ലണ്ടന്‍: ബ്രിട്ടനിലെ ലീഡ്‌സിലുണ്ടായ വാഹന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബൈക്ക് യാത്രികനായ ജെഫേഴ്സണ്‍ ജസ്റ്റിന്‍ തിരുവനന്തപുരം സ്വദേശി. ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ പെരേര ദുബായില്‍ ആണ് ജോലി ചെയ്യുന്നത്. അതിനാല്‍ ജഫേഴ്സന്റെ ബാല്യകാലവും പഠനവും എല്ലാം ദുബായില്‍ തന്നെ ആയിരുന്നു. വര്‍ഷങ്ങളോളം വെട്ടുകാട് ദേവാലയത്തിലെ മൂസ്‌ക്ക് ആയിരുന്ന പാട്രിക്ക് പെരേരയുടെ ചെറുമകനാണ് ജെഫേഴ്സണ്‍ ജസ്റ്റിന്‍. ദുരന്ത വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് നാട്ടിലെ ബന്ധുക്കള്‍.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. ദുബായില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ജെഫേഴ്‌സണ്‍ കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ഏതാനും വര്‍ഷം മുന്‍പ് എത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ ശേഷം ലീഡ്‌സില്‍ ജോലി ലഭിച്ചതോടെയാണ് ജെഫേഴ്‌സണ്‍ ഇവിടെ എത്തുന്നത്. അപകടത്തെ തുടര്‍ന്ന് ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും അഡ്രസ് മനസിലാക്കിയ പോലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം ദുബായില്‍ ഉള്ള കുടുംബം അറിയുന്നത്.

ഇതേതുടര്‍ന്ന് കുടുംബം യുകെയില്‍ ഉള്ള സുഹൃത്തുക്കളെ വിളിച്ചു സഹായം തേടുക ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ മറുനാടന്‍ മലയാളിയില്‍ നിന്നും ലീഡ്‌സില്‍ മലയാളി സമൂഹത്തില്‍ ഉള്ളവരെ ബന്ധപെടുമ്പോഴും ആര്‍ക്കും അപകടത്തെ പറ്റി വിവരം ലഭിച്ചിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെ കുടുംബം മുഴുവന്‍ വിവരങ്ങള്‍ കൈമാറാനും മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് സഹായം ഒരുക്കാമെന്നും സുഹൃത്തുക്കള്‍ മുഖേനെ കുടുംബത്തെ അറിയിക്കുകയായിരുന്നു. മൃതദേഹം ദുബായില്‍ എത്തിക്കാന്‍ മലയാളി സമൂഹം നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കണമെന്നാണ് കുടുംബം നടത്തിയിട്ടുള്ള അഭ്യര്‍ത്ഥന.

ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞതോടെയാണ് നഗര പ്രദേശമായ എ 647 കനാല്‍ സ്ട്രീറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ അപകടം സംഭവിക്കുന്നത്. ജെഫേഴ്സന്‍ ഓടിച്ചിരുന്ന ബൈക്ക് ഏതു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം എന്നതില്‍ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകളായി നഗര പ്രദേശം ഏറെക്കുറെ പൂര്‍ണമായി ഗതാഗത കുരുക്കിലാണെന്നു ലീഡ്‌സിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റോഡില്‍ സ്ഥാപിച്ച ബാരിയറില്‍ കൂട്ടിയിടിച്ചാണ് ജെഫേഴ്സന്റെ ബൈക്ക് കാണപ്പെട്ടത് എന്നും ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു.