ലണ്ടന്‍: പില്‍ക്കാല സംഗീത ലോകത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ, മെറില്‍ സ്ട്രീപ്, ജൂലീ വാള്‍ട്ടേഴ്സ്, പിയേഴ്സ് ബ്രോസ്‌നാന്‍, കോളിന്‍ ഫിര്‍ത്ത് എനീ താരങ്ങളെ അണിനിരത്തി അബ്ബ യുടെ മാമ്മ മിയ ചിത്രീകരിച്ച ഇടം എന്നതിനപ്പുറം ഗ്രീസ്, നോര്‍ത്തേണ്‍ സ്‌പൊറേഡ്‌സ് ദ്വീപ് സമൂഹത്തിലെ സ്‌കോപിലോസിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ചെലവു കുറഞ്ഞ ഒഴിവുദിന യാത്രകള്‍ക്ക് ഉചിതമായ ഒരു ഇടം കൂടിയാണിത്. തൊട്ടടുത്ത ദ്വീപായ സ്‌കിയാതോസിലേക്ക് ബ്രി്ട്ടണിലെ ഗാറ്റ്വിക്കില്‍ നിന്നും ഈസിജെറ്റില്‍ വെറും 75 പൗണ്ടിന്(7500 ഓളം രൂപ) പോയിവരാന്‍ കഴിയും. അവിടെ നിന്നും വെറും 14 പൗണ്ട്(1400 രൂപയോളം) മുടക്കി, 15 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയില്‍ ഈ അതിമനോഹരമായ ദ്വീപിലെത്താന്‍ കഴിയും.

അയ്യായിരത്തോളം മാത്രം ജനങ്ങള്‍ വസിക്കുന്ന ഈ ദ്വീപില്‍ ഇന്നും ജീവിതത്തിന് തിരക്കേറിയിട്ടില്ല. ശാന്തമായ ജീവിതം, ആവോളം സമയമെടുത്ത് ആസ്വദിക്കാം. പൈന്‍ മരങ്ങളും ഒലീവ് മരങ്ങളും തഴച്ചു വളരുന്ന സ്‌കോപിലോസിന്റെ ഭൂപ്രകൃതി ഈ അതിമനോഹര ഇടത്തിന് ഹരിത ദ്വീപ് എന്നൊരു പേര് കൂടി നല്‍കിയിട്ടുണ്ട്. പൈനിന്റെയും കര്‍പ്പൂരത്തുളസിയുടെയും ഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന ചീവിടുകളുടെ ചൂളം വിളികള്‍ തികച്ചും വ്യത്യസ്തമായൊരു ലോകത്തേക്കായിരിക്കും നിങ്ങളെ കൊണ്ടുപോവുക.

വെള്ളപൂശിയ കെട്ടിടങ്ങള്‍, കടല്‍ത്തീരത്ത് സമയം പോക്കാനെത്തുന്ന തദ്ദേശീയരായ കുടുംബങ്ങള്‍, വഴിയരുകിലെ പഴക്കച്ചവടക്കാര്‍, കുറേ പഴയ ട്രക്കുകള്‍, പിന്നെ കുറച്ച് നല്ല ഹോട്ടലുകള്‍... ഇതൊക്കെയാണ് അവിടെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുക. ബുക്കിംഗ് ഡോട്ട് കോമില്‍ 10 ല്‍ 9.3 റേറ്റിംഗ് ലഭിച്ച സ്‌കോപിലോസ് പൈന്‍ കാടുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ് താനും. ഏജിയോണ്‍ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍, അങ്ങകലെ കടലിലെ ഇരമ്പിയെത്തുന്ന തിരമാലകളും കാണാം.

ഒരു കുടുംബ സ്ഥാപനമായ ഇവിടെ, വിനോദ സഞ്ചാരികളെ തുറമുഖത്ത് നിന്ന് ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള സംവിധാനമുണ്ട്. ഒരു രാത്രിക്ക് 29 പൗണ്ട് (3000 രൂപ) മുതല്‍ വാടകയ്ക്ക് ഇവിടെ മുറികള്‍ ലഭ്യമാണ്. പൊതുവെ സ്‌കോപിലസില്‍ ഹോട്ടലുകള്‍ക്ക് വാടക കുറവാണ്. സീസണിന്റെ പാരമ്യ ഘട്ടത്തില്‍ പോലും ഒരു രാത്രിക്ക് 40 പൗണ്ട് (4000 രൂപ) വരെ മാത്രം വില ഉയരുകയുള്ളു. സ്വിമ്മിംഗ് പൂളും മറ്റ് ത്രീ സ്റ്റാര്‍ സൗകര്യങ്ങളും ഉള്ള ഹോട്ടലാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ 58 പൗണ്ട് (5800 രൂപ)വരെ നല്‍കി എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.

മെയ് മാസം മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടത്തെ ടൂറിസ്റ്റ് സീസണ്‍. മമ്മാ മിയയെ കൂടാതെ തന്നെ നിരവധി ചിത്രീകരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണിത്. ഡസ് യുവര്‍ മദര്‍, ലേ ഓള്‍ യുവര്‍ ലവ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് വേദിയായ കസ്റ്റാനി ബീച്ചില്‍ നിന്നു തന്നെ ഒഴിവുകാല യാത്ര ആരംഭിക്കാം. ഇടവിട്ട് ബസ്സുകളുള്ള ദ്വീപില്‍ എവിടെ എത്താനും എളുപ്പമാണ്. ടിക്കറ്റ് നിരക്കും വളരെ കുറവാണ്.

കാസ്ട്രിയിലെ അജിയോസ് ലൊവാന്നിസ് ചാപ്പലാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. പാറയില്‍ കൊത്തിവെച്ച് 200 പടികള്‍ കയറിവേണം അവിടെയെത്താന്‍. നാട്ടിടവഴികളിലൂടെ ബൈക്കോടിച്ച് ഇവിടെയെത്താം. പരുക്കന്‍ റോഡുകളില്‍ വാഹനമോടിക്കുന്നതിന് ഭയമുള്ളവര്‍ക്ക് ബോട്ട് വഴിയും ഇവിടെ എത്തിച്ചേരാവുന്നതാണ്. ദ്വീപിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരു ആഡംബര നൗകയിലുള്ള യാത്രയുമാകാം. വഴിയില്‍, കേവലം 30 പേര്‍ മാത്രം താമസിക്കുന്ന പെരിസ്റ്റെറ ദ്വീപും സന്ദര്‍ശിക്കാം.

ദ്വീപില്‍ 360 ല്‍ അധികം പള്ളികളും ചാപ്പലുകളുമുണ്ട്. അതിനു പുറമെയാണ് തുറമുഖത്തിന് സമീപത്തുള്ള വെനേഷ്യന്‍ കോട്ടയുടെ അവശിഷ്ടങ്ങളും. എല്ലായിടത്തും പ്രവേശനം സൗജന്യമാണ്. പഴയ സ്‌കോപിലോസ് പട്ടണത്തില്‍ സ്വാദേറിയ തനത് വിഭവങ്ങള്‍ വിളമ്പുന്ന ഇന്റര്‍നാഷണല്‍ കഫേ, അക്ഷെയന്‍ ടവേര്‍ന, എന്‍ പ്ലോ കഫേ തുടങ്ങി നിരവധി ഇടങ്ങളുമുണ്ട്.