കൊച്ചി: അന്യായമായ കുറ്റങ്ങള്‍ അരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറയുമ്പോഴും അനിശ്ചിതത്വം തുടരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയാണ്. കന്യാസ്ത്രീകള്‍ തെറ്റു ചെയ്തുവെന്ന നിലപാടിലാണ് അദ്ദേഹം. ഇതിനിടെയാണ് ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. സര്‍ക്കാരുമായി സമവായമുണ്ടാക്കി ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. ബിജെപി പ്രതിനിധി സംഘം കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന വിലയിരുത്തല്‍ സഭാ നേതൃത്വത്തിനുണ്ട്. അതിനിടെ സഭയും സമൂഹവും കന്യാസ്ത്രീമാരുടെ നീതിക്കായി നിലകൊള്ളുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതിയുടെ അങ്കമാലി എളവൂരിലെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷമായിരുന്നു പ്രതികരണം.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കന്യാസ്ത്രീ കേസുമായി ബന്ധപ്പെട്ട പെണ്‍കുട്ടികള്‍ നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലാണുള്ളത്. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു. ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു. അതിനിടെ പെണ്‍കുട്ടികളുടെ മൊഴി മാറ്റാനും സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് സഭയുടെ പ്രതീക്ഷ. മനുഷ്യക്കടത്ത് ആരോപിച്ച് ദുര്‍ഗില്‍ അറസ്റ്റു ചെയ്ത 2 മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്.

മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനും എതിരെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മതപരിവര്‍ത്തനത്തിന് എതിരെ ആദ്യത്തെ എഫ്‌ഐആറില്‍ ഉണ്ടായിരുന്ന വകുപ്പ് പിന്നീട് ഒഴിവാക്കിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച് പൊലീസിന്റെ വിശദീകരണം ലഭ്യമായിട്ടില്ല. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാന്‍ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. ബസ്തര്‍ മേഖലയിലെ നാരായണ്‍പുരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെ ഒരു യുവാവ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് രണ്ട് കന്യാസ്ത്രീകള്‍ക്കു കൈമാറിയെന്നാണ് പരാതിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇത്. ലോക്‌സഭയിലും പ്രതിപക്ഷം വിഷയം ചര്‍ച്ചയാക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുമായി നേരിട്ട് സഭാ നേതൃത്വം വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് സൂചന.

മിഷണറിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ജാതിമത ഭേദമന്യേയാണ് മിഷണറിമാര്‍ ജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുന്നതെന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവത്തെപ്രതിയും സമൂഹത്തിനായുമാണ് അവരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍. തെറ്റായ വാദങ്ങളും ആരോപണങ്ങളും നിരത്തി ഭാരതത്തിലെ മഹത്തായ മിഷന്‍ ചൈതന്യത്തെ തളര്‍ത്താനാവില്ല. രാജ്യത്തെ മതേതര, ഭരണഘടനാ അവകാശങ്ങളെ ഹനിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി പ്രതിരോധിക്കണം. വര്‍ഗീയതയുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാരുകളും അധികാരികളും കൂട്ടുനില്‍ക്കുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. ഭാരതത്തിന്റെ മതേതര മനസിനെ കളങ്കപ്പെടുത്തുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ പൊതുസമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കു നീതി ലഭ്യമാക്കാന്‍ സഭ സാധ്യമായതെല്ലാം ചെയ്യുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.