ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുളള ചര്‍ച്ചയില്‍ ശശി തരൂരിന് കോണ്‍ഗ്രസ് അവസരം നല്‍കില്ല. ശശി തരൂര്‍ എംപിയോട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. അതിനാല്‍ തരൂര്‍ സംസാരിച്ചേക്കില്ല. ഇന്ന് രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആരംഭിക്കുക. അതിനിടെ തരൂരിനെ പ്രസംഗിപ്പിക്കാനുള്ള വഴികള്‍ ബിജെപിയും ആലോചിക്കുന്നുണ്ട്. മിക്കവാറും വിദേശ പ്രതിനിധി സംഘത്തിന്റെ തലവന്മാര്‍ക്ക് സംസാരിക്കാന്‍ അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയേക്കും. ഇങ്ങനെ സാധ്യത വന്നാല്‍ തരൂര്‍ പ്രസംഗിക്കുമോ എന്നതാണ് നിര്‍ണ്ണായകം. മോദി സര്‍ക്കാരിനെ തരൂര്‍ പുകഴ്ത്താനുള്ള സാധ്യത കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ ഒഴിവാക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ലോക്‌സഭയില്‍ പതിനാറ് മണിക്കൂറാണ് ചര്‍ച്ച. പ്രതിരോധമന്ത്രി രാജ്‌നാഥ് ചര്‍ച്ചക്ക് തുടക്കമിടും. രാജ്‌നാഥ് സിംഗ് തന്നെ മറുപടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും. സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ഗാന്ധി നാളെയാകും സംസാരിക്കുക. പ്രിയങ്കഗാന്ധി, ഗൗരവ്‌ഗോഗോയ്, കെ.സിവേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചേക്കും. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യ സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കിയേക്കും. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അഭിഷേക് ബാനര്‍ജി തുടങ്ങിയവരും സംസാരിക്കും. ഇതിനിടെയാണ് തരൂരിനെ ഒഴിവാക്കുന്നത് ചര്‍ച്ചകളില്‍ എത്തുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്നതില്‍ പ്രധാനമന്ത്രിയുടെ മറുപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ലോക്സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ സമയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും കൂടുതല്‍ അടുക്കുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ നടക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ ശശി തരൂരിന് കോണ്‍ഗ്രസ് അവസരം നിഷേധിച്ചിരിക്കുന്നത്. ഇതിനോട് തരൂര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. ബിജെപിയുടെ കോണ്‍ഗ്രസിനെതിരെയുള്ള സര്‍ജിക്കല്‍ സട്രൈക്കാണ് പാര്‍ലമെന്റിലെ 16 മണിക്കൂര്‍ ചര്‍ച്ചയെന്ന വിലയിരുത്തലും ശക്തമാണ്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോയ സര്‍വ്വകക്ഷി സംഘത്തില്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു ശശി തരൂര്‍. ആ യാത്രയിലുടനീളം കോണ്‍ഗ്രസിന്റെ നിലപാടുകളെയും വാദങ്ങളെയും പരസ്യമായി തളളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയായിരുന്നു ശശി തരൂരിന്റെ പ്രസംഗങ്ങളെല്ലാം. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തില്‍ വരെ ശശി തരൂര്‍ മാറുന്ന സാഹചര്യമുണ്ടായി. ഇതോടെ തരൂര്‍ കോണ്‍ഗ്രസിന് അനഭിമതനായി. അടിയന്തരാവസ്ഥയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും ചോദ്യം ചെയ്തു. ഈ സാഹചര്യത്തില്‍ തരൂരിനെതിരെ കടുത്ത നടപടി എടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നു. എന്നാല്‍ നടപടി വേണ്ടെന്ന തീരുമാനമാണ് തല്‍കാലത്തേക്ക് കോണ്‍ഗ്രസ് എടുത്തത്.

അതിനിടെ ഉപരാഷ്ട്രപതിയാകുമെന്ന ചര്‍ച്ചകളെ തരൂര്‍ തള്ളുകയാണ്. ഉപരാഷ്ട്രപതിയാകാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'അയ്യോ..'എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി ശശി തരൂര്‍. യുഎന്‍ സെക്രട്ടറിജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി -'ഈ സ്ഥാനത്തേക്ക് ഒരു ഏഷ്യാക്കാരന് ഊഴംവരുന്നതുതന്നെ 2040-ലാണ്. അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ക്കുപോലും പ്രസക്തിയില്ല.' അടുത്ത ജന്മത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അടൂരിന് പുരസ്‌കാരം നല്‍കിയ ചടങ്ങിന് ശേഷമായിരുന്നു ഈ പ്രതികരണം. തരൂരിന്റെ പൊക്ക കൂടുതലാണ് പലര്‍ക്കും പ്രശ്‌നമെന്ന് അടൂര്‍ പ്രതികരിച്ചിരുന്നു.

ഇതിനിടെ ശശി തരൂരിന് വേദിയൊരുക്കി ക്രൈസ്തവ സഭകളും ചില സന്ദേശം കോണ്‍ഗ്രസിന് നല്‍കിയിരുന്നു. തരൂര്‍ ഏതെങ്കിലും പ്രധാന സ്ഥാനത്തേക്ക് വരേണ്ട ആളാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. പുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്രഗല്‍ഭനായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ശശി തരൂര്‍ ആണ് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യ പ്രഭാഷകന്‍.