- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാവേലി മന്നന്റെ വരവറിയിച്ച് അത്തം പിറന്നു; ഇത്തവണ അത്തം പതിനൊന്നിന് തിരുവോണം: തൃപ്പൂണിത്തറയില്‍ അത്തച്ചമയ ഘോഷയാത്ര ഇന്ന്
മാവേലി മന്നന്റെ വരവറിയിച്ച് അത്തം പിറന്നു; ഇത്തവണ അത്തം പതിനൊന്നിന് തിരുവോണം
തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് മലയാളികള്‍ക്ക് പൊന്നത്തം. മുറ്റത്ത് പൂക്കളമിട്ടും ഊഞ്ഞാലുകള്‍ കെട്ടിയും കുരുന്നുകള്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലിനുപകരം ഇക്കുറി പതിനൊന്നിനാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരുവോണം. എല്ലായിടത്തും പൂക്കളമൊരുക്കാനും ഓണത്തെ വരവേല്‍ക്കാനുമുള്ള തിരക്കാണ്. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ലനാളുകളുടെ ഓര്‍മകളാണ് പൊന്നിന്‍ ചിങ്ങം സമ്മാനിക്കുന്നത്.
ചരിത്രപ്രസിദ്ധമായ അത്തച്ചമയ ആഘോഷങ്ങള്‍ ഇന്ന് തൃപ്പൂണിത്തുറയില്‍ നടക്കും. ഓണത്തിന്റെ ഐതിഹ്യം തുടിക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന് നാളെ കൊടിയേറും. സപ്തംബര്‍ അഞ്ചിന് തിരുവോണത്തിന് ആറാട്ടോടെ സമാപിക്കും. ഓണത്തിരക്ക് ഗ്രാമ-നഗരങ്ങളില്‍ ഒരേപോലെ ദൃശ്യമാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഓണച്ചരക്കുകളുമായി ലോറികള്‍ എത്തിത്തുടങ്ങി. കച്ചവടകേന്ദ്രങ്ങളില്‍ തിരക്കുകൂടി. മാസാന്ത്യത്തില്‍ വേതനവും ബോണസും ലഭിക്കുന്നതോടെ വിപണി വീണ്ടും സജീവമാകും. ക്ലബ്ബുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പൂക്കളങ്ങളൊരുങ്ങും. ബെംഗളൂരു, മധുര, തോവാള, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്.
അത്തം പത്തിനു പൊന്നോണം എന്നാണ് ചൊല്ല്. എന്നാല്‍ 11 ദിവസം പൂക്കളമിടേണ്ടി വരുന്നതില്‍ പലരും ആശയക്കുഴപ്പത്തിലാണ്. അത്തം തൊട്ടെണ്ണിയാല്‍ പത്താമത്തെ നക്ഷത്രമായി വരുന്നത് തിരുവോണമാണ്. എന്നാല്‍ നക്ഷത്രമേഖലകളിലൂടെയുള്ള ചന്ദ്രസഞ്ചാരത്തിന്റെ ദൈര്‍ഘ്യം എല്ലാവര്‍ഷവും ഒരേ പോലെയായിരിക്കില്ല. അതിനാല്‍ നക്ഷത്രങ്ങള്‍ക്ക് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യമായ 60 നാഴികയില്‍ കൂടുതലോ കുറവോ വരാം. ഇന്ന് അത്തം 59 നാഴിക 30 വിനാഴികയ്ക്കുണ്ട്.(23 മണിക്കൂര്‍ 48 മിനുട്ട്). അതിനുശേഷം ചിത്തിര തുടങ്ങും. ഇന്ന് രാത്രി തീര്‍ന്നു നാളെ പുലരുന്ന 30 വിനാഴിക ചിത്തിരയുണ്ട്(12 മിനുട്ട്). നാളെ മുഴുവന്‍ ചിത്തിരയാണ്. മറ്റന്നാള്‍ ഉദയാല്‍പ്പരം ആറു നാഴിക 9 വിനാഴിക കൂടി ചിത്തിരയായിരിക്കും. അതായത് ചിത്തര നക്ഷത്രത്തിന്റെ ആകെ ദൈര്‍ഘ്യം 66 നാഴിക 39 വിനാഴിക(ഒരു ദിവസവും രണ്ടു മണിക്കൂറും 40 മിനുട്ടും).
മറ്റു നക്ഷത്രങ്ങള്‍ക്കും ഇക്കുറി ദൈര്‍ഘ്യം ഏറെയുണ്ട്. ഇതേപോലെ ചോതിക്ക് 67 നാഴിക 17 വിനാഴികയുണ്ട്. വിശാഖം 67 നാഴിക 28 വിനാഴിക വരും. ഇങ്ങനെ പല നക്ഷത്രങ്ങള്‍ക്കും ഒരു ദിവസത്തിലേറെ ദൈര്‍ഘ്യം വരുന്നതിനാലാണ് അത്തച്ചമയം തുടങ്ങി തിരുവോണം പതിനൊന്നാം ദിവസമാകുന്നത്.
ഇതേപോലെ ചിലപ്പോള്‍ നക്ഷത്രദൈര്‍ഘ്യം കുറഞ്ഞും വരാം. അങ്ങനെ വരുന്ന വര്‍ഷങ്ങളില്‍ അത്തം തുടങ്ങി ഒമ്പതാം നാളില്‍ തുരുവോണം വരും. നവരാത്രി സംബന്ധിച്ചും ഇതുപോലെയുള്ള മാറ്റം വരാം. നവമി ചിലപ്പോള്‍ ഒരു ദിവസം കഴിഞ്ഞു പിറ്റേന്നത്തേക്കും നീളാം. അങ്ങനെ വരുമ്പോള്‍ ഒന്‍പതു രാത്രിയില്‍ തീരേണ്ട നവരാത്രി ആഘോഷം പത്തു രാത്രികളിലേക്കു നീളാമെന്നും ഡോ. ബാലകൃഷ്ണവാര്യര്‍ പറഞ്ഞു.