നല്‍കിയത്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലത്ത് 5,196 നഴ്സുമാരും, 101 മിഡ്വൈഫുമാരും, 19 നഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് എസ് ഐ എഫ് ഇ വഴി റെജിസ്‌ട്രേഷന്‍ നേടിയതെന്നും എന്‍ എം സി രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 63 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്‍-. 11 ശതമാനം പേര്‍ ഫിലിപ്പൈന്‍സില്‍ നിന്നുള്ളവരും 7 ശതമാനം പേര്‍ ഘാനയില്‍ നിന്നുള്ളവരുമാണ്.
കിംഗ്‌സ് കോളേജ് ലണ്ടനിലെ വൃക്ക മാറ്റിവയ്ക്കല്‍ കോഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ അജിമോള്‍ പ്രദീപും, നഴ്സിംഗ് ലക്ചറര്‍ ഡോക്ടര്‍ ഡില്ല ഡേവിസും വര്‍ഷങ്ങളോളമാണ്, എന്‍ എം സിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന മാന്ദണ്ഡങ്ങള്‍ മാറ്റുന്നതിനായി പ്രചാരണം നടത്തിയത്. വിദേശ രാജ്യങ്ങളില്‍ പഠിച്ച ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് വലിയൊരു അനുഗ്രഹമാണ് എസ് ഐ എഫ് ഇ ഇന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ് എന്‍ എം സിയുടെ തീരുമാനമെന്നും അവര്‍ പറഞ്ഞു.