- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ കുടുംബം; വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറിഞ്ഞത് മകന്റെ പാസ്‌പോര്‍ട്ട് കാലഹരണപെട്ട കാര്യം; കുട്ടിയെ ഉപേക്ഷിച്ച് അച്ഛനും അമ്മയും; ബാഴ്സലോണയിലേത് മകനോടുള്ള ക്രൂരതയാകുമ്പോള്‍
പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ മാതാപിതാക്കള്‍ പത്തു വയസ്സുള്ള മകനെ ബാഴ്‌സലോണ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച സംഭവം വിവാദമാകുന്നു. അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം വിമാനത്താവളത്തില്‍ എത്തിയത്. പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടതായി മനസ്സിലാക്കിയ ദമ്പതികള്‍ മകനെ ഉപേക്ഷിച്ചതായി ടെര്‍മിനലിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ബാഴ്‌സലോണയിലെ എല്‍ പ്രാറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. തങ്ങള്‍ക്ക് വിമാനം നഷ്ടപ്പെടാതിരിക്കാനാണ് അവര്‍ ഈ കടുംകൈ ചെയ്തത്. കുട്ടിയെ കൂട്ടിക്കൊണ്ട് പോകാന്‍ ഒരു ബന്ധുവിനെ മാതാപിതാക്കള്‍ ഏര്‍പ്പാടാക്കിയതായി പറയപ്പെടുന്നു. വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക് കോര്‍ഡിനേറ്ററാണ് ഇക്കാര്യങ്ങള്‍ ഒരു ടിക്ടോക്ക് വീഡിയോയിലൂടെ പുറത്തു വിട്ടത്. അവര്‍ കുട്ടിയുടെ മാതാപിതാക്കളെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. തുടര്‍ന്നാണ് സംഭവത്തില്‍ വലിയ തോതിലുള്ള ജനശ്രദ്ധ ലഭിച്ചത്.
മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. കുട്ടിയുടെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാലും വിസ ആവശ്യമായതിനാലുമാണ് വിമാനയാത്ര വിലക്കിയത്. എന്നാല്‍ വിമാനത്താവള ജീവനക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അങ്ങനെഅവധിക്കാലം ആഘോഷിക്കാനുള്ള ദമ്പതികളുടെ പദ്ധതി പരാജയപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി. തന്റെ മാതാപിതാക്കള്‍ സ്വന്തം നാട്ടിലേക്ക് പോകാനും അവധിക്കാലം ആഘോഷിക്കാനുമായി വിമാനത്തില്‍ കയറിയതായി കുട്ടി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ന്ന് ദമ്പതികളെ കണ്ടെത്തി അവരുടെ മകന്‍ ഉണ്ടായിരുന്ന വിമാനത്താവളത്തിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തോ എന്ന കാര്യം വ്യക്തമല്ല. സംഭവം തീര്‍ത്തും അവിശ്വസനീയമാണെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പറയുന്നത്. അച്ഛനും അമ്മയ്ക്കും ഇത് എങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്നും ഒരമ്മ എന്ന നിലയില്‍ തനിക്ക് ഇക്കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല എന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.
അതേ സമയം കുട്ടിയുടെ അച്ഛനമ്മമാരുടെ വിശദാംശങ്ങള്‍ അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. 2023 ല്‍ ഇസ്രായേലിലെ ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തിലെ ചെക്ക്-ഇന്‍ ഡെസ്‌കില്‍ ഒരു ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം വിവാദമായിരുന്നു.