വിമാനയാത്രയ്ക്കിടയില്‍ നിലവിളിച്ച് കരയുന്ന കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് ശല്യമായി തോന്നാറുണ്ടോ ? എങ്കില്‍, അത്തരത്തിലുള്ളവരുടെ അടുത്ത് ഇരിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ച് വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ. ഒഴിവുകാല യാത്രയിലും മറ്റും, ആളുകള്‍ അധിക തുക ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ചീപ്പ് ഡീല്‍സ് എവേ എന്ന കമ്പനിയുടെ കോ- ഡയറക്ടര്‍ ആയ ഡോണ്‍ മോര്‍വുഡ് പറയുന്നത്, ആളുകള്‍ക്ക്, അവരുടെ സീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ കരുതുന്നതിലും കൂടുതല്‍ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്നാണ്.

ശാന്തമായ ഒരു യാത്ര കൊതിക്കുന്നവര്‍ക്ക്, തൊട്ടടുത്ത സീറ്റിലിരുന്ന് മണിക്കൂറുകളോളം നിര്‍ത്താതെ കരയുന്ന കുട്ടികളുടെ കരച്ചില്‍ പലപ്പോഴും ശല്യമാകാറുണ്ട് എന്ന് അവര്‍ പറയുന്നു. ഇത് പലപ്പോഴും, ക്ഷീണിതരായ യാത്രക്കാരെ വിശ്രമിക്കാന്‍ അനുവദിക്കില്ല. മാത്രമല്ല, പലപ്പോഴും, തിരക്കേറിയ ദിവസങ്ങള്‍ക്കിടയിലെ യാത്രകള്‍ വിശ്രമവേളകളാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയൊരു പരീക്ഷണവുമാകും. ഇവിടെ, നേരായ മാര്‍ഗ്ഗത്തില്‍ കൂടി തന്നെ വിമാനത്തിനകത്തെ, ഏറെ ബഹളങ്ങള്‍ ഇല്ലാത്ത ശാന്തമായ ഒരു സീറ്റ് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഇവര്‍ പറയുന്നു.

അതില്‍ ആദ്യത്തേക്ക് ബള്‍ക്ക്‌ഹെഡ് സീറ്റുകള്‍ ഒഴിവാക്കുക എന്നതാണ്. സാധാരണയായി മുന്‍നിരയിലുള്ള ഈ സീറ്റുകളിലായിരിക്കും കുട്ടികള്‍ക്കുള്ള കിടക്കകള്‍ വയ്ക്കുക., അതുകൊണ്ടു തന്നെ കുട്ടികളുമൊത്ത് യാത്രചെയ്യുന്ന കുടുംബങ്ങള്‍ ഏറ്റവുമധികം താത്പര്യപ്പെടുന്നത് ഈ സീറ്റുകളിലായിരിക്കും. ഒട്ടുമിക്ക വിമാനക്കമ്പനികളും ബുക്കിംഗ് സമയത്ത് തന്നെ വിശദമായ സീറ്റ് മാപ്പുകള്‍ കാണിക്കും. ഇത് സസൂക്ഷ്മം പരിശോധിച്ചാല്‍, പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള സീറ്റുകള്‍ എതെന്ന് കണ്ടെത്താന്‍ വലിയൊരു പരിധി വരെ കഴിഞ്ഞേക്കും.

സീറ്റുകള്‍ക്ക് അടുത്തായി, ബേബി ഐക്കണുകളോ, ബേസിനെറ്റ് ചിഹ്നങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍, അവ നിങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പായി കണക്കാക്കുക. അവയില്‍ നിന്നും അകലെയുള്ള സീറ്റ് ബുക്ക് ചെയ്യുക. വിമാനത്തില്‍ പെട്ടെന്ന് കയറുന്നതിനും ഇറങ്ങുന്നതിനുമായി സാധാരണയായി യാത്രക്കാര്‍ മുന്‍നിര സീറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുക. കുടുംബമായി യാത്ര ചെയ്യുന്നവര്‍ സാധാരണയായി മുന്‍ നിര സീറ്റുകളായിരിക്കും താത്പര്യപ്പെടുക. ശുചിമുറിയുടെ സാമീപ്യമാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ പിറകോട്ട് മാറിയുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കുക.

വിമാനയാത്രയുടെ സമയവും ഇക്കാര്യത്തില്‍ പ്രാധാന്യമുള്ളതാണ്. രാത്രി ഏറെ വൈകിയുള്ളതോ, അല്ലെങ്കില്‍ അതിരാവിലെയുള്ളതോ ആയ വിമാനയാത്രകളില്‍ സാധാരണ കുട്ടികളുമായി എത്തുന്നവര്‍ ഉണ്ടാകാറില്ല. ഇതും നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്.