ജെഡ്ബര്‍ഗ്: 'ആഫ്രിക്കന്‍ രാജാവും രാജ്ഞിയും' എന്ന് സ്വയം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലന്‍ഡിലെ വനമേഖലയ്ക്ക് അവകാശവാദമുന്നയിച്ച് ദമ്പതിമാര്‍. 400 വര്‍ഷം മുന്‍പ് നടന്ന 'അനീതിക്ക്' പ്രതികാരം ചെയ്യാനാണ് തങ്ങളുടെ വരവെന്നാണ് ഇവരുടെ വാദം. ഘാനയില്‍ നിന്നുള്ള 36-കാരനായ കോഫി ഒഫെയും സിംബാബ്വെയില്‍ നിന്നുള്ള 42-കാരി ജീന്‍ ഗാഷോയുമാണ് 'കുബാല രാജ്യത്തിന്റെ രാജാവ്' എന്നും 'രാജ്ഞി' എന്നും സ്വയം വിശേഷിപ്പിച്ച് ജെഡ്ബര്‍ഗ് വനത്തില്‍ കൂടാരം കെട്ടി താമസിക്കുന്നത്.

'കിംഗ് അതെഹെഹെ', 'ക്വീന്‍ നന്ദി' എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരോടൊപ്പം ടെക്‌സാസില്‍ നിന്നുള്ള അമേരിക്കക്കാരി കൗറ ടൈലറും, 'അസ്‌നാത്' അഥവാ 'ലേഡി സഫി' എന്ന പേരില്‍, കഴിയുന്നുണ്ട്. ബ്രിട്ടനിലെ നിയമങ്ങള്‍ തള്ളിക്കളഞ്ഞ് തങ്ങളുടെ ദൈവമായ യാഹോവയുടെ നിയമങ്ങള്‍ മാത്രമാണ് പാലിക്കുന്നതെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 1596-ല്‍ എലിസബത്ത് രാജ്ഞി 'കറുത്ത ജേക്കബൈറ്റുകളെ' ഇംഗ്ലണ്ടില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടപ്പോള്‍ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുകയാണെന്നാണ് ഈ സംഘം വാദിക്കുന്നത്. ഒഫെ, സ്വയം 'മിശിഹായുടെ' പിന്‍ഗാമി ആണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

നേരത്തെ സ്‌കോട്ടിഷ് ബോര്‍ഡേഴ്‌സ് കൗണ്‍സിലിന്റെ ഭൂമിയില്‍ താവളമുറപ്പിച്ച ഇവര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. അതിനുശേഷമാണ് റോക്‌സ്ബര്‍ഗ്‌ഷെയറിലെ വനമേഖലയില്‍ കൂടാരങ്ങള്‍ കെട്ടി താമസിക്കാന്‍ തുടങ്ങിയത്. സ്റ്റോക്ടണ്‍-ഓണ്‍-ടീസ്, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങളിലും ഇവര്‍ മുമ്പ് താമസിച്ചിട്ടുണ്ട്. തങ്ങളെ നാട്ടുകാര്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും കൂടാരങ്ങള്‍ക്ക് തീയിടുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. 'രാജ്യം' സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഈ ദമ്പതിമാരുടെ അവകാശവാദങ്ങള്‍ ഏറെ വിചിത്രമാണ്. ഒഫെ ഒരു മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ഇവരുടെ ഓണ്‍ലൈന്‍ ബ്ലോഗില്‍ പറയുന്നുണ്ട്. ആഫ്രിക്കന്‍ രാജവംശമെന്ന് അവകാശപ്പെട്ട്, അതിഗംഭീരമായ ഒരു സാമ്രാജ്യത്തിന്റെ കഥകള്‍ മെനയുന്ന ഈ കൂട്ടരുടെ ജീവിതം, സ്‌കോട്ട്‌ലന്‍ഡിലെ വനത്തിനുള്ളിലെ താല്‍ക്കാലിക കൂടാരങ്ങളിലാണ്. അവകാശവാദങ്ങളും നിലവിലെ ദയനീയ സാഹചര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഞെട്ടിപ്പിക്കുന്നതാണ്.

മൂന്ന് മാസം മുന്‍പ് കാണാതായ ടെക്‌സസ് സ്വദേശിയായ കൗറ ടെയ്ലറും ഇവര്‍ക്കൊപ്പമുണ്ട്. 21)കാരിയായ യുവതിയെയാണ് സ്‌കോട്ട്‌ലന്‍ഡിലെ ഉള്‍ക്കാടുകളില്‍ സ്വയം പ്രഖ്യാപിത ആദിമ ഗോത്രത്തിന്റെ 'രാജാവിന്റെ' രണ്ടാം ഭാര്യയായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു വയസ്സുകാരിയായ സ്വന്തം മകള്‍ക്കൊപ്പമാണ് കൗറ ദുരൂഹമായ ജീവിതം നയിക്കുന്നത്. കൗറ ടെയ്ലര്‍, ഒരു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകളോടൊപ്പം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ടെക്‌സസില്‍ നിന്ന് അപ്രത്യക്ഷയായത്. കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കൗറ 'കിംഗ്ഡം ഓഫ് കുബാല' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ 'ഗോത്രം' തേടി സ്‌കോട്ട്‌ലന്‍ഡിലെത്തിച്ചേര്‍ന്നത്. പുരാതന ഹീബ്രു ഗോത്രങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ സംഘം അവകാശപ്പെടുന്നത്.ഏഴ് കുട്ടികളുടെ അമ്മയാണ് നാന്‍ഡി. കൗറ, നാന്‍ഡിയുടെ 'സഹായിയായി' പ്രവര്‍ത്തിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവരുടെ പ്രാകൃതമായ ജീവിതശൈലി കാരണം ക്വീന്‍ നാന്‍ഡിക്കെതിരെ കുട്ടികളെ ദുരുപയോഗം ചെയ്തതിന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും കാണാതായിട്ടില്ലെന്നും, താന്‍ തന്റെ 'രാജാവിനും രാജ്ഞിക്കുമൊപ്പം' കാട്ടില്‍ സന്തോഷവതിയാണെന്നും കൗറ ബുധനാഴ്ച തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. ആശങ്കയിലാണ് കൗറയുടെ കുടുംബം. 'ഇത് വളരെ വിഷമകരവും കഠിനവുമാണ്. ഞങ്ങളുടെ ഹൃദയം തകരുന്നു. കൗറയെക്കുറിച്ച് ഞങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ട്, പക്ഷേ തന്റെ കാര്യത്തില്‍ ആരും വിഷമിക്കുന്നില്ലെന്നാണ് അവള്‍ കരുതുന്നത്,' കൗറയുടെ അടുത്ത ബന്ധു ടെറി അലന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.