- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയാരാ.. എന്നോട് മൊബൈല്‍ ഓഫ് ചെയ്യാന്‍ പറയാനെന്ന് യാത്രക്കാരി; തര്‍ക്കം മൂത്തതോടെ എയര്‍ഹോസ്റ്റസിന്റെ കരണത്തടിച്ച് യുവതി; നൈജീരിയയിലെ ലാഗോസില്‍ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; അക്രമകാരിയെ പുറത്താക്കി വിമാന ജീവനക്കാര്‍
യാത്രക്കാരി എയര്‍ ഹോസ്റ്റസിനെ മര്‍ദ്ദിച്ചു
ലാഗോസ്: മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്യാന്‍ വിസമ്മതിച്ചതിന് യാത്രക്കാരി എയര്‍ ഹോസ്റ്റസിന്റെ കരണത്തടിച്ചു. നൈജീരിയയിലെ ലാഗോസില്‍ നിന്ന് 400 മൈല്‍ അകലെ ഉയോയിലേക്കുളള ആഭ്യന്തര വിമാനത്തിലാണ് യാത്രക്കാരിയുടെ അതിക്രമം.
ഇബോം എയര്‍ വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാരിയുടെ അതിക്രമത്തെ തുടര്‍ന്ന് പൈലറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തിരികെ ടെര്‍മിനലിലേക്ക് കൊണ്ടുപോവുകയും ഇവരെ പുറത്താക്കുകയും ചെയ്തു.
വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് ജീവനക്കാര്‍ യുവതിയോട് മൊബൈല്‍ ഫോണ്‍ പൂര്‍ണ്ണമായും ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ വെക്കാമെന്ന് വാദിച്ച് യാത്രക്കാരി ഇത് നിരസിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം ബഹളത്തില്‍ കലാശിച്ചതോടെ, യാത്ര തുടരാന്‍ പൈലറ്റ് വിസമ്മതിക്കുകയും വിമാനം ലാഗോസിലെ മുര്‍ത്താല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു.
വിമാനത്തില്‍ നിന്ന് പുറത്താക്കുന്നതിനായി ജീവനക്കാര്‍ യുവതിയെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് മുന്‍വശത്തെ വാതിലിനടുത്തേക്ക് കൊണ്ടുവന്നു. ഇതിനിടെയാണ് ഇവര്‍ പ്രകോപിതയായി എയര്‍ ഹോസ്റ്റസിന്റെ മുഖത്തടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'അവര്‍ എന്നെ അടിക്കുന്നു' എന്ന് എയര്‍ ഹോസ്റ്റസ് ശാന്തമായി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ടേക്ക് ഓഫ്, ലാന്‍ഡിംഗ് തുടങ്ങിയ നിര്‍ണായക ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്റെ ആശയവിനിമയ, നാവിഗേഷന്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാലാണ് കര്‍ശന നിര്‍ദ്ദേശം നല്‍കാറുള്ളത്. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള പൈലറ്റുമാരുടെ ആശയവിനിമയം തടസ്സമില്ലാതെ നടക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇത് അനിവാര്യമാണ്.
വിമാനയാത്രാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റം യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കുന്നതിനും അധികൃതര്‍ കസ്റ്റഡിയിലെടുക്കുന്നതിനും കാരണമായി. വിമാനജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ സംഭവം.